ദോഹ: 2022 ലോകകപ്പിലേക്കുള്ള ഖത്തറിെൻറ പദ്ധതികളിൽ നിന്നും തയ്യാറെടുപ്പുകളിൽ നിന്നും ഭാവിയിലെ ആതിഥേയർക്ക് മാതൃകയുണ്ടെന്ന് തെക്കനമേരിക്കൻ ഫുട്ബോൾ ഫെഡറേഷനായ കോൺമിബോൾ പ്രസിഡൻറ് അലജാേന്ദ്രാ ഡോമിൻഗസ് വ്യക്തമാക്കി. ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ആസ്ഥാനം സന്ദർശിച്ച അദ്ദേഹം ലോകകപ്പ് പുരോഗതികൾ വിലയിരുത്തുകയും തയ്യാറെടുപ്പുകളെ വാനോളം പുകഴ്ത്തുകയും ചെയ്തു. ഖത്തറിെൻറ തയ്യാറെടുപ്പുകളിൽ കോൺമിബോളിന് സംതൃപ്തിയുണ്ടെന്നും ഒരുപാട് പാഠങ്ങൾ പഠിക്കാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ലോകകപ്പിന് ഒരുങ്ങുന്ന രാജ്യത്ത് നിന്നും വളരെയേറെ സഹായകരമായ കാര്യങ്ങൾ അറിയാനുണ്ടെന്നും ഡോമിൻഗസ് സൂചിപ്പിച്ചു. ടീം ആരാധകർക്കും കളിക്കാർക്കും ഒഫീഷ്യലുകൾക്കും കുറഞ്ഞ സമയം കൊണ്ട് ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് എത്തിച്ചേരുന്നതടക്കമുള്ള ഖത്തറിെൻറ പദ്ധതികളെ അദ്ദേഹം ചൂണ്ടിക്കാണിക്കാനും മറന്നില്ല. ഇത് യഥാർത്ഥമാണ്. എല്ലാം കൃത്യമായ ആസൂത്രണത്തോടെയും ബുദ്ധിയോടെയും പുരോഗമിക്കുകയാണ്. സ്റ്റേഡിയങ്ങൾക്കിടയിൽ ഒരു മണിക്കൂർ കൊണ്ടു എത്തിച്ചേരാൻ സാധിക്കുമെന്നത് ലോകകപ്പിനെത്തുന്നവർക്ക് മികച്ച അനുഭവമായിരിക്കുമെന്നും ഒരു ദിവസത്തിൽ ഒന്നിലധികം മത്സരങ്ങൾ കാണാൻ ആരാധകർക്കുള്ള സുവർണാവസരം ഇതൊരുക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. ഫിഫയുടെ വൈസ് പ്രസിഡൻറും കൗൺസിൽ അംഗവും കൂടിയായ ഡോമിൻഗസ് ഖത്തർ ലോകകപ്പ് ഒരു മഹാ സംഭവമായിരിക്കുമെന്നും പറഞ്ഞു. തീർച്ചയായും ഞാൻ സന്തുഷ്ടനാണ്. ഏറ്റവും മികവുറ്റ രീതിയിലും കുറ്റമറ്റതുമായ ഒരു ചാമ്പ്യൻഷിപ്പിനുള്ള തയ്യാറെടുപ്പുകൾ എങ്ങനെയായിരിക്കണമെന്ന് മനസ്സിലാക്കിയെന്നും 2022 ലോകകപ്പ് ചരിത്രത്തിലിടം പിടിക്കുമെന്ന് നൂറു ശതമാനം ഉറപ്പ് നൽകാൻ തനിക്കാകുമെന്നും അദ്ദേഹം സന്ദർശനത്തിനിടെ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.