ദോഹ: ദേശീയ കായികദിനം പ്രമാണിച്ച് നൂറിലധികം പൊതു പാർക്കുകൾക്ക് മുനിസിപ്പാലിറ്റി മന്ത്രാലയം കായിക ഉപകരണങ്ങളും ഫിറ്റ്നസ് ബോക്സുകളും നൽകി. ഉമ്മുൽ സനീം പാർക്കിൽ മന്ത്രാലയം സംഘടിപ്പിച്ച കായിക പരിപാടികളിൽ മുനിസിപ്പാലിറ്റി മന്ത്രി ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ സുബയ്യ് പങ്കെടുത്തു.
ഉമ്മുൽ സനീം പാർക്കിലാണ് ലോകത്തിലെ ഏറ്റവും വലിയ എയർ കണ്ടീഷൻഡ് ട്രാക്കുള്ളത്. ഈ ജോഗിങ് ട്രാക്കുകളിലൂടെ മന്ത്രി ഉദ്യോഗസ്ഥർക്കൊപ്പം നടത്തത്തിൽ പങ്കാളിയായി. നിരവധി സ്ഥാപനങ്ങളുടെ ഏകോപനത്തോടെ പാർക്കിൽ സംഘടിപ്പിച്ച കായിക, ഫിറ്റ്നസ് പ്രവർത്തനങ്ങളിലും അദ്ദേഹം പങ്കെടുത്തു.
പൗരന്മാർക്കും പ്രവാസികൾക്കുമായി മുനിസിപ്പാലിറ്റി മന്ത്രാലയം സമർപ്പിച്ച നൂറിലധികം പൊതു പാർക്കുകളിൽ ദേശീയ കായിക ദിനാഘോഷത്തിനായി വൻതോതിൽ സന്ദർശകരെത്തി. ഫുട്ബാൾ, വോളിബാൾ, ബാസ്കറ്റ്ബാൾ, ടെന്നിസ്, ടേബിൾ ടെന്നിസ്, ജോഗിങ്, റണ്ണിങ് തുടങ്ങി നിരവധി കായിക, ഫിറ്റ്നസ് പ്രവർത്തനങ്ങളിൽ പൊതുജനങ്ങൾ പങ്കെടുത്തു.
ലഖ്തിഫിയ പാർക്ക്, റൗദത്ത് അൽ ഖൈൽ പാർക്ക്, അൽ ഗരാഫ പാർക്ക്, ഉമ്മുൽ സെനീം പാർക്ക്, അൽ ദായെൻ പാർക്ക് എന്നിവ ഭിന്നശേഷിക്കാർക്കായി സജ്ജമാക്കിയ ഗെയിമുകളുള്ള പാർക്കുകളാണ്. റൗദത്ത് അൽ ഹമാമ പാർക്ക്, അൽ വക്ര പാർക്ക്, അൽ ഫുർജാൻ തുടങ്ങി ഉടൻ തുറക്കുന്ന പാർക്കുകളിൽ ഭിന്നശേഷിക്കാർക്കുള്ള ഗെയിമുകളുണ്ടാകും. 30 പൊതു പാർക്കുകളിൽ സന്ദർശകർക്ക് ഫുട്ബാൾ, വോളിബാൾ, ബാസ്കറ്റ്ബാൾ, ടെന്നിസ് മത്സരങ്ങൾ സംഘടിപ്പിച്ചു.
26 പാർക്കുകളിൽ ജോഗിങ് ട്രാക്കുകൾ സജ്ജമായിരുന്നു. മൊത്തം 22 പൊതു പാർക്കുകളിൽ കായിക ഉപകരണങ്ങൾ നൽകി. അഞ്ച് പാർക്കുകളിൽ ഫിറ്റ്നസ് ബോക്സുകൾ സജ്ജീകരിച്ചു. 12 പാർക്കുകളിൽ സൈക്ലിങ് ട്രാക്കുകളുണ്ടായിരുന്നതിൽ നാലെണ്ണം കുട്ടികൾക്കായുള്ളതായിരുന്നു. മൂന്ന് പാർക്കുകളിൽ ടേബിൾ ടെന്നിസ്, രണ്ട് പാർക്കുകളിൽ ചെസ്സ് എന്നിവയും ഉണ്ടായിരുന്നു.
പബ്ലിക് പാർക്കുകൾ നൽകുന്ന സൗകര്യങ്ങൾ ഉപയോഗിച്ച് വർഷം മുഴുവൻ വ്യായാമം ചെയ്യാൻ ആളുകളെ പ്രോത്സാഹിപ്പിക്കാനാണ് ഖത്തർ ദേശീയ കായികദിനം പ്രഖ്യാപിച്ചത്. രാജ്യത്തുടനീളമുള്ള മിക്കവാറും എല്ലാ പ്രദേശങ്ങളിലും പബ്ലിക് പാർക്ക് ഡിപ്പാർട്മെന്റ് പാർക്കുകൾ നിർമിച്ചിട്ടുണ്ട്. അതത് പ്രദേശങ്ങളിലെ താമസക്കാർക്ക് കായിക സേവനങ്ങൾ പ്രയോജനപ്പെടുത്താനും ആരോഗ്യം സംരക്ഷിക്കാനുമാകും.
ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുന്നതിന് ആളുകളെ പ്രേരിപ്പിക്കുകയാണ് കായികദിനത്തിന്റെ വലിയ ലക്ഷ്യങ്ങളിലൊന്നെന്ന് അൽ ഖൂരി പറഞ്ഞു. ഒഴിവുസമയങ്ങളിൽ പാർക്കുകൾ സന്ദർശിക്കാൻ കഴിയുന്ന പരമാവധി പേരെ സ്വീകരിക്കുന്നതിനായാണ് പൊതു പാർക്കുകളുടെ സമയം രാവിലെ മുതൽ രാത്രി വൈകി വരെ നീട്ടിയതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.