ദോഹ: ലോകപ്രശസ്ത ഈറ്റാലിയൻ വിഭവങ്ങളുടെയും രുചിവൈവിധ്യങ്ങളുടെയും വിപുലശേഖരവുമായി ലുലു ഹൈപർ മാർക്കറ്റിൽ ‘ലെറ്റ്സ് ഈറ്റാലിയൻ’ ആഘോഷങ്ങൾക്ക് തുടക്കമായി. അബു സിദ്ര ലുലു ഹൈപർ മാർക്കറ്റ് ബ്രാഞ്ചിലായിരുന്നു മാർച്ച് അഞ്ചുവരെ നീണ്ടുനിൽക്കുന്ന ‘ലെറ്റ്സ് ഈറ്റാലിയൻ’ ഫെസ്റ്റിവലിന് തുടക്കംകുറിച്ചത്. ഖത്തറിലെ ഇറ്റാലിയൻ എംബസിയും ഇറ്റാലിയൻ ട്രേഡ് ഏജൻസിയുമായി സഹകരിച്ചാണ് തുടർച്ചയായി 17ാം വർഷവും ലുലുവിൽ ഈറ്റാലിയൻ ഫെസ്റ്റ് നടക്കുന്നത്. വിശിഷ്ട ഭക്ഷ്യവിഭവങ്ങൾ, ഉൽപന്നങ്ങൾ, പഴവർഗങ്ങൾ തുടങ്ങി എല്ലാം ഉൾക്കൊള്ളിച്ചാണ് ഫെസ്റ്റിവൽ സജ്ജമാക്കിയത്. ഒപ്പം, ഉപഭോക്താക്കൾക്ക് ഈറ്റാലിയൻപാരമ്പര്യവും സംസ്കാരവും അനുഭവിച്ചറിയാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഈറ്റാലിയൻ അംബാസഡർ പൗലോ തോഷി, അംബാസഡറുടെ പത്നി, ഇറ്റാലിയൻ ട്രേഡ് കമീഷണർ പൗലോ ലിസി എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ശൈഖ് മുഹമ്മദ് അഹമ്മദ് ആൽഥാനി, നബീൽ അബു ഈസ, ഇറ്റാലിയൻ ചേംബർ ഓഫ് കോമേഴ്സ് ഖത്തർ ഡയറക്ടറും സ്ഥാപകനുമായ ഡോ. പൽമ ലിബോട്ടി, ലുലു ഗ്രൂപ് ഇന്റർനാഷനൽ ഡയറക്ടർ ഡോ. മുഹമ്മദ് അൽതാഫ്, വിവിധ മന്ത്രാലയങ്ങളിൽനിന്നുള്ള പ്രതിനിധികൾ, ക്യൂ.സി.സി.ഐ, ഈറ്റാലിയൻ ട്രേഡ് ഏജൻസി, ചേംബർ ഓഫ് കോമേഴ്സ് ഉൾപ്പെടെ വിവിധ മേഖലകളിൽനിന്നുള്ളവർ പങ്കാളികളായി.
ഈറ്റാലിയൻ ഉൽപന്നങ്ങളും ബ്രാൻഡുകളും ഖത്തറിലെ ഉപഭോക്താക്കൾക്കിടയിലെത്തിക്കാനുള്ള ലുലു ഗ്രൂപ്പിന്റെ ശ്രമങ്ങളെ അംബാസഡർ പൗലോ തോഷി അഭിനന്ദിച്ചു. ഈ വർഷം ദോഹ വേദിയാവുന്ന ഇന്റർനാഷനൽ ഹോർട്ടികൾചറൽ എക്സിബിഷനിൽ ഇറ്റലി പങ്കാളിയാവുമെന്നും അദ്ദേഹം പറഞ്ഞു.
മാർച്ച് അഞ്ചുവരെ ഖത്തറിലെ എല്ലാ ലുലു ഹൈപർ മാർക്കറ്റുകളിലും ഫെസ്റ്റ് തുടരും. ലുലു ഗ്രൂപ്പിന്റെ ഫുഡ് ഫെസ്റ്റിന്റെ ഭാഗമായാണ് ഈ മേളയുമെന്ന് ഡോ. മുഹമ്മദ് അൽതാഫ് പറഞ്ഞു. വരും നാളുകളിൽ കൂടുതൽ ഈറ്റാലിയൻ ബ്രാൻഡുകൾ എത്തും. മിലാനിലെ ലുലു ഗ്രൂപ് കയറ്റുമതികേന്ദ്രം പൂർണ ശേഷിയോടെ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.