തുർക്കിയ യാത്രയിൽ കപ്പഡോക്കികയയും കഴിഞ്ഞ് ‘കൊനിയ’ ആയിരുന്നു അടുത്ത ലക്ഷ്യകേന്ദ്രം. ബൈസൈന്റൻ, സെൽജൂക് ഭരണങ്ങളുടെ കേന്ദ്രമായിരുന്ന കൊനിയൻ നാഗരികതയുടെ ചരിത്രം നവീന ശിലായുഗത്തിലേക്ക് നീളുന്നു. റോമൻ, ബൈസൈന്റൻ, സെൽജൂക്, ഓട്ടോമൻ നാഗരികതകളുടെ ശേഷിപ്പുകളുമായി ‘സില്ലെ’ നഗരം. അതിപുരാതന അതലോയുക് നഗരത്തിന്റെ അവശിഷ്ടങ്ങൾ. പള്ളികളും ചർച്ചുകളും കോട്ടകളും സാംസ്കാരിക-കലാകേന്ദ്രങ്ങളുമെല്ലാമായി കൊനിയ തുറന്നുെവച്ച ഒരു പുരാവസ്തു മ്യൂസിയമാണ്.
ആത്മീയതയുടെ രണ്ടു സമുദ്രങ്ങൾ സമ്മേളിക്കുന്ന ഇടംകൂടിയാണ് കൊനിയ. ഖുറാസാനിലെ ബാൾക്കിൽ ജനിച്ച മൗലാന ജലാലുദ്ദീൻ റൂമിയും ഇറാനിലെ തബ്രീസിൽനിന്ന് ഇവിടെയെത്തിയ ശംസ് തബ്രീസിയും ഈ നഗരത്തിൽ കണ്ടുമുട്ടി. ആയിരങ്ങളാണ് റൂമിയുടെ കുടീര(മഖ്ബറ)ത്തിൽ ദിവസവും എത്തുന്നത്. റൂമിയുടെ അരികത്തായി കൊനിയയിലെ സൂഫീ ആചാര്യന്മാരായ ശലബികളും അവരുടെ ഭാര്യമാരുമുണ്ട്. കാലിഗ്രഫി, ചിരാഗുകൾ, ജപമാലകളെല്ലാം കൊണ്ട് അലംകൃതമാണ് റൂമിയുടെ കുടീരം. മസ്നവിയുടെയും ദിവാനെ കബീറിന്റെയും ഖുർആന്റെയും വിവിധ കാലങ്ങളിലെ കൈയെഴുത്തുപ്രതികൾ. സമീപത്ത് നൃത്തമുറികളും ദർവീശ് കോട്ടേഴ്സുകളും സ്കൂളും. മഖ്ബറക്കുള്ളിൽ സദാ നിശ്ശബ്ദതയാണ്. പതിഞ്ഞ സ്വരത്തിലുള്ള സൂഫി സംഗീതം. ഖുർആൻ ഓതുന്നവരുമുണ്ട്. അധികവും സ്ത്രീകളാണ്.
‘നിങ്ങൾ ആരായാലും വരൂ. അവിശ്വാസിയോ പ്രാകൃതമതക്കാരനോ അഗ്നിയാരാധകനോ ആരായാലും. നൈരാശ്യത്തിന്റെ സഹോദര സംഘമല്ല നമ്മുടേത്. ആയിരം തവണ പശ്ചാത്താപ ഉടമ്പടികൾ ലംഘിച്ചിട്ടുണ്ടെങ്കിലും വരൂ’ -ജലാലുദ്ദീൻ റൂമി 700 വർഷങ്ങൾക്കുശേഷവും മികച്ച ഉസ്താദാണ്. ഇവിടെ വരുന്നവർ മഖ്ബറക്ക് അകത്തും അടുത്തുള്ള പള്ളിയിലും പുറത്തെ തെരുവിലും ഇരുന്ന് വിവിധ ഭാഷകളിൽ മസ്നവിയും ദിവാനെ കബീറും വായിക്കുന്നു. റൂമിയുടെ ആത്മീയപ്രപഞ്ചം സാർവത്രികമാണ്.
യാസീൻ (ഖുർആനിലെ ഒരു അധ്യായം) ഓതിയ ശേഷം മഖ്ബറക്കുള്ളിൽ ഇരിക്കാൻ ഒരു സ്ഥലം കണ്ടെത്തി. ധ്യാനനിമഗ്നരായി ഇരിക്കുന്ന ദർവീശുകളെ നോക്കി വെറുതെയിരുന്നു. ദേശങ്ങൾ താണ്ടി ഇവിടെയെത്തിയ സന്ദർശകർ എന്നെ കടന്നുപോയിക്കൊണ്ടിരുന്നു.
നടക്കാനുള്ള അകലത്തിലാണ് ശംസ് തബ്രീസി. പക്ഷേ, ഏകനാണ്. തൊട്ടടുത്ത പാർക്കിൽ നിറയെ സിറിയൻ അഭയാർഥികൾ. മഖ്ബറ കാണിച്ചുതരാമോ എന്നു ചോദിച്ചപ്പോൾ ഒരു സിറിയൻ യുവാവ് കൈപിടിച്ചു കൊണ്ടുപോയി. അകത്ത് നിശ്ശബ്ദത. ഖുർആൻ ഓതുന്ന സ്ത്രീകൾ. കാവൽക്കാരനായി ആകമാനം നരച്ചുപോയ പടുവൃദ്ധനായ ദർവീശ്. കൽപനകൾ പുറപ്പെടുവിക്കുകയോ സന്ദർശകരെ നിരീക്ഷിക്കുകയോ ചെയ്യുന്നില്ല അദ്ദേഹം. സദാ തസ്ബീഹ് ചൊല്ലുന്നു. പുഞ്ചിരിക്കുന്നു. പൈസ കൊടുത്തപ്പോൾ തസ്ബീഹ് മാല കൊണ്ട് അനുഗ്രഹിച്ചു.
ഏകാന്തത ഇഷ്ടപ്പെട്ടിരുന്നു ശംസ്. ശാന്തനായിരുന്നു എപ്പോഴും. തൊട്ടടുത്ത പാർക്കിൽ അധികവും സിറിയൻ അഭയാർഥികളാണെന്നത് ചരിത്രപരമായ മറ്റൊരു ആകസ്മികതയായിരിക്കാം. ശംസ് സിറിയയെ ഇഷ്ടപ്പെട്ടിരുന്നു. കൊനിയയിൽനിന്ന് പോയത് ഡമസ്കസിലേക്കായിരുന്നു. സൂഫിചിഹ്നങ്ങളെയും ദർബാറുകളെയും ദർസുഖാനകളെയും നിരന്തരം ഉന്നമിട്ടിരുന്ന അത്താതുർക്ക് ഭരണകൂടത്തിന്റെ മതേതരഭീകരതയെ തുർക്കിയ അതിജീവിച്ചതിന്റെ ജീവിക്കുന്ന കാഴ്ചകൂടിയാണ് കൊനിയ.
രണ്ടു വൻകരകളിലേക്ക് തുറന്നുവെച്ച വാതിലാവുന്നു ഇസ്തംബൂൾ. പൈതൃകങ്ങളുടെ സ്പർശങ്ങളിൽ ജീവിക്കുന്ന നഗരം. ഇത് ഒരു പോലെ പാശ്ചാത്യവും പൗരസ്ത്യവുമാണ്. പൗരാണികവും ആധുനികവും.
പള്ളികൾ, മ്യൂസിയങ്ങൾ, ഗോപുരങ്ങൾ. ഇവക്കു താഴെ ചായ കുടിക്കുകയും പുക വലിക്കുകയും പാട്ട് പാടുകയും ചെയ്യുന്ന അറ്റമില്ലാത്ത തെരുവുകൾ. സുഗന്ധവ്യജ്ഞനങ്ങൾ മണക്കുന്ന വഴികൾ അവസാനിക്കുന്നിടത്ത് ജപമാലകളും വിളക്കുകളും തൂങ്ങികിടക്കുന്ന മധുരം വിൽക്കുന്ന തെരുവുകൾ തുടങ്ങുന്നു. ദേശ-ഭാഷ-സാംസ്കാരികാസ്തിത്വങ്ങളെ സമ്പൂർണമായി ഉൾക്കൊണ്ടുള്ള ദേശ രാഷ്ട്ര സങ്കല്പമായിരുന്നു ഓട്ടോമൻസ് വിഭാവനം ചെയ്തത് എന്ന് നോം ചോംസ്കി നിരീക്ഷിച്ചത് വായിച്ചത് ഓർക്കുന്നു.
ആ സങ്കല്പത്തിന്റെ നിദർശനമാണ് തുർക്കികൾക്ക് പുറമെ അറബികളുടെയും അർമിനീയക്കാരുടെയും റഷ്യക്കാരുടെയും വീടായ ഇസ്തംബൂൾ. കൂട്ടപ്പലായനങ്ങൾക്കൊടുവിൽ ഈ നഗരം ഏറ്റുവാങ്ങിയ അഭയാർഥികളുടെ കൂടി നഗരമാണ് ഇസ്തംബൂൾ. അതിൽ ആഫ്രിക്കക്കാരും സിറിയക്കാരും യമനികളും വിവിധ സോവിയറ്റ് രാജ്യങ്ങളിൽനിന്നുള്ളവരും അല്ലാത്തവരും ഉണ്ട്. ജിജ്ഞാസയും കൗതുകവും തോറ്റുപോവുന്ന സ്വപ്ന തുല്യമായ ഒരിടം. ബുർസയിൽനിന്ന് വന്നിറങ്ങിയതുമുതൽ സ്വപ്നങ്ങളിൽനിന്ന് സ്വപ്നങ്ങളിലേക്ക് ഉണർന്നുകൊണ്ടിരിക്കുന്നു. ക്രിസ്റ്റഫർ നോളന്റെ ‘ഇൻസെപ്ഷനിൽ ഒക്കെ കാണുന്നപോലെ. കണ്ടു തീരാത്ത കാഴ്ചകൾ. തിരിച്ചുവരാതിരിക്കുന്നതെങ്ങനെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.