ദോഹ: രാജ്യത്ത് പാണ്ട മൃഗങ്ങളുടെ സ്വാഭാവിക വാസസ്ഥലം തയാറാക്കുന്നു. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിെൻറ നേതൃത്വത്തിലാണിത്. ചൈനയിൽനിന്നാണ് ഖത്തറിൽ പാണ്ടകളെ എത്തിക്കുന്നത്. ഇവക്ക് എല്ലാ സൗകര്യങ്ങളോടും കൂടിയ ആധുനിക സ്വാഭാവിക വാസസ്ഥലം അശ്ഗാലാണ് നിർമിക്കുക. ഇത്തരത്തിലുള്ള കേന്ദ്രം നിർമിക്കുന്ന മേഖലയിലെ ആദ്യരാജ്യമായി മാറാൻ പോകുകയാണ് ഖത്തർ. മന്ത്രാലയത്തിൻെറ പ്രധാന പദ്ധതികൾ അടുത്ത വർഷത്തെ പൊതുബജറ്റിൽ ഇടംപിടിച്ചിട്ടുണ്ട്.
ഇതിലാണ് പാണ്ടകളുമായി ബന്ധപ്പെട്ട പദ്ധതിയുമുള്ളത്. മന്ത്രാലയത്തിൻെറ പ്രോജക്ട്സ് ആൻഡ്െഡവലപ്മെൻറ് വകുപ്പ് ഡയറക്ടർ ഡോ. എൻജിനീയർ അബ്ദുല്ല നാസർ അൽ കഅബിയാണ് ഇക്കാര്യങ്ങൾ അറിയിച്ചിരിക്കുന്നത്. മന്ത്രാലയം ആസ്ഥാനത്ത് നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.അൽഖോർ മൃഗശാലയിൽ പാണ്ടകൾക്കായി പ്രത്യേക കേന്ദ്രം നിർമിക്കാൻ അശ്ഗാൽ കഴിഞ്ഞ ആഗസ്റ്റിൽ ടെൻഡർ ക്ഷണിച്ചിരുന്നു. 2021 വാർഷിക പദ്ധതിയിൽ അശ്ഗാലിന് ഒമ്പത് പ്രധാന പദ്ധതികളാണ് ഉൾപ്പെടുന്നത്. ഇതിലെപ്രധാനപദ്ധതിയാണ് പാണ്ടകൾക്കുള്ള സ്വാഭാവിക വാസസ്ഥലമെന്നത്.
ഖത്തറിലുള്ളവർക്ക് സമീപഭാവിയിൽതന്നെ പാണ്ടകളെ നേരിൽ കാണാനുള്ള ഭാഗ്യമാണ് ലഭിക്കാനിരിക്കുന്നത്. ലോകത്തെ ഏറ്റവും ഓമനത്തമുള്ള ജീവികളായാണ് പാണ്ടകൾ അറിയപ്പെടുന്നത്. ചൈനയാണ് പാണ്ടകളുടെ ജന്മരാജ്യം.ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള മൃഗശാലകളിലേക്ക് പാണ്ടകളെ എത്തിക്കുന്നതും ചൈനയിൽനിന്നുതന്നെയാണ്. 'പാണ്ട ഡിപ്ലോമസി' എന്നാണ് ഇത് അറിയപ്പെടുന്നത്. പാണ്ടക്ക് നാല് വയസ്സ് തികയുന്നതോടെ പ്രജനനം നടത്തുന്നതിനായി മറ്റൊരു സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിക്കുകയാണ് പതിവ്.വംശനാശം സംഭവിക്കുന്ന ജീവികളുടെ പട്ടികയിൽനിന്നും 2016ൽ പാണ്ടകൾ പുറത്തുകടന്നതായി അന്താരാഷ്ട്ര സംഘടനയായ ഐ.യു.സി എൻ വ്യക്തമാക്കിയിരുന്നു.
ഭീമൻ പാണ്ടകളെ സംരക്ഷിക്കുന്നതിനും വംശം നിലനിർത്തുന്നതിനുമായുള്ള ചൈനയുടെ കഠിനപ്രയത്നമാണ് ഇവയുടെ തിരിച്ചുവരവ് സാധ്യമാക്കിയത്. 1995ൽ ലോകത്ത് ആയിരത്തിൽ താഴെ മാത്രമായിരുന്നു പാണ്ടകളുണ്ടായിരുന്നത്.10 വർഷംകൊണ്ട് ഇവയുടെ എണ്ണം 1600 കവിഞ്ഞു. 2016ൽ ഐ.യു.സി എൻ തീരുമാനം വരുമ്പോൾ ഇവയുടെ എണ്ണം രണ്ടായിരത്തിനടുത്തെത്തിയിരുന്നു.ഖത്തറിലെ പദ്ധതി യാഥാർഥ്യമാകുന്നതോടെ പാണ്ടകളെ കാണണമെങ്കിൽ ചൈനയിലേക്കോ യൂറോപ്പിലേക്കോ വടക്കേ അമേരിക്കയിലേക്കോ ഏഷ്യയിലെ മറ്റു രാജ്യങ്ങളിലേക്കോ വിമാനം കയറേണ്ടി വരില്ല, അൽഖോർ മൃഗശാലയിലേക്ക് പോയാൽ മതിയാകും.
നവീകരണത്തിന് ശേഷം ഈ വർഷം ആദ്യത്തിലാണ് അൽഖോർ ഫാമിലി പാർക്ക് വീണ്ടും കുടുംബങ്ങൾക്കായി തുറന്നു കൊടുത്തത്. 32 മില്യൻ റിയാലിെൻറ നവീകരണ പ്രവർത്തനങ്ങളാണ് പാർക്കിൽ നടന്നത്.49 വർഗങ്ങളിൽനിന്നായി 315 മൃഗങ്ങളും പക്ഷികളുമുൾപ്പെടെയുള്ള മിനി മൃഗശാലയാണ് അൽഖോർ ഫാമിലി പാർക്കിെൻറ സവിശേഷത. കണ്ടാമൃഗം, ജിറാഫ്, മുതല, കരടി, കടുവ, ചീറ്റപ്പുലി തുടങ്ങിയ അൽഖോർ മൃഗശാലയിലെ പുതിയ അതിഥികളാണ്.
പുതിയ 18 പാർക്കുകൾ രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ നിർമിക്കാനും മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന് പദ്ധതിയുണ്ട്. മാലിന്യം വേർതിരിക്കുന്ന പ്ലാൻറ് അൽഖോറിൽ നിർമിക്കുക, മൃഗങ്ങൾക്കുള്ള ഫാം കോംപ്ലക്സുകൾ നിർമിക്കുക തുടങ്ങിയവയും അടുത്തവർഷത്തെ പ്രധാന പദ്ധതികളിൽ ഉൾെപ്പടുന്നുണ്ട്. മന്ത്രാലയത്തിെൻറ മറ്റു പ്രധാന പദ്ധതികൾക്കും പുതിയ ബജറ്റിൽ അംഗീകാരം ലഭിച്ചിട്ടുണ്ട്.
ആധുനിക ഉപകരണങ്ങളോടെ മന്ത്രാലയത്തിെൻറ വിവിധ ലബോറട്ടറികൾ നവീകരിക്കുക, അൽ അഫ്ജയിലെ മലിനീകരണപുനഃചംക്രമണ പ്ലാൻറിെൻറ അടിസ് ഥാനസൗകര്യവികസനപദ്ധതി, മാലിന്യസംസ്കരണത്തിന് ഉംസെയ്ദിൽ പുതിയ ലാൻഡ്ഫിൽ ( ചപ്പുചവറുകള് മണ്പാളികള്ക്കിടയില് മൂടുന്നയിടം) നിർമിക്കൽ, ഇത്തരത്തിൽ നിലവിലുള്ള കേന്ദ്രങ്ങളുടെ നവീകരണം, റോഡരികുകളുടെ സൗന്ദര്യവത്കരണം, റോഡരികുകളിൽ അനേകവർഷം കേടാകാതെ നിൽക്കുന്ന മരങ്ങൾ വെച്ചുപിടിപ്പിക്കൽ എന്നീ അശ്ഗാൽ പദ്ധതികളും പൊതുബജറ്റിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. മണൽ കാറ്റിൽനിന്ന് രക്ഷ നൽകുന്ന തരത്തിലുള്ള മരങ്ങളാണ് വെച്ചുപിടിപ്പിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.