ദോഹ: ഖത്തർ ലോകകപ്പ് ഫുട്ബാൾ കാണാൻ സ്പെയിനിൽ നിന്നും കാൽനടയായി പുറപ്പെട്ട സാൻറിയാഗോ സാഞ്ചസിനെ കാൽപന്ത് ആരാധകർ മറക്കാനിടയില്ല. ലോകകപ്പിന് കിക്കോഫ് വിസിൽ മുഴങ്ങുന്നതിന് മാസങ്ങൾക്കു മുേമ്പ ലോകമാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും താരമായിരുന്നു ഈ സ്പാനിഷുകാരൻ. ലോകകപ്പ് ഫുട്ബാളിലെ മിന്നും പ്രകടനങ്ങൾ കാണാൻ കാൽനടയായി പുറപ്പെട്ട സാൻറിയാഗോ സാഞ്ചസിൻെറ തിരോധാനമായിരുന്നു 2022 ഒക്ടോബർ മുതലുള്ള വാർത്ത.
പിന്നീട് ഇറാനിലെ ജയിലിലുണ്ടെന്ന് സ്പാനിഷ് എംബസി സ്ഥിരീകരിച്ചതോടെ കായിക ആരാധകർക്ക് ആ യാത്രയൊരു വേദനയായി മാറി. സാൻറിയാഗോ കൊതിച്ച ലോകകപ്പ് ഫുട്ബാൾ ഖത്തറിൻെറ മണ്ണിൽ സംഭവബഹുലമായി തന്നെ കൊടിയിറങ്ങി. സ്പെയിനിൻെറ നിരാശപ്പെടുത്തിയ പ്രകടനവും അർജൻറീനയുടെ കിരീട ധാരണവുമെല്ലാം അദ്ദേഹം തെഹ്റാനിലെ തടവറയിലിരുന്ന് അറിഞ്ഞു. എന്നാൽ, 14 മാസത്തിനിപ്പുറം സാൻറിയാഗോയുടെ മോചനവാർത്ത പങ്കുവെച്ചിരിക്കുകയാണ് സ്പെയിനിലെ ഇറാൻ എംബസി. ഇറാൻ തടവറയിൽ നിന്നും മോചിതനായ അദ്ദേഹം കഴിഞ്ഞ ദിവസം മഡ്രിഡിലെത്തി കുടുംബത്തിനൊപ്പം ചേർന്നിരിക്കുന്നു.
ഫുട്ബാൾ മത്സരങ്ങൾ കാണാനായി പുറപ്പെട്ട്, ഫ്രാൻസ്, ഇറ്റലി, അൽബേനിയ, ഗ്രീസ്, തുർക്കിയ, ഇറാഖ് വഴിയുള്ള യാത്രയുടെ വിശേഷങ്ങൾ തൻെറ ഇൻസ്റ്റ പേജിലൂടെ പങ്കുവെച്ചിരുന്നു. 2022 ഒക്ടോബർ ഒന്നിന് ഇറാഖ് അതിർത്തി ഗ്രാമം കടന്ന വിവരം പങ്കുവെച്ചശേഷം സാൻറിയാഗോയെക്കുറിച്ച് വിവരങ്ങളൊന്നുമില്ലാതായി.
കടുത്ത റയൽ മഡ്രിഡ് ആരാധകനായ സാൻറിയാഗോ 2022 ജനുവരിയിലാണ് യാത്രക്ക് തുടക്കം കുറിച്ചത്. 2019ൽ സ്പാനിഷ് സൂപ്പർ കപ്പ് ഫുട്ബാളിന് സൗദി അറേബ്യ വേദിയായപ്പോൾ, റിയാദിലേക്ക് സൈക്കിളിൽ യാത്ര ചെയ്ത ചരിത്രവും സാന്റിയാഗോക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.