ദോഹ: ആരോഗ്യമേഖലയിലെ സഹകരണവുമായി ബന്ധപ്പെട്ട് ഇന്ത്യയും ഖത്തറും തമ്മിലുള്ള സംയുക്ത കർമസമിതി (ജോയൻറ് വർക്കിങ് ഗ്രൂപ്) പ്രഥമ യോഗം ഒാൺലൈനിൽ ചേർന്നു. ഖത്തർ ആരോഗ്യ മന്ത്രാലയവും കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയവും തമ്മിൽ 2016ൽ ആരോഗ്യ മേഖലയിലെ സഹകരണം ലക്ഷ്യമാക്കി ഒപ്പുവെച്ച ധാരണപത്രം പ്രകാരമാണ് യോഗം നടന്നത്.
ഡിജിറ്റൽ ഹെൽത്ത് ആൻഡ് പാൻഡമിക് മാനേജ്മെൻറ്, ഫാർമസ്യൂട്ടിക്കൽസ് രംഗത്തെ സഹകരണം, മെഡിക്കൽ ഉപകരണങ്ങളും ഡയഗ്നോസ്റ്റിക്സും, മെഡിക്കൽ രംഗത്തെ പരിചയസമ്പന്നരുടെയും വിദഗ്ധരുടെയും കൈമാറ്റം, മെഡിക്കൽ വാല്യൂ ടൂറിസം തുടങ്ങി വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. ഡ്രഗ് റെഗുലേറ്ററി അതോറിറ്റികൾ തമ്മിൽ നിരന്തര ചർച്ചകളുടെ ആവശ്യവും മെഡിക്കൽ ഉപകരണങ്ങൾ സംബന്ധിച്ച നിയന്ത്രണങ്ങളിലെ പരിചയസമ്പത്ത് കൈമാറ്റവും യോഗം ആവശ്യപ്പെട്ടതായി ഖത്തറിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി.
ഇരുരാജ്യങ്ങളിലെയും കോവിഡിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ യോഗത്തിൽ വിശകലനം ചെയ്തു. ഇതുവരെ 136 കോടി വാക്സിൻ ഡോസുകൾ നൽകിയതായും ജനസംഖ്യയുടെ 57 ശതമാനം ആളുകളും വാക്സിൻ സ്വീകരിച്ചതായും ഇന്ത്യ വ്യക്തമാക്കി.
ഇന്ത്യയിലെ ആരോഗ്യ സ്ഥാപനങ്ങൾ സന്ദർശിക്കാൻ ഖത്തർ ആരോഗ്യ മേഖലയിലെ വിദഗ്ധരെ ഇന്ത്യയിലേക്ക് ക്ഷണിക്കുെന്നന്നും ഇന്ത്യ യോഗത്തിൽ അറിയിച്ചു. ഇന്ത്യയിൽ പ്രചാരത്തിലുള്ള പാരമ്പര്യ വൈദ്യശാഖകളായ ആയുർവേദം, ഹോമിയോപ്പതി എന്നിവയിൽ ഖത്തർ താൽപര്യം പ്രകടിപ്പിച്ചതായും ഇരുരാജ്യങ്ങളും സഹകരണം ശക്തമാക്കാനും തീരുമാനിച്ചതായും ഇന്ത്യൻ എംബസി അറിയിച്ചു. അംബാസഡർ ഡോ. ദീപക് മിത്തൽ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.