ദോഹ: മോട്ടോറിസ്റ്റുകളുടെ അഭ്യാസപ്രകടനങ്ങളുടെ വേദിയായി ഖോർ അൽ ഉദൈദിൽ പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയം ഒരുക്കിയ കേന്ദ്രങ്ങൾ. ഖോർ ഉൽ ഉദൈദ്, സീലൈൻ എന്നീ ഭാഗങ്ങളിലാണ് ൈഡ്രവർമാർക്ക് ഡ്രിഫ്റ്റിങ് പോലെയുള്ള അഭ്യാസപ്രകടനങ്ങൾ പ്രദർശിപ്പിക്കാനായി മന്ത്രാലയത്തിന് കീഴിലെ നാഷനൽ റിസർവ്സ് വിഭാഗം പ്രത്യേകം സൗകര്യമേർപ്പെടുത്തിയത്. ഗതാഗത ജനറൽ ഡയറക്ടറേറ്റ്, മവാതിർ എന്നിവരുമായി സഹകരിച്ച് ഖോർ അൽ ഉദൈദ് പ്രകൃതിസംരക്ഷണ മേഖലയിൽ 30,000 യുവാക്കൾ തങ്ങളുടെ വാഹന അഭ്യാസങ്ങൾ നടത്തിയതായി നാഷനൽ റിസർവ്സ് വിഭാഗം അസി. ഡയറക്ടർ സാലിം ഹുസൈൻ അൽ സഫ്റാൻ പറഞ്ഞു.
പ്രത്യേക സുരക്ഷ മാനദണ്ഡങ്ങൾ ഉൾപ്പെടുത്തി ഡ്രൈവർമാർക്ക് കഴിവുകൾ പ്രകടിപ്പിക്കാനും പ്രദർശിപ്പിക്കാനുമായി ഖോർ അൽ ഉദൈദ് ഭാഗത്ത് വലിയഭാഗം നീക്കിവെച്ചതായും വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് വലിയ തുക സമ്മാനമായി നൽകിയതായും അൽ സഫ്റാൻ കൂട്ടിച്ചേർത്തു. ഈ വർഷത്തെ മത്സരങ്ങളിൽ മറ്റു ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള മോട്ടോറിസ്റ്റുകളും പങ്കെടുത്തതായും റമദാനിൽ റോഡുകളിൽ ഡ്രിഫ്റ്റ് നടത്തിയത് സംബന്ധിച്ച് അധിക കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പ്രത്യേകം ചൂണ്ടിക്കാട്ടി. ഡ്രിഫ്റ്റിങ് പോലെയുള്ള ൈഡ്രവിങ് കഴിവുകൾ പ്രദർശിപ്പിക്കുന്നതിനായി അധികൃതർ പ്രത്യേകം അനുവദിച്ച സ്ഥലം ഉപയോഗപ്പെടുത്തണമെന്നും ഈ സ്ഥലത്ത് ഇതുവരെ അപകടം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, രാജ്യത്തെ ദേശീയ സംരക്ഷണ പ്രദേശങ്ങളിലും പുൽമേടുകളിലും പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങളിലും നിയമലംഘനങ്ങൾ കുറക്കുന്നതിനായി വ്യാപകമായ ബോധവത്കരണ കാമ്പയിനുകൾ അധികൃതർ സംഘടിപ്പിക്കുന്നുണ്ട്. നിയമങ്ങളും നിയമലംഘനങ്ങളും സംബന്ധിച്ചുള്ള അവബോധം കുറഞ്ഞത് കാരണത്താലാണ് സംരക്ഷണ കേന്ദ്രങ്ങളിലെ സന്ദർശകരുടെ നിയമലംഘനങ്ങൾ അധികമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രത്യേകം വേലികെട്ടി സംരക്ഷിക്കുന്നതും തുറന്നതുമായ രണ്ടു തരം ദേശീയ സംരക്ഷണ പ്രദേശങ്ങളാണ് രാജ്യത്തുള്ളതെന്നും ഇത്തരം 12 പ്രദേശങ്ങൾ ഉണ്ടെന്നും ദഖീറ, അൽഖോർ അൽ ഉദൈദ് എന്നിവിടങ്ങളിൽ കടലും കരയും ചേർന്ന പ്രദേശങ്ങളാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.