ദോഹ: ആസ്പയർ അക്കാദമിയുടെ സാങ്കേതികവിദ്യയുടെയും മാനവവിഭവശേഷിയുടെയും സംയോജനം ഭാവിയിൽ ശുഭസൂചനകൾ നൽകുന്നതാണെന്ന് ഇറ്റാലിയൻ ദേശീയ ഫുട്ബാൾ ടീം ഫിറ്റ്നസ് പരിശീലകൻ ക്ലോഡിയോ ഡൊണാറ്റെലി. കാൽപന്തുകളിയുടെ വികസനത്തിന് ലോകത്തിന്റെ മറ്റുഭാഗത്തുള്ളവരുമായി യൂറോപ്യൻ ഫുട്ബാൾ ഫെഡറേഷനുകൾ യോജിച്ച് പ്രവർത്തിക്കുന്ന യുവേഫ അസിസ്റ്റ് പ്രോജക്ടിന്റെ ഭാഗമായി ആസ്പയർ അക്കാദമിയിലെത്തിയതായിരുന്നു ഡൊണാറ്റെലി. യുവേഫ അസിസ്റ്റ് പ്രോജക്ടിന്റെ ഭാഗമായി 2019 മുതൽ ഖത്തർ ഫുട്ബാൾ അസോസിയേഷനും ഇറ്റലിയിൽനിന്നുള്ള എഫ്.ഐ.ജി.സിയും തമ്മിൽ സഹകരണം ആരംഭിച്ചിട്ടുണ്ട്.
ക്യു.എഫ്.എയും ആസ്പയർ അക്കാദമിയും തമ്മിലുള്ള ബന്ധത്തിന് നന്ദി പറഞ്ഞ അദ്ദേഹം, അക്കാദമിയിൽ സമയം ചെലവഴിക്കുകയും സൗകര്യങ്ങളും സംവിധാനങ്ങളും നിരീക്ഷിക്കുകയും ചെയ്തു. അക്കാദമി പരിശീലകരും വിദ്യാർഥികളും അത്ലറ്റുകളും ക്യു.എഫ്.എ യൂത്ത് ടീമിലെ സാങ്കേതിക ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.
‘ആസ്പയർ അക്കാദമിക്ക് നല്ല ഭാവിയുണ്ടെന്നാണ് ഞാൻ കരുതുന്നത്. മിടുക്കരായ നിരവധി കായികതാരങ്ങൾ ഇവിടെയുണ്ട്. കളിക്കാർ വളരുകയാണ്. അവർ മികച്ച രീതിയിലെത്തുന്നതിന് സമയവും ക്ഷമയും വേണം. ഭാവിയിൽ നിങ്ങൾക്ക് ഒന്നാന്തരം ടീമുകളുണ്ടാകും. മികവുറ്റ താരങ്ങളടങ്ങിയ സീനിയർ ടീമും ഈ പരിശീലനങ്ങൾ വഴി ലഭിക്കുമെന്നാണ് ഞാൻ കരുതുന്നത്’ -സണ്ടർലാൻഡ് ക്ലബ് ഉൾപ്പെടെയുള്ള ക്ലബുകളിൽ മുൻ ഇറ്റലി ഫോർവേഡ് പൗളോ ഡി കാനിയോക്കൊപ്പം പ്രവർത്തിച്ചിരുന്ന ഡൊണാറ്റെലി വിലയിരുത്തുന്നു.
2020 യൂറോ ചാമ്പ്യന്മാരായ ഇറ്റാലിയൻ ടീമിന്റെ കോച്ചിങ് സ്റ്റാഫിൽ റോബർട്ടോ മാൻസിനിയുടെ സഹായിയായി പ്രവർത്തിച്ച ഡൊണാറ്റെലി യുവേഫ അസിസ്റ്റ് പ്രോജക്ട് സംരംഭത്തെ പ്രശംസിക്കുകയും ചെയ്തു. നമ്മുടെ സാഹചര്യങ്ങൾക്ക് ഏറ്റവും യോജിച്ചതാണ് യുവേഫ അസിസ്റ്റ് പ്രോജക്ട്. കാരണം, ഞങ്ങൾക്ക് ഇവിടെ വന്ന് ഫുട്ബാൾ കളിക്കുന്നതിനും പരിശീലനം നടത്തുന്നതിനുമുള്ള വേറിട്ട വഴികളെക്കുറിച്ച് അറിയാൻ അത് സഹായകമാകുന്നു. എല്ലായിടത്തും കളിക്കാരുമായും പരിശീലകരുമായും അറിവ് പങ്കിടാൻ ഞാൻ ശ്രമിക്കും. ഇവിടെ ആസ്പയർ അക്കാദമിയിൽ ആ പങ്കിടലിന് വളരെ പ്രാധാന്യമുണ്ട്. മികച്ച ഭാവിക്കായി അത് മുതൽക്കൂട്ടാകുമെന്നും ഞാൻ കരുതുന്നു. പരിശീലനവും സാങ്കേതികവിദ്യയും സമന്വയിപ്പിക്കുന്ന ആസ്പയർ അക്കാദമിയിലെ രീതി മികച്ച ഫലങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സാങ്കേതികവിദ്യ ലോകത്തുടനീളം മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇവിടെ ഞാൻ കണ്ടത് സവിശേഷവും വേറിട്ടതുമായിരുന്നു. മാനവവിഭവശേഷിയും സാങ്കേതികവിദ്യയും ഒരുമിച്ചുള്ള മികച്ച സംയോജനമാണ് അക്കാദമിക്കുള്ളതെന്നും ഡൊണാറ്റെലി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.