ദോഹ: സാമൂഹിക പ്രതിബദ്ധതയുള്ള മികച്ച യുവ പ്രവാസി വ്യവസായിക്കുള്ള വി. ഗംഗാധരൻ സ്മാരകട്രസ്റ്റ് അവാർഡ് ഖത്തറിലെ എ.ബി.എൻ കോർപറേഷൻ ചെയർമാനും നോർക്ക റൂട്ട്സ് ഡയറക്ടറുമായ ജെ.കെ. മോനോന് സമ്മാനിച്ചു. കൊല്ലത്ത് നടന്ന സമ്മേളനത്തിൽ വ്യവസായ-നിയമമന്ത്രി പി. രാജീവ് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങിയ പുരസ്കാരം സമ്മാനിച്ചു.
കൊല്ലത്ത് കടപ്പാക്കട സ്പോർട്സ് ക്ലബിലെ സ്വരലയ ഓഡിറ്റോറിയത്തിൽ നടന്ന അവാർഡ് സമ്മേളനം റവന്യൂമന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു.
നാട്ടിലെ ഭൂമിയുടെ കരം പ്രവാസികൾക്ക് ഓൺലൈൻ വഴി അടക്കാനുളള സൗകര്യം ഉടൻ ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. പിണറായി സർക്കാറിന്റെ മൂന്നാം വാർഷികത്തിന്റെ ഭാഗമായുള്ള നൂറുദിന കർമപദ്ധതിയിൽ ഇതിനുള്ള പ്രഖ്യാപനം ഉണ്ടാകുമെന്നും മന്ത്രി രാജൻ അറിയിച്ചു.
കൊല്ലം നഗരത്തിലെ സമർഥരായ നൂറ് വിദ്യാർഥികൾക്ക് ജെ.കെ. മേനോന്റെ നാമധേയത്തിലുള്ള വിദ്യാഭ്യാസ സ്കോളർഷിപ് സമ്മേളനത്തിൽ ജെ.കെ. മോനോൻ വിതരണം ചെയ്തു. 1000 രൂപയും സർട്ടിഫിക്കറ്റുമാണ് നൽകിയത്. ഹിന്ദുസ്ഥാൻ ലാറ്റക്സിന്റെ മുൻ സി.എം.ഡിയും വി. ഗംഗാധരന്റെ മകനുമായ ഡോ.ജി. രാജ്മോഹൻ പ്രശസ്തിപത്രം അവതരിപ്പിച്ചു.
ട്രസ്റ്റ് ചെയർമാൻ അഡ്വ.ജി. സത്യബാബു അധ്യക്ഷനായിരുന്നു. എം.കെ. പ്രേമചന്ദ്രൻ എം.പി, ട്രസ്റ്റ് സെക്രട്ടറി ആർ.എസ്.ബാബു എന്നിവർ സംസാരിച്ചു. ജീവകാരുണ്യപ്രവർത്തനത്തിലെ ആഗോള മലയാളി മുദ്രയായ പത്മശ്രീ അഡ്വ.സി.കെ. മേനോനെ സമ്മേളനത്തിൽ പ്രത്യേകമായി സ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.