ദോഹ: ഖത്തർ ലോകകപ്പിന് അന്താരാഷ്ട്ര സുസ്ഥിരതക്കുള്ള ഐ.എസ്.ഒ അംഗീകാരം. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ച് സുസ്ഥിര ടൂർണമെന്റ് നടത്തിപ്പിനായുള്ള കാര്യക്ഷമമായ മാനേജ്മെന്റ് സംവിധാനം വികസിപ്പിക്കുന്നതിനും നടപ്പാക്കുന്നതിനുമുള്ള അംഗീകാരമായാണ് ലോകകപ്പ് സംഘാടകരായ ഫിഫ വേൾഡ് കപ്പ് ഖത്തർ 2022ന് ഐ.എസ്.ഒ 20121 സർട്ടിഫിക്കേഷൻ ലഭിച്ചിരിക്കുന്നത്.
ലോകകപ്പ് ടൂർണമെന്റിന് കൃത്യം ഒരുവർഷം മുമ്പ് സമാപിച്ച ഫിഫ അറബ് കപ്പ് ടൂർണമെന്റിനിടയിൽ നടത്തിയ ഓഡിറ്റുകൾക്കും പരിശോധനകൾക്കും ശേഷമാണ് ക്യു22ന് അംഗീകാര സർട്ടിഫിക്കറ്റ് സമ്മാനിച്ചിരിക്കുന്നത്. തുടക്കംമുതൽ ഖത്തർ ലോകകപ്പിന്റെ മുഖമുദ്രയായിരുന്നു സുസ്ഥിരതയെന്നും സുസ്ഥിരതയോടുള്ള ഞങ്ങളുടെ പ്രതിബദ്ധതക്കുള്ള അംഗീകാരമാണിതെന്നും പ്രാദേശിക സംഘാടകസമിതി സി.ഇ.ഒ നാസർ അൽഖാതിർ പറഞ്ഞു.
നിരവധി ലെഗസി പദ്ധതികളാണ് ഖത്തർ ലോകകപ്പിനുള്ളത്. ഇതിന്റെയെല്ലാം സുപ്രധാന ഘടകമാണ് സുസ്ഥിരത. ഓരോ ഘട്ടത്തിലും സുപ്രീംകമ്മിറ്റിയും ഫിഫയും സുസ്ഥിരതയിൽ കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങൾ മുന്നോട്ട് നീക്കിയത് -നാസർ അൽഖാതിർ കൂട്ടിച്ചേർത്തു. ഭാവിയിലെ ടൂർണമെന്റ് സംഘാടകർ ഇക്കാര്യത്തിൽ ഞങ്ങളെ മാതൃകയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അൽഖാതിർ വ്യക്തമാക്കി.
സുസ്ഥിരതക്ക് ഐ.എസ്.ഒ 20121 അംഗീകാരം ലഭിക്കുന്ന പ്രഥമ ഫിഫ ലോകകപ്പായി ഖത്തർ ലോകകപ്പ് മാറിയതിൽ ഏറെ അഭിമാനമുണ്ടെന്ന് ഖത്തർ 2022 സസ്റ്റയിനബിലിറ്റി സീനിയർ മാനേജർ ഹൊസേ റെറ്റാന പറഞ്ഞു. ലോകകപ്പുമായി ബന്ധപ്പെട്ട മുഴുവൻ പ്രവർത്തനങ്ങളിലും സുസ്ഥിരതക്ക് പ്രാധാന്യം നൽകിയിട്ടുണ്ടെന്നും അതിലൂടെ ദീർഘകാലാടിസ്ഥാനത്തിൽ ലോകകപ്പിന്റെ പ്രയോജനം നമുക്ക് ലഭിക്കുമെന്നും ഫാൻസ്, കളിക്കാർ, ജീവനക്കാർ, പ്രാദേശിക സമൂഹങ്ങൾ, പങ്കാളികൾ എന്നിവരിൽ ഇത് ആരോഗ്യകരമായ സ്വാധീനം ചെലുത്തുമെന്നും റെറ്റാന വ്യക്തമാക്കി. നമ്മുടെ സംഘത്തിലെ ഓരോരുത്തരുടെയും ശ്രമങ്ങൾക്കുള്ള അംഗീകാരമാണിതെന്നും അദ്ദേഹം സൂചിപ്പിച്ചു. അറബ് കപ്പ് ടൂർണമെൻറ് കാലയളവിലെ ഓഡിറ്റിങ്ങിനിടയിൽ ഭിന്നശേഷിക്കാരായ ഫാൻസിനുള്ള സേവനങ്ങൾ, ആക്സസബിലിറ്റി അടിസ്ഥാന സൗകര്യങ്ങൾ, മാലിന്യങ്ങളുടെ അളവ് ചുരുക്കലും പുനരുപയോഗവും ടൂർണമെന്റിനാവശ്യമായ സാധനസാമഗ്രികളിലെ സുസ്ഥിരത ശ്രമങ്ങൾ, കൃത്യസമയത്തെ അപകട റിപ്പോർട്ടിങ്ങും പ്രശ്നപരിഹാരവും തുടങ്ങിയവയാണ് പ്രധാനമായും പരിശോധിച്ച് വിലയിരുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.