ദോഹ: ഖത്തറിന്റെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയാണ് ഇന്ത്യയെന്നും ഖത്തർ വിപണിയിലെ 20,000ത്തിലധികം പദ്ധതികൾക്കും കമ്പനികൾക്ക് ഇന്ത്യൻ നിക്ഷേപകർ പിന്തുണ നൽകുന്നതായും വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ വിദേശ വ്യാപാരകാര്യ സഹമന്ത്രി ഡോ. അഹ്മദ് ബിൻ മുഹമ്മദ് അൽ സെയ്ദ് പറഞ്ഞു. ന്യൂഡൽഹി നടന്ന പങ്കാളിത്ത ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
2020 മുതൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 55 ശതമാനം കൈവരിച്ച് 2023ൽ 14 ബില്യൺ ഡോളറിലെത്തി. ശ്രദ്ധേയമായ വളർച്ചയാണ് കൈവരിച്ചിരിക്കുന്നത് -അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായുള്ള വ്യാപാര, നിക്ഷേപ സഹകരണം വർധിപ്പിക്കുന്നതിനും രാജ്യത്തെ നിക്ഷേപ അന്തരീക്ഷം ഉയർത്തിക്കാട്ടുന്നതിനും നേരിട്ട് കൂടുതൽ വിദേശനിക്ഷേപം ആകർഷിക്കുന്നതിനുള്ള അവസരങ്ങൾ ചൂണ്ടിക്കാട്ടുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഉച്ചകോടിയിലെ ഖത്തറിന്റെ പങ്കാളിത്തം. ഉച്ചകോടിയിൽ പങ്കെടുത്ത ഖത്തർ സംഘത്തിന് വിദേശ വ്യാപാര സഹമന്ത്രി നേതൃത്വം നൽകി. ഖത്തറും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി സഹകരണവും ബന്ധവും ശക്തിപ്പെട്ടതായും ഇന്ത്യ -ഖത്തർ ബന്ധം ചൂണ്ടിക്കാട്ടി മന്ത്രി പറഞ്ഞു. ഉച്ചകോടിയോടനുബന്ധിച്ച് ഇന്ത്യൻ വാണിജ്യ വ്യവസായ മന്ത്രിയും പങ്കാളിത്ത ഉച്ചകോടി അധ്യക്ഷനുമായ പിയൂഷ് ഗോയലുമായി മന്ത്രി കൂടിക്കാഴ്ച നടത്തുകയും വ്യാപാര, വ്യവസായ മേഖലയിലെ സഹകരണം ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടത്തുകയും ചെയ്തു.
സ്വകാര്യ മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നതുമായും ഇരു രാജ്യങ്ങളിലെയും കമ്പനികളുടെ എണ്ണം വർധിപ്പിക്കുന്നതിനും സംയുക്ത നിക്ഷേപം വർധിപ്പിക്കുന്നതിനുമുള്ള മാർഗങ്ങൾ അവലോകനം ചെയ്യുന്നതിന്റെ ഭാഗമായി ഉച്ചകോടി ഉപാധ്യക്ഷനും ഇന്ത്യൻ ഇൻഡസ്ട്രി കോൺഫെഡറേഷൻ ചെയർമാനുമായ സഞ്ജീവ് പുരിയുമായും സ്വകാര്യ കമ്പനി പ്രതിനിധികളുമായും ഖത്തർ മന്ത്രി പ്രത്യേക കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.