ദോഹ: ആറു മാസം പിന്നിട്ട യുദ്ധത്തിന്റെ ദുരിത ഭൂമിയിൽ നിന്നും ആയിരങ്ങൾക്ക് കരുതലും തണലുമൊരുക്കുകയാണ് ഖത്തർ. ഇസ്രായേൽ ആക്രമണം കനപ്പിക്കുമ്പോഴും തുടർച്ചയായി ദുരിതാശ്വാസ വസ്തുക്കളെത്തിച്ചും പരിക്കേറ്റവരെ ഒഴിപ്പിച്ചുമുള്ള ഇടപെടൽ തുടരുന്നു. റമദാൻ പൂർത്തിയായി, പെരുന്നാളിനെ വരവേൽക്കാൻ ഒരുങ്ങുമ്പോൾ പരിക്കേറ്റ ഫലസ്തീനികളിൽ വലിയൊരു പങ്ക് തങ്ങളുടെ മുറ്റത്ത് സുരക്ഷിതമായി നിൽക്കുന്നുവെന്ന ആശ്വാസവുമുണ്ട്. അഞ്ച് വയസ്സുകാരൻ ഫൈസൽ അൽ ഖാലിദിയും സഹോദരൻ ആദം അൽ ഖാലിദിയുമുൾപ്പെടെ ഗസ്സയിൽ ഇസ്രായേൽ ആക്രമണങ്ങളിൽ പരിക്കേറ്റ ഫലസ്തീനികളുടെ ഏറ്റവും പുതിയ സംഘവുമായാണ് കഴിഞ്ഞ ദിവസം അമിരി വ്യോമസേനാ വിമാനം ദോഹയിലെത്തിയത്. ഖത്തർ വിദേശകാര്യ മന്ത്രാലയത്തിലെ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുൽവ റാഷിദ് അൽ ഖാതിറാണ് ഇക്കാര്യം പങ്കുവെച്ചത്. ‘ദുഷ്കരമായ സാഹചര്യങ്ങൾക്കിടയിലും നിരവധി കുടുംബങ്ങൾ വീണ്ടും ഒത്തുചേർന്നത് ഏറെ സന്തോഷം നൽകുന്നതാണ്. അമീരി വ്യോമസേനയുടെ മെഡിക്കൽ ഇവാക്വേഷൻ വിമാനം ഈ ഒത്തുചേരലിന് വഴിവെച്ചു’ -ലുൽവ അൽ ഖാതിർ അറിയിച്ചു.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പരിക്കേറ്റവരുമായി 22ാമത് സംഘത്തെയാണ് തിങ്കളാഴ്ച ദോഹയിലെത്തിച്ചത്. ഇതോടൊപ്പം സഹായം വഹിച്ചുള്ള 91ാമത് വിമാനം ഈജിപ്തിലെ അൽ അരിഷിലെത്തി. 3000 അനാഥരെ സ്പോൺസർ ചെയ്യാനുള്ള അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ തീരുമാനത്തിന്റെ ഭാഗമായാണ് കുടിയൊഴിപ്പിക്കപ്പെട്ടവരെ ഗസ്സയിൽ നിന്ന് ഖത്തറിലെത്തിച്ചത്. കൂടാതെ പരിക്കേറ്റ 1500 ഫലസ്തീനികൾക്ക് ചികിത്സ നൽകാനും ഖത്തർ തീരുമാനിച്ചിട്ടുണ്ട്. യുദ്ധം ആറുമാസം പിന്നിടുമ്പോൾ ഖത്തറിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാനും വിലയിരുത്താനുമായി മന്ത്രി ലുൽവ അൽ ഖാതിർ വീണ്ടും റഫ അതിർത്തിയിലെത്തി. കഴിഞ്ഞ ദിവസങ്ങളിൽ അൽ അരിഷിലും റഫയിലും ചെലവഴിച്ച അവർ ഫലസ്തീനികളെ സന്ദർശിച്ചു.
ക്രൂരമായ കുറ്റകൃത്യങ്ങളുടെയെല്ലാം നിയമപരവും ധാർമികവുമായ ഉത്തരവാദിത്തത്തിൽ നിന്ന് ഇസ്രായേലിനെ മാറ്റിനിർത്താൻ സാധിക്കില്ലെന്ന് അവർ വ്യക്തമാക്കി.‘എത്രയെത്ര ഫൈസലുമാരെയും ആദമുമാരെയുമാണ് ഇസ്രായേൽ സൃഷ്ടിച്ചത്. അവരിൽ എത്രപേർ മരിച്ചിട്ടുണ്ടാകും. എത്ര പേർ അനാഥരായിട്ടുണ്ട്. അവരിൽ എത്ര പേർക്ക് കൈകാലുകൾ നഷ്ടപ്പെട്ടിട്ടുണ്ട്. ഗസ്സ മുനമ്പിൽ ഞങ്ങൾ സാക്ഷികളായ പരിക്കുകളുടെ എണ്ണവും അവയുടെ ഗൗരവവും അങ്ങേയറ്റം ഭയപ്പെടുത്തുന്നതാണെന്നും അൽ ഖാതിർ എക്സിൽ വിവരിച്ചു. 2023 ഒക്ടോബർ ഏഴിന് ആരംഭിച്ച ആക്രമണത്തിനുശേഷം 484 ആരോഗ്യ പ്രവർത്തകരാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. 40,000ത്തോളം പേർ കൊല്ലപ്പെട്ടപ്പോൾ മുക്കാൽ ലക്ഷത്തോളം പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ 26000വും കുട്ടികളാണെന്ന് സേവ് ദി ചിൽഡ്രൻ പറയുന്നു.
ഖത്തറിന്റെ കരുതലിലുണ്ട് ആ അഞ്ചുവയസ്സുകാരന്
ദോഹ: ഗസ്സയിലെ ഇസ്രായേൽ നരനായാട്ടിന്റെ പ്രതീകമായ ആ അഞ്ചുവയസ്സുകാരനും ഒടുവിൽ ഖത്തറിന്റെ കരുതൽ വലയത്തിലെത്തി. ഓർമയില്ലേ ഫൈസൽ അൽ ഖാലിദിയെ. ഗർഭിണിയായ ഉമ്മയെയും സ്വന്തം പിതാവിനെയും താമസ കേന്ദ്രത്തിലേക്ക് കയറിയെത്തിയ ഇസ്രായേൽ സേന വെടിവെച്ചു വീഴ്ത്തിയതിന് സാക്ഷ്യം വഹിച്ചതിന്റെ നടുക്കുന്ന ഓർമകൾ മാധ്യമങ്ങൾക്കു മുന്നിൽ കണ്ണീർ നനവുകൾ മായാത്ത മുഖവുമായി വിവരിച്ച കൊച്ചുകുട്ടിയെ.
2023 ഡിസംബർ 21നായിരുന്നു തങ്ങൾ അഭയം തേടിയ വീട്ടിലേക്ക് കയറിയെത്തിയ സൈന്യം ഫൈസലിന്റെ മാതാപിതാക്കളെ വെടിവെച്ച് കൊലപ്പെടുത്തിയത്. ആക്രമണത്തിൽ ഫൈസലിന്റെ കാലിനും സാരമായി പരിക്കേറ്റു. ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ അറബി ടി.വിക്ക് നൽകിയ അഭിമുഖത്തിലൂടെ തന്റെ ദാരുണമായ കഥ വിവരിച്ച ഫൈസൽ അൽ ഖാലിദി സമൂഹ മാധ്യമങ്ങളിലൂടെ ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടു. കഴിഞ്ഞ ദിവസമാണ് ഫൈസൽ ഉൾപ്പെടെ സംഘം ഖത്തറിലെത്തിയത്. അവന്റെ സഹോദരൻ ആദം അൽ ഖാലിദിയും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.