ദോഹ: അന്താരാഷ്ട്രതലത്തിൽ ഡിജിറ്റൽ വികസിത രാജ്യങ്ങളുടെ പട്ടികയിൽ ഇടംനേടി ഖത്തറും. മിഡിലീസ്റ്റ് മേഖലയിൽ രണ്ടാമതെത്തിയ ഖത്തർ, ആഗോള സൂചികയിൽ 28ാം സ്ഥാനവും കരസ്ഥമാക്കി.അതേസമയം, ഇൻറർനെറ്റ് സന്നദ്ധത, നയപിന്തുണ, പുത്തൻ സാങ്കേതികവിദ്യയുമായി പൊരുത്തപ്പെടൽ എന്നീ മേഖലകളിൽ ഖത്തർ ആഗോളതലത്തിൽ ഒന്നാമതെത്തി.
ലണ്ടൻ ആസ്ഥാനമായ ഇക്കണോമിസ്റ്റ് ഗ്രൂപ്പിെൻറ ഗവേഷണ വിഭാഗമായ ദി ഇക്കണോമിസ്റ്റ് ഇൻറലിജൻസ് യൂനിറ്റ് തയാറാക്കിയ ഇൻക്ലൂസിവ് ഇൻറർനെറ്റ് സൂചികയിലാണ് ഖത്തർ മികച്ച നേട്ടം കൈവരിച്ചത്. മേഖലയിൽ കുവൈത്ത് മാത്രമാണ് (ആഗോള സൂചികയിൽ 24) ഖത്തറിന് മുന്നിലുള്ളത്. യു.എ.ഇ (38), ബഹ്റൈൻ (41), സൗദി അറേബ്യ (43) എന്നിവർ ഖത്തറിന് പിറകിലാണ്.
ഇൻറർനെറ്റ് സന്നദ്ധതയിൽ 100 രാജ്യങ്ങളുടെ സൂചികയിലാണ് ഖത്തർ ഒന്നാമതെത്തിയത്. സ്കിൽസ്, കൾചറൽ അക്സപ്റ്റൻസ്, സപ്പോർട്ടിങ് പോളിസി എന്നിവയുൾപ്പെടുന്ന ഇൻറർനെറ്റ് ആക്സസ് കപ്പാസിറ്റി പരിശോധനയാണ് ഇൻറർനെറ്റ് സന്നദ്ധതയുടെ മാനദണ്ഡമായി വിലയിരുത്തുന്നത്.ദി ഇക്കണോമിസ്റ്റ് ഇൻറലിജൻസ് യൂനിറ്റിെൻറ ഇൻക്ലൂസിവ് ഇൻറർനെറ്റ് സൂചികയിൽ ഓവറോൾ തലത്തിൽ സ്വീഡൻ, ന്യൂസിലൻഡ്, അമേരിക്ക എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ ഇടംനേടിയിരിക്കുന്നത്.
ഇൻറർനെറ്റ് സാക്ഷരത, ലഭ്യത, ഇൻറർനെറ്റ് സേവനനിരക്ക് എന്നിവയാണ് ഇൻറർനെറ്റ് ഇൻക്ലൂസ് സൂചികയുടെ മാനദണ്ഡങ്ങൾ. ഇൻറർനെറ്റ് ഉപയോഗിക്കുന്നതിലെ വിദ്യാഭ്യാസവും തയാറെടുപ്പുമാണ് സാക്ഷരതയുടെ വിവക്ഷ. അതേസമയം, ആഗോളതലത്തിൽ ഇൻറർനെറ്റ് ലഭ്യതയിൽ ഖത്തർ 11ാം സ്ഥാനത്തെത്തി. ഈ രംഗത്ത് അമേരിക്ക, ഫ്രാൻസ്, ജർമനി തുടങ്ങിയവർ യഥാക്രമം 16, 17, 20 സ്ഥാനങ്ങളിലാണെത്തിയിരിക്കുന്നത്.
ഇൻറർനെറ്റ് സേവനനിരക്ക് വിഭാഗത്തിൽ ഖത്തറിന് 42ാം സ്ഥാനമാണുള്ളത്. ചെറിയ വിപണിയും രണ്ടു സേവനദാതാക്കൾ മാത്രമായതിനാലുള്ള കുറഞ്ഞ മത്സരക്ഷമതാ അന്തരീക്ഷവുമാണ് ഇതിനു പിന്നിലെ കാരണം.കഴിഞ്ഞ ഡിസംബറിൽ പുറത്തിറങ്ങിയ മറ്റൊരു പഠനത്തിൽ മൊബൈൽ ഇൻറർനെറ്റ് വേഗത്തിൽ ഖത്തർ മേഖലയിൽ ഒന്നാമതും ആഗോളതലത്തിൽ രണ്ടാംസ്ഥാനത്തും എത്തിയിരുന്നു.
നവംബറിൽ ഈക്ല ഗ്ലോബൽ സ്പീഡ് ടെസ്റ്റ് ഇൻഡക്സിൽ ഗ്ലോബൽ മൊബൈൽ േബ്രാഡ്ബാൻഡ് സ്പീഡ് പട്ടികയിൽ ഖത്തർ രണ്ടാമതെത്തിയിട്ടുണ്ട്. നവംബറിൽ ഖത്തറിലെ ശരാശരി ഡൗൺലോഡ് സ്പീഡ് 77.07 എം.ബി.പി.എസും അപ്ലോഡ് സ്പീഡ് 21.49 എം.ബി.പി.എസുമാണ്.ആഗോളതലത്തിലെ ശരാശരി ഡൗൺലോഡ് സ്പീഡിനേക്കാൾ ഇരട്ടിയിലധികമാണ് ഖത്തറിലെ ഇൻറർനെറ്റ് സ്പീഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.