ദോഹ: പരിശീലകനായി ചുമതലയേറ്റ് ഒരുമാസത്തിനുള്ളിൽ ഖത്തറിനെ ഏഷ്യൻ കപ്പ് കിരീടത്തിലേക്ക് നയിച്ച കോച്ച് മാർക്വേസ് ലോപസിനെ മുറുകെ പിടിച്ച് ദേശീയ ഫുട്ബാൾ അസോസിയേഷൻ. സ്പാനിഷുകാരനായ മാർക്വേസ് ലോപസിനെ 2026 വരെ ഖത്തർ ടീമിന്റെ പരിശീലകനായി നിയമിച്ചുകൊണ്ട് ക്യു.എഫ്.എ കരാറിൽ ഒപ്പുവെച്ചു.
വെള്ളിയാഴ്ച അൽ ബിദ ടവറിലെ ക്യു.എഫ്.എ ഓഫിസിലായിരുന്നു ജനറൽ സെക്രട്ടറി മൻസൂർ അൽ അൻസാരിയും കോച്ചും കരാറിൽ ഒപ്പുവെച്ചത്. ഖത്തർ സ്റ്റാർസ് ലീഗ് ക്ലബ് അൽ വക്റയിൽനിന്നാണ് മാർക്വേസ് ദേശീയ ടീമിന്റെ സ്ഥിരം പരിശീലകനായെത്തുന്നത്. കോച്ചിനെ ദേശീയ ടീമിലേക്ക് വിട്ടുനൽകിയ അൽ വക്റക്ക് ക്യു.എഫ്.സി നന്ദി അറിയിച്ചു.
ഏഷ്യൻ കപ്പിന് ജനുവരി 12ന് കിക്കോഫ് കുറിക്കാനിരിക്കെ ഡിസംബർ ആദ്യവാരത്തിലായിരുന്നു മാർക്വേസ് ലോപസ് ദേശീയ ടീമിന്റെ താൽകാലിക പരിശീലകനായി ചുമതലയേൽക്കുന്നത്. പോർചുഗീസുകാരനായ കാർലോസ് ക്വിറോസിന് പകരക്കാരനായെത്തിയ ലോപസിനു കീഴിൽ ടീം രണ്ടു മാസം കൊണ്ട് കളത്തിൽ പ്രകടിപ്പിച്ചത് അവിസ്മരണീയ പോരാട്ട വീര്യമായിരുന്നു.
ഒരു തോൽവി പോലുമറിയാതെ കിരീടത്തിലെത്തുകയും, ക്വാർട്ടർ, സെമി, ഫൈനൽ ഉൾപ്പെടെ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. മാർച്ച് 21ന് ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ലോപസിനു കീഴിലാകും ഖത്തർ ബൂട്ടുകെട്ടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.