ദോഹ: റമദാനും കഴിഞ്ഞ് പെരുന്നാളും ആഘോഷിച്ചതോടെ ഖത്തറിലെ പ്രവാസികൾക്കും സ്വദേശികൾക്കും ഇനി ഉത്സവനാളുകൾ. ഖത്തർ ടൂറിസം മുതൽ വിവിധ മലയാളി കമ്യൂണിറ്റി സംഘടനകൾ വരെ വിവിധ പെരുന്നാൾ പരിപാടികളാണ് വരും ദിവസങ്ങളിൽ സംഘടിപ്പിച്ചത്. പൊതു അവധി ഉൾപ്പെടെ 11 ദിവസം നീണ്ടുനിൽക്കുന്ന പെരുന്നാൾ ഒഴിവുകാലത്ത് വൈവിധ്യമാർന്ന ആഘോഷങ്ങൾക്കാണ് ഖത്തർ സാക്ഷ്യം വഹിക്കുന്നത്. ഖത്തർ ടൂറിസം സംഘടിപ്പിക്കുന്ന ‘ഫീൽ ഈദ് ഇൻ ഖത്തർ’ പരിപാടിയിൽ മേഖലയിലെ പ്രശസ്ത കാലകാരന്മാരും സംഗീത പ്രതിഭകളും അണിനിരക്കും. വിജയകരമായി പര്യവസാനിച്ച ‘ഫീൽ വിൻറർ ഇൻ ഖത്തർ’ ആഘോഷങ്ങളുടെ തുടർച്ചയാണ് ‘ഫീൽ ഈദ് ഇൻ ഖത്തറും’ സംഘടിപ്പിക്കുന്നത്.
കുട്ടികൾക്കുള്ള ‘ഷൗൻ ദി ഷീപ്പ്’ കിഡ്സ് ഷോയാണ് ഇത്തവണത്തെ ശ്രദ്ധേയമായ പരിപാടികളിൽ ഒന്ന്. ലുസൈൽ മൾട്ടിപർപ്പസ് ഹാൾ വേദിയാവും. ഏഷ്യൻ ടൗണിൽ ലോകപ്രശസ്ത കലാകാരന്മാരുടെ വിവിധ പരിപാടികളും അരങ്ങേറുന്നുണ്ട്. ഖത്തർ നാഷനൽ കൺവെൻഷൻ സെൻററിലെ സംഗീത പരിപാടിയായ ‘ഖത്തർ ലൈവിന്’ വെള്ളിയാഴ്ച തുടക്കമായി. അൽ മയാസ തിയറ്ററിൽ ആദ്യദിനം ഈജിപ്ഷ്യൻ ഗായകൻ തമിർ ഹുസ്നിയും ഡി.ജെ റോജെയുമാണ് വേദിയിലെത്തിയത്. ശനിയാഴ്ച മർവാൻ ഖൗരി, നജ്വ കറാം, ഞാറയാഴ്ച അറേബ്യൻ സംഗീത വിരുന്നായ ഖലിജി മ്യൂസിക്കും അരങ്ങേറും. ഇമാറാത്തി ഗായിക ബൽഖീസ്, സൗദിയിൽനിന്നുള്ള ഹംസ് ഫെക്റി, ഖത്തരി ഗായകൻ ഫഹദ് അൽ കുബൈസി എന്നിവരാണ് ഹിറ്റ് ട്രാക്കുകളുമായി എത്തുന്നത്. പെരുന്നാളിന്റെ ഭാഗമായി ദോഹ കോർണിഷ്, ലുസൈൽ ബൊളെവാഡ് എന്നിവിടങ്ങളിൽ രാത്രികളിൽ വർണാഭമായ വെടിക്കെട്ട് കാഴ്ചകളാണ് ഒരുക്കിയത്. ഏഷ്യൻ ടൗണിൽ വെള്ളിയാഴ്ച ആരംഭിച്ച സ്പോർട്സ് കാർണിവൽ ഞായറാഴ്ച വരെ നീണ്ടുനിൽക്കും. കതാറയിൽ വെടിക്കെട്ട്, സ്റ്റേജ് ഷോ, മ്യൂസിക് ബാൻഡ് പരിപാടികളും സന്ദർശകർക്ക് ‘ഈദിയ്യ’ സമ്മാന വിതരണവുമുണ്ട്. സൂഖ് അൽ വക്റയിലെ ഈദാഘോഷങ്ങൾ ശനിയാഴ്ച ആരംഭിക്കും.
വൈകീട്ട് നാലുമുതൽ രാത്രി 10 വരെയാണ് വിവിധ പരിപാടികൾ. ലുസൈൽ ബൊളെവാഡും പെരുന്നാളിന്റെ ഭാഗമായി വൈവിധ്യമാർന്ന പരിപാടികൾക്കാണ് വേദിയൊരുക്കുന്നത്. നൃത്ത പ്രകടനങ്ങൾ, കാർണിവൽ, വിദേശ ചിത്രകാരന്മാരുടെ പ്രദർശനം, ലേസർ ലൈറ്റ് ഷോ, വെടിക്കെട്ട് എന്നിവയോടെ പെരുന്നാളിനെ കളറാക്കാൻ ഒരുങ്ങുകയാണ് ലുസൈൽ. അൽ ബിദ്ദ പാർക്കിലെ മെഗാ പാർക്ക് കാർണിവൽ ഏപ്രിൽ 30 വരെ നീണ്ടുനിൽക്കും. ദിവസവും രാവിലെ 10 മുതൽ പുലർച്ച രണ്ടുവരെയാണ് കാർണിവൽ. പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ലുസൈൽ വിൻറർ വണ്ടർലാൻഡ് സന്ദർശകർക്കായി 28 വരെ തുറന്നുനൽകും.
ചെറിയ പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി പ്രശസ്തരായ മാപ്പിളപ്പാട്ട് ഗായകർ എരഞ്ഞോളി മൂസ, പീർ മുഹമ്മദ് എന്നിവരുടെ ഓർമക്കായി മധുരമൂറുന്ന പാട്ടുകളുമായി ‘അസർ മുല്ല’ ശനിയാഴ്ച അരങ്ങേറും. ലൈവ് വ്യൂ പ്രൊഡക്ഷൻസ് ബാനറിൽ താഹ കുറ്റിച്ചാൽ സംവിധാനം ചെയ്യുന്ന പരിപാടിയിൽ ദോഹയിലെ ഗായകരായ ആഷിക് മാഹി, ശിവപ്രിയ, ഹിബ, ഷാജി, ഹംന ആസാദ്, ജസീം എന്നിവർ ഗാനങ്ങൾ ആലപിക്കും. ശനിയാഴ്ച വൈകീട്ട് ഏഴുമണിക്ക് ഐ.സി.സി അശോക ഹാളിൽ നടക്കുന്ന പരിപാടിയിൽ സൗജന്യമാണ് പ്രവേശനം.
തെന്നിന്ത്യൻ സംഗീത ആസ്വാദകരുടെ പ്രിയപ്പെട്ട ഗായിക കെ.എസ്. ചിത്ര പെരുന്നാൾ വിരുന്നായ ‘ചിത്രഗീതം’ ശനിയാഴ്ച അരങ്ങേറും.
ഖത്തറിലെ പ്രശസ്ത പാചക പ്രേമികളുടെ കൂട്ടായ്മയായ മലബാർ അടുക്കള നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ചിത്രഗീതത്തിന് അൽ അറബ് സ്പോർട്സ് ക്ലബ് ഹാൾ വേദിയാവും. വൈകീട്ട് 6.30നാണ് പരിപാടി. കണ്ണൂർ ഷെരീഫ്, പിന്നണി ഗായകൻ കെ.കെ. നിഷാദ്, വയലിനിസ്റ്റ് വേദമിത്ര എന്നിവർ കെ.എസ്. ചിത്രക്കൊപ്പം വേദിയിലെത്തും. രണ്ടു ദിവസം മുമ്പുതന്നെ കെ.എസ്. ചിത്രയും സംഘവും ദോഹയിൽ എത്തിയിരുന്നു. വിനീത് ശ്രീനിവാസൻ നയിക്കുന്ന ‘ഹൃദ്യം’ ഏപ്രിൽ 27ന് അൽ അറബി സ്പോർട്സ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.