ദോഹ: റയൽ മാഡ്രിഡിന് വേണ്ടി ചാമ്പ്യൻസ് ലീഗും സ്പാനിഷ് ലീഗും നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരങ്ങളിലൊരാളായ ഹൊസേലു ഇനി ഖത്തരി ക്ലബായ അൽ ഗറാഫക്ക് വേണ്ടി ബൂട്ടുകെട്ടും. ഇറ്റാലിയൻ സ്പോർട്സ് ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ സീസണിൽ ലോസ് ബ്ലാങ്കോസ് എന്നറിയപ്പെടുന്ന റയൽ മാഡ്രിഡിന്റെ ഏക സ്ട്രൈക്കറായി ലോണിലെത്തിയ 34കാരൻ, ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ബയേണിനെതിരെ രണ്ട് കിടിലൻ ഗോളുകൾ നേടി ക്ലബിനെ ഫൈനലിലേക്ക് ആനയിച്ചിരുന്നു. പകരക്കാരനായി ഇറങ്ങി മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത ഹൊസേലു ഇതോടെ മാഡ്രിഡ് ആരാധകരുടെ പ്രിയപ്പെട്ടവനായി മാറുകയും ചെയ്തു.
റയലിനായി 49 മത്സരങ്ങളിൽ കളത്തിലിറങ്ങിയ ഹൊസേലു വിനീഷ്യസിനും (24) ബെല്ലിങ്ഹാമിനും (23) പിറകിലായി 18 ഗോളുകൾ നേടി ടീമിന്റെ ഏറ്റവും മികച്ച മൂന്നാമത്തെ ഗോൾ സ്കോററായി മാറുകയും ചെയ്തു. എസ്പാന്യോളിൽനിന്നും റയലിലെത്തിയ താരത്തെ നിലനിർത്താനുള്ള ഒപ്ഷൻ അടങ്ങിയതിനാൽ ഒരുവർഷത്തേക്ക് കൂടി കരാർ നീട്ടാനുള്ള തീരുമാനത്തിൽ ക്ലബ് അധികൃതർ എത്തിയിരുന്നു. അതിനിടെയാണ് ക്ലബിനെയും ആരാധകരെയും ഞെട്ടിച്ച് ഹൊസേലു ഖത്തറിലേക്ക് വിമാനം കയറുന്നത്. ഏഴു തവണ ഖത്തർ സ്റ്റാർസ് ലീഗ് കിരീടവും ഏഴുതവണ അമീർ കപ്പ് കിരീടവും സ്വന്തമാക്കിയ അൽ ഗറാഫ, 2023-2024 സീസണിൽ ലീഗിൽ അൽ സദ്ദിനും റയ്യാനും പിറകിലായി 44 പോയന്റ് നേടി മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.