ദോഹ: അവികസിത, വികസ്വര രാജ്യങ്ങളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും ലോക ശ്രദ്ധയിൽ എത്തിക്കുന്നതിൽ ഇന്ത്യ എപ്പോഴും മുൻനിരയിലാണെന്ന് വിദേശകാര്യ, വിദ്യാഭ്യാസ സഹമന്ത്രി ഡോ. രാജ്കുമാർ രഞ്ജൻ സിങ് പറഞ്ഞു. ഖത്തർ വേദിയാവുന്ന ഐക്യരാഷ്ട്രസഭ അവികസിത രാജ്യങ്ങളുടെ (എൽ.ഡി.സി) സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
സമൂഹവളർച്ചയിൽ ശാസ്ത്ര സാങ്കേതികവിദ്യയുടെ വികാസത്തിന് വലിയ പങ്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ‘ദാരിദ്ര്യം, സാമ്പത്തിക അസമത്വം തുടങ്ങിയ ആഗോളപ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതിനുള്ള പരമ്പരാഗത സങ്കൽപങ്ങളെ ഡിജിറ്റൽ സാങ്കേതികവിദ്യകൾ തിരുത്തിക്കുറിക്കുന്നതായി അദ്ദേഹം പ്രസ്താവിച്ചു.
ശാസ്ത്ര, സാങ്കേതിക വിദ്യയുടെയും വികാസത്തിന്റെയും പ്രസക്തി മന്ത്രി ചർച്ചയിൽ വ്യക്തമാക്കി. ഇന്ത്യയുടെ പൊതു ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ ജനങ്ങളുടെ വികസനത്തിനായി എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നതും അദ്ദേഹം വിശദീകരിച്ചു.
‘സമീപകാലത്ത് ലോകം നേരിട്ട കോവിഡ് വ്യാപനം സങ്കേതിക മേഖലയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതായിരുന്നു. അതോടൊപ്പം, ഡിജിറ്റലൈസേഷൻ സമൂഹത്തിൽ സൃഷ്ടിക്കുന്ന വേർതിരിവും പ്രകടമായി. ഇന്ത്യയുടെ വികസനത്തിലും വളർച്ചയിലും സാങ്കേതിക മേഖലയുടെ അടിസ്ഥാനസൗകര്യങ്ങൾ വലിയ ഘടകമായി മാറി’ -മന്ത്രി പറഞ്ഞു.
കൂടാതെ, ഡിജിറ്റൽ സമ്പദ്വ്യവസ്ഥയുടെ സാധ്യതകൾ തിരിച്ചറിയുന്നതിനും അവസരം പ്രയോജനപ്പെടുത്തുന്നതിനുമായി ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറും സാങ്കേതിക അനുബന്ധ വികസനവും എന്നീ മേഖലയിൽ മുൻഗണന നൽകാൻ ജി20 രാജ്യങ്ങളുടെ ഉച്ചകോടിയിൽ നിർദേശിച്ചതായും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
അവികസിത, വികസ്വര രാജ്യങ്ങളുടെ വിഷയങ്ങൾ അഭിമുഖീകരിക്കുന്നത് ഇന്ത്യയുടെ പ്രഥമ പരിഗണനയാണെന്ന് ബോധ്യപ്പെടുത്തിയ മന്ത്രി, ആഫ്രിക്കൻ രാജ്യങ്ങളിൽ ടെലി വിദ്യാഭ്യാസ പദ്ധതികൾ നൽകുന്നതായും വ്യക്തമാക്കി. ശാസ്ത്ര, സാങ്കേതിക വികസനം ഉൾപ്പെടുന്ന വിവിധ മേഖലകളിൽ ഇന്ത്യയുടെ സഹായവും പരിശീലനവും അദ്ദേഹം വാഗ്ദാനംചെയ്തു.
യു.എൻ സമ്മേളനത്തിൽ പങ്കെടുക്കാനായി രണ്ടു ദിവസത്തെ സന്ദർശനത്തിനായി ദോഹയിലെത്തിയ മന്ത്രി വിവിധ രാജ്യങ്ങളുടെ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ ഉൾപ്പെടെ എംബസി ഉദ്യോഗസ്ഥരും വിദേശകാര്യമന്ത്രാലയം പ്രതിനിധികളും പങ്കെടുത്തു. വിവിധ ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളുടെ വികസനത്തിനും സമാധാന പാലനത്തിനുമുള്ള ഇന്ത്യയുടെ സഹായം തുടരുമെന്ന് അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.