സൂഖ് വാഖിഫിലെ സന്ദർശകർ

അവധി കഴിഞ്ഞ് തൊഴിലിടങ്ങൾ സജീവമാകുന്നു

ദോഹ: നീണ്ട പെരുന്നാൾ അവധിക്കാലവും കഴിഞ്ഞ് ഖത്തറിലെ തൊഴിലിടങ്ങൾ വീണ്ടും സജീവമായി തുടങ്ങുന്നു. സർക്കാർ ​മേഖലയിൽ പൊതു അവധി അവസാനിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ തന്നെ സ്വകാര്യ മേഖലയിലെ ഓഫിസുകളും മറ്റും തുറന്ന് പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. വ്യാഴാഴ്ച വരെ പൊതു അവധിയുള്ള സർക്കാർ സ്ഥാപനങ്ങൾ വാരാന്ത്യ അവധിയും കഴിഞ്ഞ് ഞായറാഴ്ചയാണ് പ്രവർത്തിച്ച് തുടങ്ങുന്നത്. വെള്ളിയാഴ്ചയായിരുന്നു പെരുന്നാൾ എങ്കിലും ഖത്തറിൽ കഴിഞ്ഞ ബുധനാഴ്ച തന്നെ പൊതു അവധി ആരംഭിച്ചിരുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് സർക്കാർ മേഖലയിലെ ജീവനക്കാർക്ക് 11 ദിവസം വരെ അവധി ലഭിച്ചു. സ്വകാര്യ മേഖലകളിൽ വ്യാഴാഴ്ചയോടെ അവധി തുടങ്ങി.

ഒരാഴ്ചയും കഴിഞ്ഞ് ഇക്കഴിഞ്ഞ ബുധൻ, വ്യാഴം ദിവസങ്ങളിലാണ് സ്വകാര്യ മേഖലകളിലെ ഓഫിസുകൾ സജീവമായത്. ബാങ്കുകൾ ഉൾപ്പെടെ ധനകാര്യ സ്ഥാപനങ്ങൾ ബുധനാഴ്ച തന്നെ തുറന്നു പ്രവർത്തനം ആരംഭിച്ചിരുന്നു. സ്കൂളുകളിൽ ഞായറാഴ്ചയോടെ ക്ലാസുകൾ ആരംഭിക്കും.

നാട്ടിലെത്തിയും വിദേശ രാജ്യങ്ങളും മറ്റും സന്ദർശിച്ചുമാണ് ഏറെ പേരും അവധി ആഘോഷമാക്കിയത്. ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ ഇക്കഴിഞ്ഞ ദിനങ്ങളിൽ നിരവധി പെരുന്നാൾ പരിപാടികളും അരങ്ങേറി.

അവധി ദിനങ്ങളിൽ ദോഹയിലും പരിസരങ്ങളിലും റോഡ് ഗതാഗതവും സുഖകരമായിരുന്നു. സ്കൂളുകൾ, ഓഫിസ് എന്നിവ അടഞ്ഞു കിടന്നതിനാൽ രാവിലെയും വൈകുന്നേരവുമായി വലിയ തിരക്കുകൾ അനുഭവപ്പെട്ടില്ല. എന്നാൽ, ലുസൈൽ ബൊളെവാഡ്, കോർണിഷ്, സൂഖ് വാഖിഫ്, മിഷൈരിബ് ഡൗൺടൗൺ, അൽ വക്റ, കതാറ തുടങ്ങിയ വിനോദ കേന്ദ്രങ്ങൾ വൈകുന്നേരങ്ങളിൽ തിരക്കിനാൽ വീർപ്പുമുട്ടി.

പെരുന്നാളും അവധിയും ആഘോഷവും കഴിഞ്ഞ് പുതു ഉന്മേഷത്തോടെയാണ് ജോലിയിൽ തിരികെ എത്തുന്നതെന്ന് ദോഹയിലെ ട്രാവൽ ഏജൻസി ജീവനക്കാരനായ മർവാൻ അബ്ദുല്ല പറയുന്നു. വിവിധ കേന്ദ്രങ്ങളിലെ ഈദ് ആഘോഷ പരിപാടികൾ ഇതിനകം അവസാനിച്ചെങ്കിലും ലുസൈൽ ബൊളെവാഡ്, മിഷൈരിബ് ഡൗൺ ടൗൺ എന്നിവിടങ്ങളിലെ ആഘോഷം വെള്ളിയാഴ്ച രാത്രിയോടെയാണ് സമാപിക്കുന്നത്.

Tags:    
News Summary - Jobs come alive after the holidays

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.