ദോഹ: വിമാനാപകടത്തെത്തുടർന്ന് കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുകയും വിമാനത്താവള സൗകര്യത്തെക്കുറിച്ച് ചർച്ച ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ കൾച്ചറൽ ഫോറം ഇംഗ്ലീഷിലും മലയാളത്തിലുമായി തയാറാക്കിയ വസ്തുതാന്വേഷണ റിപ്പോർട്ട് വീണ്ടും ചർച്ചയാകുന്നു. 2015ൽ കരിപ്പൂരിൽ വൈഡ് ബോഡി വിമാനങ്ങൾക്ക് വിലക്കേർെപ്പടുത്തിയ സാഹചര്യത്തിൽ പൂർണ സാങ്കേതികവിവരങ്ങൾ ഉൾപ്പെടുത്തിയാണ് സംഘടന പഠന റിപ്പോർട്ട് തയാറാക്കിയിരുന്നത്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ മാനദണ്ഡപ്രകാരം 4 ഇ കാറ്റഗറിയിൽ പെടുന്ന വൈഡ് ബോഡി വിമാനങ്ങൾക്ക് സർവിസ് നടത്താൻ കരിപ്പൂർ എയർപോർട്ട് സജ്ജമാണെന്നതിനുള്ള വിദഗ്ധവിവരങ്ങളടക്കം ഉൾക്കൊള്ളുന്നതാണ് റിപ്പോർട്ട്.
ഇൻറർനാഷനൽ സിവിൽ ഏവിയേഷൻ പ്രസിദ്ധീകരിച്ച എയറോഡ്രോം ഡിസൈൻ മാന്വൽ പ്രകാരം 4 ഇ ഗണത്തിൽ പെട്ട വിമാനങ്ങൾക്ക് സർവിസ് നടത്താൻ ആവശ്യമായ റൺവേയുടെ മിനിമം നീളവും വീതിയും കരിപ്പൂർ എയർപോർട്ടിനുണ്ട്. വിമാനത്താവളങ്ങളിൽ റണ്‍വേയില്‍ നിന്ന് വിമാനങ്ങള്‍ തെന്നിമാറി അപകടങ്ങളുണ്ടാകുന്നത് തടയുന്ന ഇമാസ് (എൻജിനീയേഴ്ഡ് മെറ്റീരിയല്‍ അറസ്റ്റിങ് സിസ്റ്റം) സംവിധാനം അടിയന്തരമായി വിമാനത്തിൽ സ്ഥാപിക്കണമെന്ന് കൾച്ചറൽ ഫോറം വസ്തുതാന്വേഷണ റിപ്പോര്‍ട്ടിൽ ആവശ്യപ്പെട്ടിരുന്നു.
ഇമാസ് സംവിധാനമുണ്ടായിരുന്നുവെങ്കില്‍ ഇപ്പോഴുണ്ടായ പോലൊരു അപകടം ഒഴിവാകാനുള്ള സാധ്യത ഉണ്ടായിരുന്നു. എന്നാൽ, ഇപ്പോഴും കരിപ്പൂരിൽ ഇൗ സംവിധാനം ഒരുക്കിയിട്ടില്ല. കരിപ്പൂരില്‍ മാനദണ്ഡപ്രകാരമുള്ള റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ ഇപ്പോള്‍തന്നെ പര്യാപ്തമായ അളവിലുണ്ട്. കൂടുതല്‍ ആവശ്യമെങ്കില്‍ കിഴക്കുഭാഗത്ത് നിര്‍മിക്കാന്‍ സാധിക്കും.
2010ലെ മംഗലാപുരം ദുരന്തത്തിന് ശേഷം സിവില്‍ ഏവിയേഷന്‍ മന്ത്രാലയം രൂപവത്കരിച്ച സുരക്ഷ ഉപദേശക സമിതി നല്‍കിയ ശിപാര്‍ശയില്‍ എയര്‍പോര്‍ട്ടുകളില്‍ ഇമാസ് സംവിധാനം സ്ഥാപിക്കണമെന്ന് നിർദേശമുണ്ടായിരുന്നു. കരിപ്പൂർ വിമാനത്താവളം ടേബ്ൾ ടോപ് വിമാനത്താവളമാണെന്നും അവിടെ വിമാനങ്ങളുടെ ടേക് ഓഫിനും ലാൻഡിങ്ങിനും അപകടസാധ്യത കൂടുതലാണെന്നുമുള്ള പ്രചാരണങ്ങൾ തെറ്റാണെന്ന് വസ്തുതകൾ നിരത്തി റിപ്പോർട്ട് തെളിയിക്കുന്നുണ്ട്.
2015 ൽ കൾച്ചറൽ ഫോറം സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി സംസ്ഥാന സെക്രട്ടറിയും ട്രാൻസ്പോർട്ടേഷൻ എൻജിനീയറുമായ യാസർ എം. അബ്ദുല്ല, മെഹർ നൗഷാദ് എന്നിവർ ചേർന്നാണ് റിപ്പോർട്ട് തയാറാക്കിയത്. ഏവിയേഷൻ കൺസൾട്ടൻറ് ജിയോര്‍ജി സിലാഗിയാണ് പരിശോധന നടത്തിയത്.വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റിയാണ് പ്രസിദ്ധീകരിച്ചത്. കൾച്ചറൽ ഫോറം മുൻകൈയെടുത്ത് വിമാനത്താവള അതോറിറ്റിക്കും വ്യോമയാന മന്ത്രാലയത്തിനും റിപ്പോർട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.