ദോഹ: പത്തു ദിവസക്കാലം ഖത്തറിലെ കളിപ്രേമികൾക്ക് സിക്സറും ബൗണ്ടറികളുമായി റൺമേളം സമ്മാനിച്ച ലെജൻഡ്സ് ലീഗ് ക്രിക്കറ്റിന് തിങ്കളാഴ്ച കൊട്ടിക്കലാശം. തിങ്കളാഴ്ച വൈകുന്നേരത്തെ കലാശപ്പോരാട്ടത്തിൽ ഷാഹിദ് അഫ്രീദിയും തിലകരത്ന ദിൽഷനും നയിക്കുന്ന ഏഷ്യ ലയൺസും, ക്രിസ് ഗെയ്ൽ, ആരോൺ ഫിഞ്ച്, ഷെയ്ൻ വാട്സൺ എന്നിവർ നയിക്കുന്ന വേൾഡ് ജയന്റ്സും ഏറ്റുമുട്ടും.
വൈകുന്നേരം 5.30 മുതൽ ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക തുടങ്ങിയ ക്രിക്കറ്റ് രാജ്യങ്ങളിൽനിന്നുള്ള ആരാധകർ നിറയുന്ന ഗാലറിയെ സാക്ഷിയാക്കിയാവും പോരാട്ടത്തിന് തീപിടിക്കുന്നത്.
പലരാജ്യക്കാരെല്ലാം ചേർന്ന് ടീമായി മാറ്റുരച്ചപ്പോൾ, ഇന്ത്യൻ ഇതിഹാസങ്ങൾ അണിനിരന്ന ഇന്ത്യാ മഹാരാജാസ് ഫൈനൽ കാണാതെ പുറത്തായി. ശനിയാഴ്ച രാത്രി നടന്ന എലിമിനേറ്റർ റൗണ്ടിൽ ഏഷ്യൻ ലയൺസിനോട് 85 റൺസിനായിരുന്നു ഗൗതം ഗംഭീറും മുഹമ്മദ് കൈഫും യൂസുഫ് പഠാനുമെല്ലാം അണിനിരന്ന ടീം തകർന്നടിഞ്ഞത്.
എന്നാൽ, പാകിസ്താൻ, ശ്രീലങ്ക, അഫ്ഗാൻ, ബംഗ്ലാദേശ് ടീമുകൾക്കായി മിന്നും പ്രകടനം നടത്തിയ താരങ്ങളുടെ സാന്നിധ്യത്തിൽ ഏഷ്യ ലൺസ് ഫൈനലിൽ പ്രവേശിച്ചു. അയൽക്കാരല്ലൊം ഒത്തുചേർന്ന് ഒരു ടീമായാണ് ഇന്ത്യയെ വീഴ്ത്തിയത്. ബാറ്റിങ്ങിൽ ശ്രീലങ്കയുടെ ഉപുൽ തരംഗയും തിലകരത്ന ദിൽഷനും പാകിസ്താന്റെ മുഹമ്മദ് ഹഫീസും അഫ്ഗാനിസ്താനിൽനിന്നുള്ള അസ്ഗർ അഫ്ഗാനും നിറഞ്ഞാടി.
ബൗളിങ്ങിൽ പാകിസ്താന്റെ സുഹൈൽ തൻവീർ, ബംഗ്ലാദേശിന്റെ അബ്ദുറസാഖ്, ശ്രീലങ്കയുടെ ഇസ്റു ഉദാന എന്നിവർ ഒരേ മനസ്സോടെ പൊരുതി. ഓവറുകളുടെ ഇടവേളയിൽ തന്ത്രംമെനയാനായി ദിൽഷനും അഫ്രീദിയും മിസ്ബാഹുൽ ഹഖും പിച്ചിലേക്ക് ഓടിയെത്തുമ്പോൾ ഇന്ത്യൻ ബാറ്റിങ്ങ് നിര വരിഞ്ഞു മുറുക്കപ്പെട്ടു.
കളത്തിലെത്തുമ്പോൾ അന്താരാഷ്ട്ര കരിയർ അവസാനിച്ചതും, പ്രായം ഏറെയായതും ബൗണ്ടറി കടക്കുന്നതാണ് ഏഷ്യൻ ടൗണിലെ കാഴ്ച. പഴയ ബൂം ബൂം അഫ്രീദിയും, ദിൽഷൻ സ്കൂപ്പുകളും കളത്തിൽ പുനരവതരിക്കുമ്പോൾ 40 കടന്നിട്ടും പ്രതിഭയക്ക് മങ്ങലേറ്റിട്ടില്ലെന്ന് കാണികൾ വീണ്ടും വീണ്ടും പറയുന്നു.
സുഹൈൽ തൻവീറിന്റെയും അബ്ദുൽ റസാഖിന്റെയുമെല്ലാം പേസിനും അഫ്രീദിയുടെയും ദിൽഷന്റെയും സ്പിന്നിനുമെല്ലാം പഴയ മാന്ത്രികതയുമുണ്ട്.
ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ്, ഇംഗ്ലണ്ട് താരങ്ങൾ നിറഞ്ഞുനിൽക്കുന്ന വേൾഡ് ജയന്റ്സ് ലോകനിലവാരത്തിലാണ് എതിരാളികളെ കീഴടക്കുന്നത്. ലീഗ് റൗണ്ടിൽ ഒന്നാം സ്ഥാനക്കാരായാണ് വേൾഡ് ജയന്റ്സ് ഫൈനലിലെത്തിയത്. കളിച്ച നാലിൽ മൂന്നു മത്സരങ്ങളിലും ജയിച്ചായിരുന്നു കുതിപ്പ്. വൻ ടോട്ടൽ പടുത്തുയർത്താൻ കഴിഞ്ഞില്ലെങ്കിലും ഓൾറൗണ്ട് മികവിൽ ജയം അവർ പോക്കറ്റിലാക്കുന്നു.
സിക്സറും ബൗണ്ടറികളുമായി നിറഞ്ഞാടുന്ന ക്രിസ് ഗെയ്ലിന് പഴയ ശൗര്യമൊന്നുമില്ല. എങ്കിലും, അവശ്യ ഘട്ടങ്ങളിൽ കാണികൾക്ക് മികച്ചൊരു എന്റർടെയ്നറായി തന്നെ ഗെയ്ലാട്ടം അവതരിക്കുന്നു. ഷെയ്ൻ വാട്സനാണ് കഴിഞ്ഞ നാലു മത്സരങ്ങളിൽ നിന്നായി ടീമിന്റെ ടോപ് സ്കോറർ ആയത്. ആകെ നേടിയത് 90 റൺസ്. ഹാഷിം ആംല, ജാക് കാലിസ്, ആരോൺ ഫിഞ്ച് തുടങ്ങിയ പ്രതാപികളെല്ലാം അവശ്യഘട്ടങ്ങളിൽ ടീമിന്റെ വിജയ ശിൽപികളായി അവതരിക്കുന്നു.
സിംബാബ്വെയുടെ ക്രിസ്റ്റഫർ ബോബി മോഫുവും മുൻ വിൻഡീസ് പേസർ ടിനോ ബെസ്റ്റുമാണ് വേൾഡ് ജയന്റ്സിന്റെ പ്രധാന ബൗളിങ് ആയുധങ്ങൾ. ഇവരുടെ ആക്രമണത്തിന് നായകനായി പരിചയ സമ്പന്നനായ ബ്രെറ്റ് ലീയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.