ദോഹ: എ.എഫ്.സി ഏഷ്യൻ കപ്പ് അവസാന ഘട്ടത്തിലേക്ക് നീങ്ങിയിരിക്കെ ടൂർണമെന്റിന്റെ ചരിത്രത്തിലെ വിവിധ റെക്കോഡുകൾ തിരുത്തിക്കുറിക്കപ്പെട്ടതായി ഖത്തർ 2023 പ്രാദേശിക സംഘാടകസമിതി (എൽ.ഒ.സി) അറിയിച്ചു. എല്ലാ മേഖലകളിലും ടൂർണമെന്റ് നിരവധി റെക്കോഡുകളാണ് തിരുത്തിയിരിക്കുന്നതെന്ന് എൽ.ഒ.സി കമ്യൂണിക്കേഷൻ ആൻഡ് മാർക്കറ്റിങ് വിഭാഗം മേധാവി ഹസൻ റബീഅ അൽ കുവാരി പറഞ്ഞു.
അവസാന റൗണ്ടുകളിൽ 11,70,219 കാണികൾ സ്റ്റേഡിയത്തിലെത്തിയതെന്നത് കാണികളുടെ എണ്ണത്തിൽ ഖത്തർ 2023 പുതിയ റെക്കോഡ് സ്ഥാപിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
മെട്രോ, ട്രാമുകളിലായി 30 ലക്ഷത്തോളം ആളുകൾ സഞ്ചരിച്ചു. മത്സരങ്ങൾക്കായി ഇതുവരെ 12,00,000 ടിക്കറ്റുകൾ വിൽപന നടത്തി അൽ കുവാരി പറഞ്ഞു.
ജനുവരി 12ന് ലുസൈൽ സ്റ്റേഡിയത്തിൽ ഖത്തറും ലബനാനും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിൽ 82,490 ആരാധകരാണെത്തിയത്. ഏകദേശം രണ്ടായിരത്തോളം മാധ്യമ പ്രവർത്തകർ ഖത്തർ 2023ൽ സാന്നിധ്യമറിയിച്ചു. ടൂർണമെന്റിനായുള്ള ഡിജിറ്റൽ, സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിലായി 689 ദശലക്ഷം ഫോളോവർമാർ, 50 ലക്ഷം ഷെയറുകൾ, റിലീസ് ചെയ്ത വിഡിയോകൾക്ക് 208 ദശലക്ഷം കാഴ്ചകൾ എന്നിവ പുതിയ റെക്കോഡുകളാണെന്ന് അൽകുവാരി വിശദീകരിച്ചു.
ടിക്കറ്റുകൾക്ക് വേണ്ടിയുള്ള ഉയർന്ന ആവശ്യം ആരാധകർക്കിടയിൽ ടൂർണമെന്റ് ആസ്വദിക്കുന്നതിനുള്ള വലിയ താൽപര്യത്തെയാണ് കാണിക്കുന്നത്. ഫൈനൽ റൗണ്ടിലെത്തിയ ടീമുകൾക്ക് പുറമേ മറ്റു രാജ്യങ്ങളിൽനിന്നുള്ള നിരവധി ആരാധകരും ഖത്തറിൽ ഒരുമിച്ച് കൂടി. പുതിയ സംസ്കാരങ്ങളെ അടുത്തറിയുകയും ദീർഘകാല സൗഹൃദങ്ങൾ സൃഷ്ടിക്കുകയും മനോഹരമായ ഓർമകൾ പങ്കുവെക്കുകയും ചെയ്യുന്നു.
അറബ് ടീമുകളുടെ പങ്കാളിത്തത്തെയും അദ്ദേഹം ചൂണ്ടിക്കാട്ടി. പത്ത് അറബ് ടീമുകളാണ് ഇത്തവണ ഖത്തറിലെത്തിയത്.
പൊതു സുരക്ഷയെ തടസ്സപ്പെടുത്തുന്ന കുറ്റകൃത്യങ്ങളോ സംഭവങ്ങളോ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്നും, എല്ലാ പങ്കാളികളുടെയും സഹകരണത്താൽ വലിയ ടൂർണമെന്റുകൾക്ക് ആതിഥേയത്വം വഹിക്കാൻ സുരക്ഷിത സ്ഥലമായി ഖത്തർ മാറിയെന്നും എൽ.ഒ.സി സുരക്ഷസമിതി പ്രതിനിധി ബ്രിഗേഡിയർ അ്ബദുല്ല ഖലീഫ അൽ മുഫ്ത പറഞ്ഞു.
എ.എഫ്.സി ഏഷ്യൻ കപ്പ് ഖത്തർ 2023ന്റെ വിജയം, ആരാധകർക്ക് മികച്ച അനുഭവങ്ങളും സേവനങ്ങളും നൽകാനുള്ള പങ്കാളികളുടെ സംയുക്ത പരിശ്രമങ്ങൾക്കുള്ള നന്ദിയാണെന്ന് ഖത്തർ ടൂറിസം ഷെയേഡ് സർവിസസ് മേധാവി ഒമർ അൽ ജാബിർ പറഞ്ഞു.
ഖത്തർ 2023ൽ ഏഷ്യൻ രാജ്യങ്ങളിൽനിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുമുള്ള ആരാധകരുടെ വലിയ സാന്നിധ്യമാണ് സമ്മാനിക്കുന്നതെന്നും ലോകകപ്പ് 2022ന് ശേഷം ഫുട്ബാൾ പ്രേമികൾ ഒരിക്കൽ കൂടി ഖത്തറിൽ ഒത്തുചേരുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.