ദോഹ: ലോകകപ്പിനെ വരവേൽക്കാനൊരുങ്ങുന്ന ഖത്തറിന്‍റെ മണ്ണിൽ വിശ്വമേളയിലേക്ക് യോഗ്യത നേടിയ രണ്ട് രാജ്യങ്ങളുടെ കൂടി പതാക ഉയർന്നു. യോഗ്യത നേടിയ രാജ്യങ്ങളുടെ ദേശീയപതാക പാറിപ്പറക്കുന്ന ദോഹ കോർണിഷിൽ, ലോകകപ്പ് കൗണ്ട്ഡൗൺ ക്ലോക്കിനോട് ചേർന്നാണ്, ഏറ്റവും പുതുതായി യോഗ്യത നേടിയ ഇറാൻ, ദക്ഷിണ കൊറിയ ടീമുകളുടെ കൂടി പതാക ഉയർന്നത്. ലോകകപ്പിന്‍റെ വർഷത്തിൽ കോർണിഷിന്‍റെ ആകാശത്തേക്ക് അഭിമാനത്തോടെ ഉയരുന്ന ആദ്യ പതാകകൂടിയായി ഇത്.
വ്യാഴാഴ്ച ഉച്ച കഴിഞ്ഞ നടന്ന ചടങ്ങിൽ ഖത്തറിലെ ഇറാൻ അംബാസഡർ ഹാമിദ് റിസ ദെഹ്ഗാനും ദക്ഷിണ കൊറിയ അംബാസഡർ ജൂൺ ഹോ ലീയും തങ്ങളുടെ രാജ്യങ്ങളുടെ പതാക ഉയർത്തി.
ഖത്തർ ലോകകപ്പിന്‍റെ പ്രദേശിക സഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സെക്രട്ടറി ജനറൽ ഹസ്സൻ അൽ തവാദി, ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഖാലിദ് അലി അൽ മൗലവി, സുപ്രീം കമ്മിറ്റിയുടെയും ഫിഫയുടെയും ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഏഷ്യൻ മേഖലാ യോഗ്യതാ റൗണ്ടിൽനിന്നുമാണ് ഇറാനും ദക്ഷിണ കൊറിയയും വിശ്വമേളയിലേക്ക് ടിക്കറ്റുറപ്പിച്ചത്.
ആതിഥേയർ ഉൾപ്പെടെ ഇതുവരെ യോഗ്യത നേടിയ മുഴുവൻ ടീമുകളുടെയും പതാകകൾ കഴിഞ്ഞ വർഷം തന്നെ ദോഹ കോർണിഷിലെ കൊടിമരത്തിൽ ഉയർത്തിയിരുന്നു. ബ്രസീൽ, അർജന്‍റീന, ജർമനി, ഡെന്മാർക്, ഫ്രാൻസ്, ബെൽജിയം, ക്രൊയേഷ്യ, സ്പെയിൻ, സെർബിയ, ഇംഗ്ലണ്ട്, സ്വിറ്റ്സർലൻഡ്, നെതർലൻഡ്സ് ടീമുകളുടെ പതാകയാണ് ഖത്തറിനൊപ്പം പാറിപ്പറക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.