ദോഹ: മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഖത്തറിലെത്തിയ കേന്ദ്ര വിദേശകാര്യ മന്ത്രി വി. മുരളീധരന് ഇന്ത്യൻ പ്രവാസിസമൂഹത്തിന്‍റെ ഊഷ്മള സ്വീകരണം. ഉച്ചയോടെ ദോഹയിൽ വിമാനമിറങ്ങിയ മന്ത്രിക്ക് വൈകീട്ട് 6.30നാണ് ഇന്ത്യൻ കൾചറൽ സെന്‍റർ നേതൃത്വത്തിൽ അപെക്സ് ബോഡികളുടെയും വിവിധ ഇന്ത്യൻ സംഘടനകളുടെയും നേതൃത്വത്തിൽ വിപുലമായ സ്വീകരണം ഒരുക്കിയത്. ഐ.സി.സി അശോകാഹാളിൽ നടന്ന പരിപാടിയിൽ വൻജനക്കൂട്ടംതന്നെ സാക്ഷിയാവാനെത്തി.
ഖത്തർ ഉൾപ്പെടെയുള്ള വിവിധ ഗൾഫ് രാജ്യങ്ങളിൽ ജോലിചെയ്യുന്ന ഇന്ത്യൻ സമൂഹമാണ് രാജ്യത്തിന്‍റെ യഥാർഥ നയതന്ത്ര പ്രതിനിധികളെന്ന് മന്ത്രി സ്വീകരണ ചടങ്ങിൽ പങ്കെടുത്ത് പറഞ്ഞു. ഖത്തറും ഇന്ത്യയും തമ്മിൽ വിവിധ മേഖലകളിൽ ശക്തമായ സഹകരണമാണ് കഴിഞ്ഞ വർഷങ്ങളായി തുടരുന്നത്. ഊർജ, വ്യാപാര, വിദ്യാഭ്യാസ, കാർഷിക മേഖലകളിൽ ഇടപാടുകളും വർധിച്ചു. ഖത്തറിന്‍റെ ഭക്ഷ്യസുരക്ഷ മേഖലയിൽ ഇന്ത്യയും നിർണായക പങ്കുവഹിക്കുന്നു. കഴിഞ്ഞ രണ്ടു വർഷം കൊണ്ട് ഇന്ത്യയിലെ ഖത്തറിന്‍റെ നിക്ഷേപം അഞ്ചു മടങ്ങായി കൂടി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും തമ്മിലെ വ്യക്തിബന്ധം ഊഷ്മളമാവുകയും ചെയ്തു -സ്വീകരണ ചടങ്ങിൽ പങ്കെടുത്ത് മന്ത്രി വ്യക്തമാക്കി.
'കേരള വാദ്യമേളങ്ങളോടുകൂടി ലഭിച്ച സ്വീകരണം നാട്ടിൽ ലഭിച്ച വരവേൽപായാണ് അനുഭവപ്പെട്ടത്. വിവിധ ലോകരാജ്യങ്ങളിൽ ഇന്ത്യക്കാരുടെ തൊഴിൽസാധ്യതയും പ്രവർത്തനമേഖലയും വിപുലീകരിക്കപ്പെട്ടു. ഉപജീവനമാർഗം തേടി ഗൾഫിലും മറ്റു വിദേശരാജ്യങ്ങളിലും ജോലി ചെയ്യുന്നവർ ഇന്ത്യക്കു മാത്രമല്ല, അതത് രാജ്യങ്ങളുടെ വികസനങ്ങളിലും നിർണായക സാന്നിധ്യമായി മാറുന്നതായും മന്ത്രി പറഞ്ഞു. ഇന്ത്യക്കാർ ഖത്തറിന്‍റെ സാമൂഹിക, സാമ്പത്തിക മേഖലകളിൽ നൽകുന്ന സംഭാവനകളെ ഖത്തർ വിദേശകാര്യ മന്ത്രി നന്ദിപൂർവം സ്മരിക്കുകയും അഭിനന്ദനം അറിയിക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു.
കോവിഡ് വാക്സിനേഷൻ, കോവിഡിനെതിരെ ലോകത്തിന്‍റെ പോരാട്ടത്തിലെ ഇന്ത്യയുടെ സംഭാവന, ഭക്ഷ്യ-സുരക്ഷ മേഖലകളിൽ രാജ്യം കൈവരിച്ച നേട്ടങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങൾ മന്ത്രി വിശദീകരിച്ചു. സ്വീകരണ ചടങ്ങിന്‍റെ ഭാഗമായി അശോക ഹാളിൽ തീർത്ത ഗാന്ധിപ്രതിമ മന്ത്രി അനാച്ഛാദനം ചെയ്തു. വിദേശകാര്യ മന്ത്രാലയം ജോയന്‍റ് സെക്രട്ടറി വിപുൽ, അംബാഡർ ഡോ. ദീപക് മിത്തൽ എന്നിവർ പങ്കെടുത്തു. ഐ.സി.സി പ്രസിഡന്‍റ് പി.എൻ. ബാബുരാജൻ സ്വാഗതം പറഞ്ഞു.
ഐ.സി.ബി.എഫ് പ്രസിഡന്‍റ് വിനോദ് നായർ, ഐ.എസ്.സി പ്രസിഡന്‍റ് ഡോ. മോഹൻ തോമസ് എന്നിവരും പങ്കെടുത്തു. തുടർന്ന് വിവിധ ഇന്ത്യൻ കൂട്ടായ്മകൾ മന്ത്രിക്ക് ഉപഹാരം നൽകി. കലാപരിപാടികളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.