ദോഹ: റമദാനിൽ രാജ്യത്തിന് ആവശ്യമായ പച്ചക്കറി ഉൽപന്നങ്ങൾ ലഭ്യമാക്കാൻ സജ്ജമായി പ്രാദേശിക ഫാമുകൾ. പച്ചക്കറികളുടെ വർധിച്ച ആവശ്യകത പൂർത്തിയാക്കാൻ പ്രാദേശിക ഫാമുകൾക്ക് സാധിക്കുമെന്നും സീസണിൽ മികച്ച ഉൽപാദനം നേടാൻ കഴിഞ്ഞതായും ഫാം ഉടമകൾ പറയുന്നു.
പ്രാദേശിക കാർഷിക സീസൺ ഇത്തവണ കൂടുതൽ വിജയകരമായെന്നും, വലിയ അളവിൽ പച്ചക്കറികൾ പ്രാദേശിക വിപണിയിൽ ഉടൻ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അറബി ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ ഫാം ഉടമകൾ പറഞ്ഞു. മറ്റു സീസണുകളെ അപേക്ഷിച്ച് റമദാനിൽ ചിലയിനം പച്ചക്കറികൾക്ക്, പ്രത്യേകിച്ചും തക്കാളി, വെള്ളരി, മറ്റ് ഇലക്കറികൾ എന്നിവക്ക് ആവശ്യം ഏറെയാണ്.
കാപ്സിക്കം, വെള്ളരി, സ്ട്രോബെറി, തക്കാളി, ചെറിയ തക്കാളി തുടങ്ങി നിരവധി പച്ചക്കറി ഇനങ്ങൾ സ്വദേശി ഫാമുകളിൽ വിളവെടുത്തതായി മുഹമ്മദ് അൽ കഅ്ബി പറഞ്ഞു. പ്രവൃത്തി ദിവസങ്ങളിൽ പച്ചക്കറികൾ വിപണികളിലേക്ക് നേരിട്ടെത്തിച്ചും, വാരാന്ത്യങ്ങളിൽ ഷോപ്പർമാർക്കായി തുറക്കുമെന്നും അൽ കഅ്ബി വിശദീകരിച്ചു.
കാർഷിക ഉൽപന്നങ്ങൾ വിവിധ ഔട്ട്ലെറ്റുകളിലൂടെ വിപണനം ചെയ്യുന്നതായും, കഴിഞ്ഞ വർഷത്തെ ഉൽപാദനം 100 ടൺ കവിഞ്ഞതായും ഈ വർഷം ഇത് മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മറ്റൊരു സ്വദേശി ഫാം ഉടമയായ അലി നൂഹ് അൽ മുതവ്വ പറഞ്ഞു. റമദാനിന്റെ തുടക്കത്തിൽ പച്ചക്കറികളുടെ ആവശ്യം 50 ശതമാനത്തോളം വർധിക്കുമെന്നും ഈ ആവശ്യം നിറവേറ്റാൻ ഫാമുകൾ തയാറാണെന്നും അൽ മുതവ കൂട്ടിച്ചേർത്തു.
ഈ വർഷം റദമാനിൽ അധിക പ്രാദേശിക ഫാമുകളിലും ഉൽപാദനം ഉയർന്ന നിലയിലെത്തുമെന്നതിനാൽ പ്രാദേശിക വിപണിയിൽ ഉൽപന്നങ്ങൾ സ്വാഭാവികമായും ലഭ്യമാകുമെന്ന് ഡോ. റാഷിദ് അൽ കുവാരി പറഞ്ഞു. ഫാമിൽ ഇതുവരെയായി 400 ടണ്ണിലധികം പച്ചക്കറികൾ ഉൽപാദിപ്പിച്ചതായും അദ്ദേഹം സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.