ദോഹ: ഇസ്ലാമോഫോബിയയുടെ അനന്തരഫലങ്ങൾ മുസ്ലിം ലോകത്തിനോ മുസ്ലിം രാജ്യങ്ങൾക്കോ മാത്രമല്ല, ലോക സമൂഹത്തിനു തന്നെ ഭീഷണിയാണെന്ന് ഖത്തർ അന്താരാഷ്ട്ര സഹകരണ വകുപ്പ് സഹമന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതിർ.
ഇസ്ലാമോഫോബിയയെക്കുറിച്ച് വിദേശകാര്യ മന്ത്രാലയം സംഘടിപ്പിച്ച റൗണ്ട് ടേബ്ൾ സമ്മേളനത്തിൽ സംസാരിക്കവേയാണ് ലുൽവ റാഷിദ് ശക്തമായ ഭാഷയിൽ ലോകത്തിന് മുന്നറിയിപ്പ് നൽകിയത്.
‘ഇസ്ലാം ഭീതി പടർത്തുന്നവർ ലോകത്തെയാണ് ഭയപ്പെടുത്തുന്നത്. ലോകം ഈ ഭീതിയെ തടയുന്നതിന് പകരം മുൻധാരണകളും വിവേചനങ്ങളുമായി വിദ്വേഷത്തിന് ഇന്ധനം പകരുകയാണ് ചെയ്യുന്നത്’ -ലുൽവ റാഷിദ് അൽ ഖാതിർ പറഞ്ഞു.
ഇസ്ലാമോഫോബിയയും മുസ്ലിംകൾക്കെതിരായ വിദ്വേഷവും ഉൾപ്പടെയുള്ള വംശീയതയെ ചെറുക്കുന്ന സംരംഭങ്ങളെ പിന്തുണക്കുന്നതിൽ ഖത്തറിന്റെ പ്രതിബദ്ധത ചൂണ്ടിക്കാട്ടിയ അവർ, അത്തരം സംഭവങ്ങളെയും നയങ്ങളെയുംകുറിച്ച് രാജ്യം അതിന്റെ നിലപാട് നേരത്തേ വ്യക്തമാക്കിയിട്ടുണ്ടെന്നും വ്യക്തമാക്കി. ഇസ്ലാംവിരുദ്ധ പ്രസ്താവനകൾ അപകടകരമായ തലത്തിൽ എത്തിയിരിക്കുകയാണ്. ഇതിന്റെ ഫലമായി ഇസ്ലാമും മുസ്ലിംകളും മനഃപൂർവം ടാർഗറ്റ് ചെയ്യപ്പെടുകയാണെന്നും കുടിയിറക്കം, യുദ്ധക്കുറ്റങ്ങൾ, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ എന്നിവയിലൂടെ നിഷ്കളങ്കരായ ജനത ഇതിന്റെ ബലിയാടായിക്കൊണ്ടിരിക്കുകയാണെന്നും ലുൽവ റാഷിദ് അൽ ഖാതിർ കൂട്ടിച്ചേർത്തു.
ഇസ്ലാമോഫോബിയക്കെതിരെ ഒരുമിച്ച് പ്രവർത്തിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് രണ്ടുദിനങ്ങളിലായി ഖത്തർ വിദേശകാര്യ മന്ത്രാലയം സംഘടിപ്പിച്ച റൗണ്ട് ടേബ്ൾ സമ്മേളനം സമാപിച്ചു. വർധിച്ചുവരുന്ന ഇസ്ലാമോഫോബിയ ഇല്ലാതാക്കുന്നതിന് ആഗോള പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും ലോകാടിസ്ഥാനത്തിൽ അവബോധം വളർത്തുകയും ചെയ്യുകയെന്ന ലക്ഷ്യം മുൻനിർത്തി മന്ത്രാലയത്തിലെ പോളിസി ആൻഡ് പ്ലാനിങ് ഡിപ്പാർട്മെന്റാണ് വട്ടമേശചർച്ച സംഘടിപ്പിച്ചത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 500ഓളം സർവകലാശാലകളുടെയും ഗവേഷണ സ്ഥാപനങ്ങളുടെയും പ്രതിനിധികൾ ഉൾപ്പെടെ വിദഗ്ധരും ചിന്തകരും പങ്കെടുത്തു. ഇസ്ലാമിനോടും മുസ്ലിംകളോടുമുള്ള ശത്രുതാപരമായ നിലപാടുകളും വിവരണങ്ങളും മാധ്യമങ്ങളിലൂടെ ഇസ്ലാം ഭീതി പടർത്തുന്ന പ്രചാരണങ്ങളും സാമൂഹിക മനോഭാവങ്ങളും സമ്മേളനത്തിൽ ചർച്ച ചെയ്തു.
‘ഇസ്ലാമോഫോബിയ: വെല്ലുവിളികളെ നേരിടാനുള്ള നയചട്ടക്കൂട്’ തലക്കെട്ടിൽ നടന്ന ചർച്ചയിൽ മേഖലയിലെ നിരവധി രാജ്യങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരും ചർച്ചയിൽ പങ്കെടുത്തിരുന്നു. ഇസ്ലാമിനോടോ മുസ്ലിംകളോടോ ഉള്ള അനിഷ്ടവും തെറ്റായ മുൻവിധിയും ആഗോളതലത്തിൽ നിലനിൽക്കുന്ന പ്രശ്നമായി തുടരുകയാണെന്ന് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ലോകമെമ്പാടും ഇസ്ലാമോഫോബിയക്കെതിരെ കൂട്ടായ ശ്രമങ്ങൾ ഉയർത്തിക്കൊണ്ടുവരാനും ഉദ്യോഗസ്ഥരെയും പ്രതിനിധികളെയും ഒരുമിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഇത്തരമൊരു വട്ടമേശ ചർച്ച സംഘടിപ്പിച്ചതെന്നും പോളിസി, പ്ലാനിങ് വകുപ്പ് മേധാവി ഡോ. ഖാലിദ് ബിൻ ഫഹദ് അൽ ഖാതിർ മാധ്യമങ്ങളെ അറിയിച്ചു. ഇസ്ലാമോഫോബിയക്കെതിരായ ആദ്യ അന്താരാഷ്ട്ര ദിനം ഐക്യരാഷ്ട്രസഭ ഈ വർഷം മാർച്ച് 15ന് ആചരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.