ദോഹ: ഖത്തർ എയർവേസിെൻറ പ്രത്യേക ഇനി നൂറുദിവസം എല്ലാ യാത്രക്കാർക്കും ഉന്നത നിലവാരത്തിലുള്ള സൗജന്യ വൈ ഫൈ സേവനം. സൂപ്പർ വൈഫൈ കണക്റ്റിവിറ്റിയാണ് ജനുവരി രണ്ടുവരെ ലഭിക്കുകയെന്ന് കമ്പനി അറിയിച്ചു. ഹൈ സ്പീഡ് ബ്രോഡ്ബാൻഡ് സംവിധാനമുള്ള നൂറിലധികം വിമാനങ്ങൾ സജ്ജമായതോടനുബന്ധിച്ചാണ് യാത്രക്കാർക്ക് സൗജന്യ വൈഫൈ സംവിധാനം നൽകുന്നത്. ലോകോത്തര സാറ്റലൈറ്റ് കമ്യൂണിക്കേഷൻ ദാതാക്കളായ 'ഇൻമാർസാറ്റു'മായി സഹകരിച്ചാണിത്. ജി.എക്സ് ഏവിയേഷൻ സാങ്കേതിക വിദ്യയാണ് ഖത്തർ എയർവേസ് ഇതിനായി ഉപയോഗിക്കുന്നത്. 2018ലാണ് ഖത്തർ എയർവേസ് വിമാനങ്ങളിൽ വൈഫൈ സൗകര്യം തുടങ്ങിയത്.
ഏഷ്യ, മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് ഏറ്റവും കൂടുതൽ ഓൺബോർഡ് വൈ ഫൈ വിമാനങ്ങൾ ലഭ്യമാക്കുന്ന ഏറ്റവും വലിയ കമ്പനിയാണ് ഖത്തർ എയർവേസ്. കോവിഡ് വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലും ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച സൗകര്യം ഒരുക്കുകയാണെന്ന് ഗ്രൂപ്പ് സി.ഇ.ഒ അക്ബർ അൽ ബാക്കിർ പറഞ്ഞു. ഫൈവ് സ്റ്റാർ സേവനങ്ങളാണ് ലഭ്യമാക്കുന്നത്. വിമാനം പറക്കുന്നത് മുതൽ ലക്ഷ്യസ്ഥാനത്ത് എത്തുന്നതുവരെ ഉന്നത ഗുണനിലവാരത്തിലുള്ള ഹൈ സ്പീഡ് വൈ ഫൈ സേവനം നൽകാനാവുന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള ആളുകൾ തമ്മിലുള്ള ഇൻറർനെറ്റ് ബന്ധം യാത്രക്കിടയിൽ നഷ്ടപ്പെടരുതെന്ന് ആഗ്രഹിക്കുന്നു. ഇതിനാലാണ് യാത്രയിലുടനീളം ഇൻറർനെറ്റ് സംവിധാനം നൽകുന്നത്. ആകാശത്ത് 35,000 അടി ഉയരത്തിലായിരിക്കുേമ്പാഴും ഏത് സമയവും ജനങ്ങൾ തമ്മിൽ ഇൻറർനെറ്റിലൂടെ ബന്ധപ്പെട്ടുകൊണ്ടേയിരിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. കഴിഞ്ഞ മാസങ്ങളിൽ ഇതിന് പ്രാധാന്യം കൂടിയെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് -19നെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ച സർവിസുകളുൾപ്പെടെ കൂടുതൽ സർവിസുകൾ ഖത്തർ എയർവേസ് പുനരാരംഭിക്കുകയാണ്. ഒക്ടോബർ മധ്യത്തോടെ അമ്മാൻ, എൻതെബ്ബെ, ഹാനോയ്, സിഷിലെസ്, വിൻഡ്ഹോക്, യെറേവാൻ എന്നീ നഗരങ്ങളിലേക്ക് സർവിസുകൾ പുനരാരംഭിക്കാനാകും. ആക്രയിലേക്ക് പുതിയ സർവിസ് ആരംഭിക്കാനും പദ്ധതിയുണ്ട്. കൂടാതെ കോപൻഹേഗൻ, ധാക്ക, എൻതെബ്ബെ, ഹാനോയ്, മാഡ്രിഡ്, മാഞ്ചസ്റ്റർ, മനില, സിഷിലെസ്, സ്റ്റോക്ക്ഹോം, വിൻഡ്ഹോക്, യെറേവാൻ എന്നീ നഗരങ്ങളിലേക്ക് സർവിസുകൾ പുനരാരംഭിക്കാനും അല്ലെങ്കിൽ സർവിസുകൾ വർധിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. ഇതോടെ ഖത്തർ എയർവേസിെൻറ രാജ്യാന്തര സർവിസ് നടത്തുന്ന നഗരങ്ങളുടെ എണ്ണം 90 കവിയും.
ലോകത്തെ മുൻനിര ആഗോള വിമാന കമ്പനിയായി ഖത്തർ എയർവേസ് മാറുകയാണ്. കോവിഡ് -19 കാരണം അന്താരാഷ്ട്ര സർവിസുകൾ നിർത്തിവെച്ചതിനാൽ ഉപഭോക്താക്കൾക്ക് നൽകിയ വാക്ക് പാലിച്ച് ഖത്തർ എയർവേസ് ഈയടുത്ത് ശ്രദ്ധ നേടിയിരുന്നു. മാർച്ച് മുതൽ റീഫണ്ട് ഇനത്തിൽ 120 കോടി യു.എസ് ഡോളർ ഖത്തർ എയർവേസ് മടക്കിനൽകിയതോടെയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.