ദോഹ: ഖത്തറിലെ മലയാളി സംരംഭകരുടെ കൂട്ടായ്മയായ കേരള ബിസിനസ് ഫോറം ‘കെ.ബി.എഫ് ബിസിനസ് കണക്ട്’ സംഘടിപ്പിച്ചു. ഇന്ത്യയിലെയും ഖത്തറിലെയും നിക്ഷേപ സാധ്യതകളെ കുറിച്ചും കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ വിവിധ സബ്സിഡികൾ, നികുതി ഇളവുകൾ, സഹായ ധനങ്ങൾ എന്നിവയെ കുറിച്ചും വിവിധ സെഷനുകളിലായി ചർച്ചകളും അവതരണങ്ങളുമായി ശ്രദ്ധേയമായ ‘ബിസിനസ് കണക്ട്’ നിക്ഷേപകർക്ക് പുതിയ വ്യാപാര സാധ്യതകളിലേക്കുള്ള കവാടമായി മാറി. രണ്ടു ദിവസങ്ങളിലായി ഗ്രാൻഡ് ഹയാത് ഹോട്ടലിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ അംബാസഡർ വിപുൽ മുഖ്യാതിഥിയായി. ഇൻവെസ്റ്റ് ഇന്ത്യ, ഇൻവെസ്റ്റ് ഖത്തർ, ഗ്രാൻഡ് തോൺഠൻ എന്നിവർ പങ്കാളികളായി.
ഉദ്ഘാടന ചടങ്ങിൽ കെ.ബി.എഫ് പ്രസിഡന്റ് അജി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. നോർക്ക റൂട്സ് ഡയറക്ടർ സി.വി. റപ്പായി, കെ.ബി.എഫ് അഡ്വൈസറി ബോർഡ് ചെയർമാൻ രാമകൃഷ്ണൻ, ഐ.ബി.പി.സി പ്രസിഡന്റ് ജാഫർ സാദിഖ്, ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, സ്ഥാപക പ്രസിഡന്റ് അബ്ദുല്ല തെരുവത്, കെ.ബി.എഫ് കണക്ട് കൺവീനർ കിമി അലക്സാണ്ടർ, ജനറൽ സെക്രട്ടറി മൻസൂർ മൊയ്ദീൻ എന്നിവർ സംസാരിച്ചു. ഇൻവെസ്റ്റ് ഖത്തറിനെ പ്രതിനിധാനംചെയ്ത് മുഹമ്മദ് അൽ ഇമാദി, ഖത്തർ ഫിനാൻഷ്യൽ സെന്ററിന്റെ പ്രതിനിധിയായി മുഹമ്മദ് ജാസിം അൽ കുവാരി, വൊഡാഫോൺ ബിസിനസിൽ നിന്നും മുഹമ്മദ് അൽ യഫായി, ഖത്തർ സയൻസ് ആൻഡ് ടെക്നോളജി പാർക്കിൽ നിന്നും വികാഷ് സനന്ദ എന്നിവരുമായുള്ള പാനൽ ഡിസ്കഷൻ കെ.ബി.എഫ് പ്രസിഡന്റ് അജി കുര്യാക്കോസ് നിയന്ത്രിച്ചു. പ്രമുഖരായ ഖത്തരി, ഇന്ത്യൻ വ്യവസായ സംരംഭകരും, സാമൂഹിക സാംസ്കാരിക നേതാക്കളും പങ്കെടുത്തു. ലുലു ഹൈപ്പർ മാർക്കറ്റ് മുഖ്യ പ്രായോജകരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.