ദോഹ: കഴിഞ്ഞ മാസങ്ങളിൽ രാജ്യത്ത് നിരത്തിലിറങ്ങിയ പുതുവാഹനങ്ങളുടെ എണ്ണത്തിൽ ഗണ്യമായ വർധനയെന്ന് പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ റിപ്പോർട്ട്. 2023 മേയ് മാസത്തിൽ ആകെ 8172 പുതിയ വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തത്. പി.എസ്.എ പുറത്തുവിട്ട കണക്കുകൾപ്രകാരം മുൻ മാസത്തെ കണക്കുകളുമായി താരതമ്യംചെയ്യുമ്പോൾ 20.5 ശതമാനം വർധനയും വാർഷിക കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 25.7 ശതമാനം വർധനയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ആകെ രജിസ്റ്റർ ചെയ്ത വാഹനങ്ങളിൽ 71 ശതമാനവും (5868) സ്വകാര്യ വാഹനങ്ങളാണ്. പ്രതിമാസ, വാർഷിക കണക്കുകളുമായി താരതമ്യംചെയ്യുമ്പോൾ യഥാക്രമം 14.3 ശതമാനവും 28.3 ശതമാനവുമാണ് ഇതിൽ വർധന രേഖപ്പെടുത്തിയിരിക്കുന്നത്. മേയ് മാസത്തിൽ 231 പുതിയ സ്വകാര്യ മോട്ടോർ സൈക്കിളുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഏപ്രിൽ മാസത്തിൽ 144 രജിസ്ട്രേഷനായിരുന്നു മോട്ടോർ സൈക്കിൾ ഇനത്തിൽ രേഖപ്പെടുത്തിയിരുന്നത്. ഔദ്യോഗിക കണക്കുകൾപ്രകാരം ആകെ പുതിയ വാഹനങ്ങളിൽ മൂന്നു ശതമാനം മാത്രമാണ് സ്വകാര്യ മോട്ടോർ വാഹനങ്ങൾ.
രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ കൂടുതൽ സജീവമാകുന്നതിന്റെ സൂചനകളാണ് പുതിയ വാഹന രജിസ്ട്രേഷനിലുണ്ടായ വർധന. അതേസമയം, മേയ് മാസത്തിൽ 2,09,394 ഗതാഗത നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തതായി പി.എസ്.എ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. പ്രതിവർഷ കണക്കുകളിൽ 12.1 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ആകെ നിയമലംഘനങ്ങളിൽ 73 ശതമാനവും അമിതവേഗത്തിൽ വാഹനമോടിച്ചതാണ്. സ്റ്റാൻഡ് ആൻഡ് വെയ്റ്റ് നിയമങ്ങളിൽ 17 ശതമാനം ലംഘനങ്ങളാണ് ഗതാഗത വകുപ്പ് രജിസ്റ്റർ ചെയ്തത്. വാഹനങ്ങളുടെ വേഗപരിധി ലംഘനത്തിൽ പ്രതിവർഷ കണക്കുകളിൽ 30.4 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. 3984 സിഗ്നൽ ലംഘനങ്ങളും മേയ് മാസത്തിൽ രേഖപ്പെടുത്തി.
അതോടൊപ്പം, മവാനി ഖത്തർ പുറത്തുവിട്ട കണക്കുകൾപ്രകാരം 2023 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ ഹമദ് തുറമുഖം, റുവൈസ് തുറമുഖം, ദോഹ തുറമുഖം എന്നിവിടങ്ങളിലായി 6,33,029 കണ്ടെയ്നറുകൾ ഹാൻഡിൽ ചെയ്തതായി ചൂണ്ടിക്കാട്ടി. 7,71,883 ടൺ ജനറൽ കാർഗോ, 2,94,694 ടൺ നിർമാണസാമഗ്രികൾ, 40,162 വാഹനങ്ങൾ എന്നിവയും ഇക്കാലയളവിൽ ഖത്തർ തുറമുഖങ്ങളിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.