ദോഹ: ഖത്തറിൻെറ ആരോഗ്യ രംഗത്തെ നാഴികക്കല്ലായിരുന്നു ജൂണിൽ നടന്ന ശ്വാസകോശമാറ്റ ശാസ്ത്രക്രിയ. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസമാണ് ഹമദ് മെഡിക്കൽ കോർപറേഷനിലെ വിദഗ്ധ സംഘം കൂടുതൽ വിശദാംശങ്ങൾ പങ്കുവെച്ചത്. സുഖം പ്രാപിച്ചുവരുന്ന രോഗിയെ കാണാനായി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയും ആരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരിയുമെത്തിയിരുന്നു.
ഗുരുതരമായ ശ്വാസകോശ രോഗത്തെ തുടർന്ന് ചികിത്സതേടിയ രോഗിയിലാണ് വിജയകരമായ ശസ്ത്രക്രിയ പൂർത്തിയാക്കിയത്. 40കാരിയായ ഖത്തർ യുവതിക്ക് മസ്തിഷ്ക മരണം സംഭവിച്ച വ്യക്തിയിൽ നിന്നായിരുന്നു പാകമായ ശ്വസകോശം കണ്ടെത്തിയത്. എട്ടു മണിക്കൂറിലേറെ നീണ്ട ശസ്ത്രക്രിയക്കൊടുവിൽ ഇവരിൽ അവയവമാറ്റ ശസ്ത്രക്രിയ പൂർത്തിയാക്കിയെന്ന് എച്ച്.എം.സിയിലെ ശസ്ത്രക്രിയ സംഘം പറയുന്നു.
ശ്വാസകോശ മാറ്റ ശസ്ത്രക്രിയയിൽ രാജ്യാന്തര തലത്തിൽ തന്നെ പ്രശസ്തനായ പ്രഫസർ തകാഹിറോ ഒടോയുടെ മേൽനോട്ടത്തിലായിരുന്നു ശസ്ത്രക്രിയ നടന്നത്്.തങ്ങളുടെ ആരോഗ്യ രംഗത്തെ നാഴികക്കല്ലായാണ് ഈ ശസ്ത്രക്രിയ വിജയത്തെ ആരോഗ്യ മന്ത്രി ഹനാൻ കുവാരി വിശേഷിപ്പിച്ചത്.ആദ്യ ശ്വാസകോശ മാറ്റ ശസ്ത്രക്രിയയുടെ വിജയം, ഖത്തറിൻെറ അവയവമാറ്റ ചികിത്സ മേഖലയിൽ നിർണായകമാവുമെന്ന് എച്ച്.എം.സി മെഡിക്കൽ ഡയറക്ടർ ഡോ. യൂസുഫ് അൽ മസ്ലമാനി പറഞ്ഞു. 2019 നവംബറിലാണ് എച്ച്.എം.സിയിൽ ശ്വസകോശം മാറ്റിവെക്കൽ ശസ്ത്രക്രിയക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കുന്നത്. കുട്ടികളിലും മുതിർന്നവരിലുമായി 200ലേറെ ഇത്തരം ശസ്ത്രക്രിയകൾ നടത്തിയ തകഹിറോ ഒടോയുടെ നേതൃത്വത്തിലായിരുന്നു തയാറെടുപ്പ്.'ഗുരുതരമായ ശ്വാസകോശ അസുഖം ബാധിച്ച സ്ത്രീയെയാണ് ഞങ്ങൾ ആദ്യ ശസ്ത്രക്രിയക്കായി തിരഞ്ഞെടുത്തത്. ജൂണിൽ അവയവമാറ്റം പൂർത്തിയാക്കി, എട്ടാഴ്ചകൾക്കു ശേഷം അവർ ഡിസ്ചാർജായി. ഇപ്പോൾ കുടുംബത്തിനൊപ്പം ചേർന്ന് ജീവിതത്തിലേക്ക് തിരികെയെത്തുകയാണ്- ഡോ. മസ്ലമാനി പറഞ്ഞു.അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതിക സംവിധാനം, നയരൂപവത്കരണം തുടങ്ങിയവയുമായി വർഷങ്ങളുടെ ഒരുക്കത്തിനൊടുവിലാണ് ഈ ശസ്ത്രക്രിയ. കോവിഡ് വെല്ലുവിളിക്കിടയിലും 2020 നവംബറിൽ ശസ്ത്രക്രിയ പ്രഖ്യാപിക്കാനായി. ഏതാനും മാസത്തിനുള്ളിൽ രോഗിക്ക് അനുയോജ്യമായ ദാതാവിനെ കണ്ടെത്തിയതോടെ വിജയകരമായി ദൗത്യം പൂർത്തിയാക്കി -ഖത്തർ ഓർഗൻ ഡൊണേഷൻ സെൻറർ ഡയറക്ടർ ഡോ. റിയാദ് ഫാദിൽ പറയുന്നു.
നിലവിൽ സമാനമായ 20 രോഗികൾ എച്ച്.എം.സിയുടെ ശ്വാസകോശ മാറ്റ ശസ്ത്രക്രിയ വിങ്ങിൻെറ പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. കിഡ്നി, കരൾ മാറ്റ ശസ്ത്രക്രിയകൾ എച്ച്.എം.സിയിൽ നിലവിൽ നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.