ദോഹ: ക്രിക്കറ്റിനെ സ്നേഹിക്കുന്ന ആരാധകർക്കും പുതിയ ഇടങ്ങളിലെ ക്രിക്കറ്റ് പ്രചാരണത്തിലും ലെജൻഡ്സ് ലീഗ് ട്വന്റി20 മത്സരം നിർണായകമായി മാറിയെന്ന് ലീഗ് സഹസ്ഥാപകനും സി.ഇ.ഒയുമായ രാമൻ റഹേജ. സജീവ ക്രിക്കറ്റിൽനിന്നും വിരമിച്ച മുതിർന്ന താരങ്ങളെയെല്ലാം ഒന്നിപ്പിച്ച് ആരംഭിച്ച ലെജൻഡ്സ് ലീഗ് ക്രിക്കറ്റിന്റെ രണ്ടാം സീസണിൽ ഖത്തറിൽ ക്രീസുണർന്ന പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. 2022 ജനുവരിയിൽ മസ്കത്തിൽ നടന്ന പ്രഥമ എഡിഷനിലൂടെ ട്രെൻഡ് സൃഷ്ടിച്ച ലെജൻഡ്സ് ക്രിക്കറ്റ് ലീഗിന് ഇത്തവണ വേദിയാകുന്നത് ലോകകപ്പ് ഫുട്ബാളിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച പതിപ്പിന് ആതിഥ്യമരുളിയ ഖത്തറാണ്.
ഇന്ത്യ മഹാരാജാസ്, ഏഷ്യ ലയൺസ്, വേൾഡ് ജയന്റ്സ് എന്നീ മൂന്ന് ടീമുകൾക്കായി കളിക്കാനിറങ്ങുന്നത് ഒരുകാലത്ത് അന്താരാഷ്ട്ര ക്രിക്കറ്റ് പിച്ചുകളെ ത്രസിപ്പിച്ചിരുന്ന അമ്പതിലധികം ഇതിഹാസ താരങ്ങളാണ്. ഷാഹിദ് അഫ്രീദി, ശുഐബ് അക്തർ, ആരോൺ ഫിഞ്ച്, ഷെയ്ൻ വാട്സൺ, ബ്രെറ്റ് ലീ, ജാക്വസ് കാലിസ്, ഹാഷിം അംല, പോൾ കോളിങ് വുഡ്, മോണ്ടി പനേസർ, തിലകരത്നെ ദിൽഷൻ, ദിൽഹാരാ ഫെർണാണ്ടോ, ഗൗതം ഗംഭീർ, ഹർഭജൻ സിങ്, എസ്. ശ്രീനാഥ്, ക്രിസ് ഗെയിൽ തുടങ്ങി നിരവധി താരങ്ങളാണ് മൂന്ന് ടീമുകളിലായി ലെജൻഡ്സ് ലീഗിൽ മാറ്റുരക്കുന്നത്.
ലെജൻഡ്സ് ലീഗ് പ്രതീക്ഷിച്ചതിലപ്പുറം വളർന്നു കഴിഞ്ഞെന്നും മസ്കത്തിൽ ആദ്യ എഡിഷൻ സമാപിച്ചതിന് ശേഷമുള്ള 15 മാസങ്ങളിൽ വലിയ സ്വീകാര്യത നേടിയതായും രാമൻ റഹേജ പറഞ്ഞു.
→ എൽ.എൽ.സിയുടെ ചരിത്ര നിമിഷങ്ങൾക്കാണ് ദോഹ സാക്ഷ്യം വഹിക്കുന്നത്. 50ഓളം ഇതിഹാസ താരങ്ങൾ ഒരു നഗരത്തിൽ കളിക്കാനിറങ്ങിയിരിക്കുകയാണ്. ക്രിക്കറ്റിൽ മുമ്പൊരിക്കലും ഇങ്ങനെ സംഭവിച്ചിട്ടില്ല. ലോക ടൂർണമെന്റ് മത്സരങ്ങൾ ഒന്നിലധികം നഗരങ്ങളിൽ നടക്കുന്നുണ്ട്. ഐ.പി.എല്ലും. എന്നാൽ ഇവിടെ അവർ ഒരു നഗരത്തിൽ കളിക്കുകയാണ്. ആദ്യ സംഭവമാണിത്. ഇതിഹാസ താരങ്ങളെയെല്ലാം ഒരുമിച്ച് ദോഹയിൽ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.
ഞാൻ ഏഷ്യാ ലയൺസ് ടീമിലെ ശുഐബ് അക്തറുമായി സംസാരിക്കുകയായിരുന്നു. എല്ലാ പഴയ സഹതാരങ്ങളെയും കളിക്കളത്തിന് പുറത്ത് കാണുന്നത് സന്തോഷകരമാണെന്ന് അദ്ദേഹം പറയുന്നുണ്ടായിരുന്നു. ദോഹയിൽ അവരെല്ലാം വളരെ സന്തോഷത്തിലാണ്. മത്സരങ്ങളെല്ലാം ആരാധകർക്ക് ഇഷ്ടപ്പെടുമെന്ന് ഉറപ്പുണ്ട്.
→ വളരെ വിനയത്തോടെ പറയുകയാണ്, അത്തരത്തിലൊരു താരതമ്യത്തിനും മുതിരുന്നില്ല. പക്ഷേ, സാധ്യമായത് ഏതെങ്കിലും വിധത്തിൽ ഞങ്ങൾ നന്നായി ചെയ്യുന്നു. മികച്ച തുടക്കമാണ് ഞങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്. കൂടുതൽ മെച്ചപ്പെടും. ഏറെ സന്തോഷമുണ്ട്.
ക്രിക്കറ്റ് പിന്തുടരുന്ന എന്നാൽ വലിയ കളിക്കാരെ സജീവമായി ആരാധകർക്ക് കാണാൻ കഴിയാത്ത ഇടങ്ങളിൽ ഞങ്ങൾക്ക് താൽപര്യമുണ്ട്. വലിയ താരങ്ങളെ ഒരുമിച്ച് ഒരിടത്ത് എത്തിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. പ്രേക്ഷകരുടെ പങ്കാളിത്തവും പ്രാദേശിക പിന്തുണയും ഉണ്ടാകുമെന്ന കാര്യത്തിൽ ഉറപ്പുണ്ട്. ദോഹയിൽ പല മത്സരത്തിന്റെയും ടിക്കറ്റുകൾ വിറ്റു തീർന്നിരിക്കുകയാണ്.
എൽ.എൽ.സിക്ക് വേദിയൊരുക്കാൻ സജ്ജമായ ഖത്തർ ക്രിക്കറ്റ് അസോസിയേഷനോട് നന്ദിയുണ്ട്. വലിയ പ്രാദേശിക പങ്കാളികളെയും അവർക്ക് ലഭിച്ചിട്ടുണ്ട്. 89 താരങ്ങളിൽ അമ്പത് കളിക്കാർക്ക് സാമൂഹിക മാധ്യമങ്ങളിലായി 600 ദശലക്ഷത്തിലധികം ആരാധകരാണുള്ളത്. ഖത്തർ എയർവേസ്, ഖത്തർ ടൂറിസം എന്നിവയുമായെല്ലാം എൽ.എൽ.സിക്ക് പങ്കാളിത്തമുണ്ട്.
→ എല്ലാ വർഷവും രണ്ട് സീസണുകളുണ്ടാകും. ഒരു അന്താരാഷ്ട്ര ടൂർണമെന്റും ഒരു ആഭ്യന്തര ടൂർണമെന്റും. അടുത്ത മൂന്ന് വർഷത്തേക്ക് ഖത്തർ നമ്മുടെ ലക്ഷ്യസ്ഥാനമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ കളിക്കാരും ഇതിനകം തന്നെ ഖത്തറിന്റെ ആതിഥ്യം ഇഷ്ടപ്പെട്ടിരിക്കുന്നു. ചില കളിക്കാർ പരിശീലനത്തിനിറങ്ങിയപ്പോൾ മറ്റു ചില താരങ്ങൾ ഗോൾഫ് കളിക്കാൻ ഇറങ്ങിയിരുന്നു. അവർ ഖത്തറിനെ ഏറെ ഇഷ്ടപ്പെടുന്നു. അദ്ദേഹം പറഞ്ഞു. മുൻ ഇന്ത്യൻ ക്യാപ്റ്റനും മുഖ്യപരിശീലകനുമായ രവിശാസ്ത്രിയാണ് ലീഗ് കമീഷണർ. മുൻ വനിതാ താരമായ ജുലൻ ഗോസാമിയാണ് വനിതാ ശാക്തീകരണ വിഭാഗം അംബാസഡർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.