ദോഹ: തൊഴിൽ തർക്ക പരിഹാരത്തിനുള്ള ഏകീകൃത സംവിധാനം ഈ മാസം അവസാന വാരത്തോടെ നിലവിൽവരുമെന്ന് ഭരണ നിർവഹണ വികസന, തൊഴിൽ സാമൂഹികകാര്യ മന്ത്രാലയം അറിയിച്ചു. സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കും തൊഴിൽ നിയമ ലംഘനങ്ങളുടെ പേരിൽ പരാതി സമർപ്പിക്കുന്നതിനുള്ള ഏകീകൃത സംവിധാനമായിരിക്കുമിത്. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഖത്തരികൾക്കും പ്രവാസികൾക്കും തങ്ങളുടെ തൊഴിൽദാതാക്കൾക്കെതിരെ പരാതി സമർപ്പിക്കാൻ ഇത് സഹായിക്കും. ഖത്തറിൽ വിദേശ തൊഴിലാളികളുടെ എണ്ണം കൂടിവരുകയാണ്.
2018 അവസാന പാദത്തിൽ 2093360 തൊഴിലാളികളായിരുന്നു ഖത്തറിലുണ്ടായിരുന്നത്. പിന്നീട് തൊഴിലാളികളുടെ എണ്ണം 2150694 ആയി വർധിച്ചു. ഇതിൽ 85.3 ശതമാനം പുരുഷന്മാരും 14.7 ശതമാനം സ്ത്രീകളും ഉൾപ്പെടും. ആസൂത്രണ സ്ഥിതിവിവരക്കണക്ക് അതോറിറ്റി നടത്തിയ ലേബർ ഫോഴ്സ് സാമ്പിൾ സർവേയിലാണ് തൊഴിലാളികളുടെ എണ്ണം പുറത്തുവിട്ടത്. സർവേ പ്രകാരം 25 വയസ്സിനും 34 വയസ്സിനും ഇടയിലുള്ളവരാണ് എണ്ണത്തിൽ കൂടുതൽ. ആകെയുള്ളതിെൻറ 94.5 ശതമാനവും ഈ പ്രായഗണത്തിൽ പെടുന്നവരാണ്.
തൊഴിൽ തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള ഏകീകൃത സംവിധാനം മേയ് 24ന് നിലവിൽ വരുമെന്നും സമൂഹത്തിലെ എല്ലാവർക്കും തൊഴിൽ സംബന്ധമായ പരാതികൾ സമർപ്പിക്കാൻ അവസരമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രാലയത്തിലെ ഐ.ടി ഡയറക്ടർ എൻജി. മുന സാലിം അൽ ഫദ്ലി വ്യക്തമാക്കി.
തൊഴിലാളികളുമായി ആശയവിനിമയം സാധ്യമാക്കുന്നതിനുള്ള മാധ്യമങ്ങളും ചാനലുകളും വിപുലീകരിക്കുന്നതിെൻറ ഭാഗമാണ് പുതിയ പ്ലാറ്റ്ഫോം. തൊഴിൽ പരിഹാരത്തിനുള്ള ആഭ്യന്തര പരിപാടികൾ വികസിപ്പിക്കുക, ടാബ്ലെറ്റുകളിലും കമ്പ്യൂട്ടറുകളിലും സ്മാർട്ട് ഫോണുകളിലും ഉപയോഗിക്കാൻ വിധത്തിൽ സംവിധാനം കൂടുതൽ വിപുലമാക്കുക എന്നിവയും ഇതിെൻറ ലക്ഷ്യങ്ങളിൽപെടുന്നു.
തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും സുരക്ഷിതത്വവും ആരോഗ്യകരമായ തൊഴിൽ അന്തരീക്ഷവും സൃഷ്ടിക്കുന്നതിൽ ഖത്തർ പ്രതിജ്ഞാബദ്ധരാണ്. പുതിയ സംവിധാനം കൂടുതൽ വിപുലമാക്കി രണ്ടാം ഘട്ടം ഉടൻ ആരംഭിക്കും. നേരത്തേ ഉൾപ്പെടാത്ത അഞ്ച് അധിക ചാനലുകളും വിവിധ കാറ്റഗറികളും ഇതിൽ ഉൾപ്പെടുമെന്നും അധികൃതർ വ്യക്തമാക്കി.
തൊഴിലാളികളുടെ ക്ഷേമത്തിനായി വിവിധ നടപടികളാണ് രാജ്യം സ്വീകരിക്കുന്നത്. തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാൻ വാട്സ് ആപ് സേവനവും നിലവിലുണ്ട്.
മലയാളത്തിലടക്കം ഈ നമ്പറിൽ സേവനം ലഭ്യമാണ്. തൊഴിൽ നിയമങ്ങൾ, നിയന്ത്രണങ്ങൾ, പുതിയ ചട്ടങ്ങൾ തുടങ്ങിയവ സംബന്ധിച്ച ജനങ്ങളുടെ സംശയ നിവാരണത്തിന് 60060601 എന്ന വാട്സ് ആപ് നമ്പറിലാണ് ബന്ധപ്പെടേണ്ടത്. ഖത്തര്‍ ഗവണ്‍മെൻറ് കമ്യൂണിക്കേഷന്‍സ് ഓഫിസ് (ജി.സി.ഒ) ആണ് പുതിയ സേവനം തുടങ്ങിയത്. https://wa.me/97460060601?text=Hi എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ നേരിട്ട് ഈ വാട്സ് ആപ് സേവനത്തിലേക്കെത്താനും കഴിയും.
60060601 എന്ന നമ്പര്‍ ആക്ടിവേറ്റ് ചെയ്ത് 'ഹായ്' അയച്ചാല്‍ ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുക്കാം. അറബിക്, ഇംഗ്ലീഷ്, മലയാളം, ഉർദു, ഹിന്ദി, നേപ്പാളി എന്നിങ്ങനെ ആറ് ഭാഷകളിലായി സേവനം ലഭ്യമാണ്. പിന്നീട് ഏഴ് ഒപ്ഷനുകള്‍ നല്‍കും. തൊഴില്‍ അവകാശങ്ങളെ കുറിച്ചറിയല്‍, ഖത്തര്‍ വിസ സെൻററില്‍ അപേക്ഷ നൽകൽ, പരാതികള്‍ അറിയിക്കല്‍, നേരത്തെ അയച്ച അപേക്ഷകളുടെ പുരോഗതി അറിയല്‍, സംശയ നിവാരണം, പ്രധാന നമ്പറുകളെ കുറിച്ചറിയല്‍ എന്നീ ഏഴ് ഒപ്ഷനുകളില്‍ ആവശ്യമുള്ളത് തിരഞ്ഞെടുക്കാം. തുടര്‍ന്ന് ആവശ്യങ്ങള്‍ മെസേജായി അയക്കുന്നതോടെ മറുപടി ലഭിക്കും. തൊഴിലാളിക്കും തൊഴിലുടമക്കും ഈ നമ്പര്‍ വഴി സേവനം തേടാം. എന്നാല്‍, ഈ നമ്പറിൽ വിളിക്കാൻ കഴിയുന്ന സൗകര്യം ഇല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.