ദോഹ: ബഹിരാകാശ ശാസ്ത്രത്തിലും ഗോള ശാസ്ത്രത്തിലും അറിവും ബോധവത്കരണവും നൽകുകയെന്ന ലക്ഷ്യവുമായി സ്പേസ് സയൻസ് പദ്ധതിക്ക് തുടക്കം കുറിച്ച് കതാറ കൾചറൽ വില്ലേജ്. വിദ്യാർഥികൾ, ഗവേഷകർ, പൊതു ജനങ്ങൾ തുടങ്ങിയ എല്ലാ വിഭാഗക്കാർക്കും ലഭ്യമാകുന്ന രീതിയിൽ ബഹിരാകാശ പഠനത്തെ ജനകീയമാക്കാൻ ലക്ഷ്യമിട്ടാണ് ഖത്തറിന്റെ സാംസ്കാരിക ഗ്രാമമായ കതാറ കൾചറൽ വില്ലേജ് പ്രത്യേക പ്രോഗ്രാമിന് തുടക്കം കുറിക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഗോളശാസ്ത്രകാരന്മാരുടെ കൂടി പങ്കാളിത്തത്തോടെയാവും പദ്ധതി നടപ്പാക്കുകയെന്ന് കതാറ ജനറൽ മാനേജർ ഡോ. ഖാലിദ് ബിൻ ഇബ്രാഹിം അൽ സുലൈതി വാർത്തസമ്മേളനത്തിൽ അറിയിച്ചു. അമേരിക്കൻ ബഹിരാകാശ ഗവേഷണകേന്ദ്രമായ നാസ ഡെപ്യൂട്ടി ചീഫ് ടെക്നോളജിസ്റ്റും ജിം ആഡംസ് വേൾഡ് സ്പേസ് സയൻസ് സ്ഥാപകനുമായ ഡോ. ജിം ആഡംസ്, മാപ്സ് ഇന്റർ നാഷനൽ പ്രസിഡന്റ് രശ്മി അഗർവാൾ എന്നിവരും പങ്കെടുത്തു. അന്താരാഷ്ട്ര തലത്തിലെ പ്രശസ്തരായ ബഹിരാകാശ ശാസ്ത്രജ്ഞരുടെയും ഗവേഷകരുടെയും സഹകരണത്തോടെയാണ് കതാറ ആകാശ ലോകത്തെ അനന്ത പഠനസാധ്യതകൾ ഖത്തറിലെ വിദ്യാർഥികളെയും ഗവേഷകരെയുമെല്ലാം ക്ഷണിക്കുന്നത്. വിദഗ്ധർ നയിക്കുന്ന പരിശീലന പരിപാടികൾ വിദ്യാർഥികൾ, ഗവേഷകർ ഉൾപ്പെടെ വിഷയത്തിൽ താൽപര്യമുള്ളവരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് കതാറ ജനറൽ മാനേജർ പറഞ്ഞു. 2018ൽ കതാറയിൽ പ്രവർത്തനമാരംഭിച്ച അൽ തുറായ പ്ലാനറ്റേറിയത്തിന്റെ ശാസ്ത്രീയ പരിപാടികളുടെ തുടർച്ച കൂടിയാണിത്. ഖത്തറിലെ വിവിധ സർവകലാശാലകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗവേഷക കേന്ദ്രങ്ങൾ എന്നിവക്കുള്ള വിവിധ പഠന സൗകര്യങ്ങളാണ് അൽ തുറായ നൽകുന്നത്.
ബഹിരാകാശ ഗവേഷണവും പഠനവും കൂടുതൽ സജീവമാക്കുകയും അവസരം തുറക്കുകയും ചെയ്യുകയെന്ന ഖത്തർ ദേശീയ വിഷൻ പദ്ധതിയും പുതിയ ചുവടുവെപ്പുകൾക്ക് പ്രചോദനം നൽകുന്നതാണ്. 35 വർഷത്തെ ബഹിരാകാശ ഗവേഷണ പരിചയമുള്ള അന്താരാഷ്ട്ര പ്രശസ്ത ശാസ്ത്രജ്ഞനായ ഡോ. ആഡംസ് അടുത്തിടെയാണ് നാസയിൽനിന്നും വിരമിച്ചത്. 30ലേറെ ബഹിരാകാശ ദൗത്യങ്ങളിൽ പങ്കെടുത്ത അദ്ദേഹം, പുതിയ തലമുറ ശാസ്ത്രകാരന്മാർക്ക് പിന്തുണ നൽകുകയെന്ന ലക്ഷ്യവുമായാണ് ഖത്തറിനൊപ്പം പങ്കുചേരുന്നത്. ബഹിരാകാശ ഗവേഷണം, ഗോളശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ അൽ തുറായ പ്ലാനറ്റേറിയത്തിൽ അന്താരാഷ്ട്ര പരിപാടികൾ സംഘടിപ്പിക്കുമെന്ന് രഷ്മി അഗർവാൾ പറഞ്ഞു. ജൂൺ 25 മുതൽ 27 വരെയുള്ള പരിശീലന പരിപാടിയോടെ തുടക്കം കുറിക്കും. കാലാവസ്ഥ ശാസ്ത്രത്തിലൂന്നി 13 മുതൽ 18 വയസ്സുവരെ കുട്ടികൾക്കാണ് ആദ്യ ഘട്ട പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.