ദോഹ: വിവിധ മേഖലകളിലെ തൊഴിൽ സ്വദേശിവത്കരണത്തിന്റെ ഭാഗമായി ഖത്തർ എയർവേസിലെ ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് തൊഴിൽ മന്ത്രാലയം. ഖത്തരി പൗരന്മാരും ഖത്തരി മാതാപിതാക്കളുമായ ബിരുദധാരികൾക്ക് തൊഴിലിനായി അപേക്ഷിക്കാമെന്ന് മന്ത്രാലയം നിർദേശിച്ചു. സ്വകാര്യ മേഖലകളിലും തൊഴിൽ സ്വദേശിവത്കരണം സജീവമായി നടപ്പാക്കുന്നതിന്റെ തുടർച്ചയായാണ് ഇത്. രാജ്യത്തെ പ്രധാന തൊഴിൽ ദാതാക്കളായ ഖത്തർ എയർവേസിലെ ചില അവസരങ്ങളിലേക്ക് സ്വദേശിവത്കരണം നടപ്പാക്കുന്നതിലൂടെ ജോലി ആവശ്യപ്പെടുന്ന കൂടുതൽ സ്വദേശികൾക്ക് അവസരം സൃഷ്ടിക്കാൻ കഴിയും. തൊഴിലന്വേഷകർ മന്ത്രാലയത്തിന്റെ നാഷനൽ എംേപ്ലായ്മെന്റ് പ്ലാറ്റ്ഫോം ആയ കവാദറിൽ രജിസ്റ്റർ ചെയ്യണമെന്ന് നിർദേശിച്ചു. മികച്ച ഇംഗ്ലീഷ് ഭാഷ പരിജ്ഞാനവും ഗ്രേഡ് പോയന്റ് ശരാശരി 2.5ന് മുകളിലുമുള്ളവരായിരിക്കണം ഉദ്യോഗാർഥി. ജോലി അന്വേഷിക്കുന്ന സ്വദേശികൾക്ക് ഹോട്ലൈൻ നമ്പറായ 40227953, അല്ലെങ്കിൽ Kawader@qatarairways.com.qa ഇ- മെയിൽ വിലാസത്തിലും നേരിട്ട് ബന്ധപ്പെടാം. ഖത്തരി പൗരന്മാർക്ക് സ്വകാര്യ മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളിൽ ജോലി ഉറപ്പാക്കാനും മാതൃകാപരമായ തൊഴിൽ അന്തരീക്ഷം ലഭ്യമാക്കുന്നതിനും മന്ത്രാലയം ശ്രമിക്കുന്നതായി അറിയിച്ചു.
പ്രദേശിക സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന സ്വദേശികളായ ജീവനക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും പരാതി കേൾക്കാനുമായി സ്വദേശിവത്കരണത്തിന്റെ ഭാഗമായി പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളിലായി രാജ്യത്തെ വിവിധ സ്ഥാപനങ്ങളിൽ നിശ്ചിത പോസ്റ്റുകളിലെ നിയമനങ്ങളിൽ സ്വദേശിവത്കരണം സജീവമാണ്. 2022ലെ ആദ്യ നാലു മാസത്തിനുള്ളിൽ സ്വകാര്യ കമ്പനികളിലും സ്ഥാപനങ്ങളിലുമായി 529 സ്വദേശികൾക്കാണ് ജോലി നൽകിയത്. ജനുവരിയിൽ 103ഉം ഫെബ്രുവരിയിൽ 114ഉം മാർച്ചിൽ 120ഉം ഏപ്രിലിൽ 92ഉം പേർ ജോലിയിൽ പ്രവേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.