ദോഹ: അന്താരാഷ്ട്ര മത്സരങ്ങൾക്ക് ആതിഥ്യം വഹിക്കാൻ ശേഷിയുള്ള ആഗോള പ്രശസ്തിനേടിയ വേദിയായി ലുസൈൽ മോട്ടോർ റേസിങ് സർക്യൂട്ട് മാറുമെന്ന് കായിക യുവജനമന്ത്രി സലാഹ് ബിൻ ഗാനിം അൽ അലി പറഞ്ഞു. 2023 ഒക്ടോബർ ആറിനും എട്ടിനും ഇടയിൽ ലുസൈൽ സർക്യൂട്ടിൽ നടക്കാനിരിക്കുന്ന ഖത്തർ ഗ്രാൻഡ് പ്രി ഫോർമുല വൺ പരിപാടികൾക്ക് അരങ്ങൊരുക്കാനുള്ള ഖത്തറിന്റെ തയാറെടുപ്പുകളുടെ ഭാഗമായി ഡിസംബറിൽ പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) നടപ്പാക്കാൻ ആരംഭിച്ച ലുസൈൽ സർക്യൂട്ട് നവീകരണ പദ്ധതിയുടെ പ്രാധാന്യം മന്ത്രി ചൂണ്ടിക്കാട്ടി. 100,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ പുതിയ കെട്ടിടങ്ങൾ നിർമിക്കും. റോഡുകളുടെ കാര്യക്ഷമതയും വർധിപ്പിക്കും. ലുസൈൽ മോട്ടോർ റേസിങ് സർക്യൂട്ട് ആഗോള പരിപാടികളുടെ വേദിയായി മാറുമെന്ന് ലുസൈൽ സർക്യൂട്ട് പര്യടനത്തിനിടെ മന്ത്രി പറഞ്ഞു.
ലുസൈൽ സർക്യൂട്ട് അപ്ഗ്രേഡ് പ്രോജക്ട് ഉയർന്ന അന്താരാഷ്ട്ര നിലവാരത്തിനനുസരിച്ച് ആധുനിക അടിസ്ഥാന സൗകര്യങ്ങൾ നടപ്പാക്കുന്നതിലൂടെ ലോകത്തെ പ്രശസ്ത രാജ്യാന്തര ഇവന്റുകൾക്ക് ആതിഥ്യമൊരുക്കുന്നതിന് സജ്ജമാകുമെന്ന് പൊതുമരാമത്ത് അതോറിറ്റി പ്രസിഡന്റ് ഡോ. സഅദ് ബിൻ അഹമ്മദ് അൽ മുഹന്നദി പറഞ്ഞു. 40,000 കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന ഗ്രാൻഡ് സ്റ്റാൻഡുകൾ ഒരുക്കും. 10,000 കാറുകൾ ഉൾക്കൊള്ളാൻ കഴിയുംവിധം പാർക്കിങ് സൗകര്യം വികസിപ്പിക്കും. ചുറ്റുപാടുമുള്ള റോഡുകൾ വികസിപ്പിക്കുന്നതിനൊപ്പം സർക്യൂട്ടിന്റെയും അനുബന്ധ സൗകര്യങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലുസൈൽ സർക്യൂട്ട് അപ്ഗ്രേഡ് പദ്ധതി ഫോർമുല വൺ ആരാധകർക്ക് സവിശേഷമായ അനുഭവമായിരിക്കുമെന്ന് ഖത്തർ മോട്ടോർ ആൻഡ് മോട്ടോർസൈക്കിൾ ഫെഡറേഷൻ പ്രസിഡന്റ് അബ്ദുൾ റഹ്മാൻ അൽ മന്നായ് പറഞ്ഞു. ഫോർമുല വൺ സ്പ്രിന്റുകളുടെ പുതിയ പതിപ്പ് ആസ്വദിക്കാനുള്ള മികച്ച അവസരവും അതുവഴി കൈവരും. സർക്യൂട്ടിന് ചുറ്റുമുള്ള റോഡുകളുടെ വികസനം, അടിസ്ഥാന സൗകര്യ ശൃംഖലകളുടെ നിർമാണം എന്നിവക്കുപുറമേ റേസ്ട്രാക് വികസനം, കെട്ടിടങ്ങളുടെയും അനുബന്ധ സൗകര്യങ്ങളുടെയും നിർമാണം എന്നിവ ഉൾപ്പെടുന്ന മൂന്ന് ഘട്ടങ്ങളായാണ് ലുസൈൽ സർക്യൂട്ട് നവീകരണ പദ്ധതി നടപ്പാക്കുന്നത്. എല്ലാ ജോലികളും 2023 സെപ്റ്റംബറിൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
ലക്ഷം ച.മീ. വിസ്തൃതിയിൽ പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നതിനും സർക്യൂട്ടിന്റെ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുമുള്ള വിപുലമായ വികസന പ്രവർത്തനങ്ങൾ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഉൾപ്പെടുന്നു. 7500 പേർക്ക് ഇരിക്കാവുന്ന പ്രധാന ഗ്രാൻഡ് സ്റ്റാൻഡ് നവീകരിക്കൽ, സ്വീകരണ മന്ദിരം നവീകരിക്കൽ, 22700 പേർക്ക് ഇരിക്കാവുന്ന താൽക്കാലിക ഗ്രാൻഡ് സ്റ്റാൻഡുകൾ, 2700 പേർക്ക് ഇരിക്കാവുന്ന ഗെസ്റ്റ് ഗ്രാൻഡ് സ്റ്റാൻഡുകൾ, 2,100 പേർക്ക് ഇരിക്കാവുന്ന പ്രകൃതിദത്ത ഗ്രാൻഡ് സ്റ്റാൻഡ്, 5000 പേർക്ക് ഇരിക്കാവുന്ന പ്രിപറേഷൻ ബിൽഡിങ് ഗ്രാൻഡ് സ്റ്റാൻഡ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു. റേസ് കാർ പ്രിപറേഷൻ കെട്ടിടം, ഹോസ്പിറ്റാലിറ്റി കെട്ടിടം, മീഡിയ, ഹെൽത്ത് സെന്ററുകൾ, കമന്ററി, അഡ്മിനിസ്ട്രേറ്റിവ്, വി.ഐ.പി, അൽ മജ്ലിസ് എന്നിവയുൾപ്പെടെ പുതിയ പ്രധാന കെട്ടിടങ്ങളും നിർമിക്കും.
5.3 കിലോമീറ്റർ റേസ് ട്രാക് വികസനം ഉൾപ്പെടുന്നതാണ് പദ്ധതിയുടെ രണ്ടാം ഘട്ടം. അതിൽ റിപ്പിങ്, മാർക്കിങ് ജോലികൾ, പുതിയ നടപ്പാതകൾ നിർമിക്കൽ, ബാരിക്കേഡുകളും സുരക്ഷ ഉപകരണങ്ങളും സ്ഥാപിക്കൽ, സ്ക്രീനുകളും ലൈറ്റിങ് സംവിധാനങ്ങളും ഒരുക്കൽ എന്നിവയും ഉൾപ്പെടുന്നു. ലുസൈൽ സർക്യൂട്ടിന് തെക്ക്, വടക്ക് ഭാഗങ്ങളിലായി രണ്ട് ടണലുകൾ, കാൽനടക്കാർക്കായി തുരങ്കം നിർമിക്കൽ, വി.ഐ.പി ടണൽ വികസിപ്പിക്കൽ, ആരാധകർക്കായി 5,550 കാറുകൾക്കുള്ള പാർക്കിങ് സൗകര്യങ്ങൾ, 1,450 കാറുകൾ ഉൾക്കൊള്ളുന്ന വി.ഐ.പി പാർക്കിങ് എന്നിവയും പ്രവൃത്തികളിൽ ഉൾപ്പെടുന്നു.
സർക്യൂട്ടിന്റെ പ്രധാന ഗേറ്റും ചുറ്റുമുള്ള വേലികളും വികസിപ്പിക്കുന്നതിനൊപ്പം ട്രാക്കിന് ചുറ്റും സൗന്ദര്യവത്കരണ പ്രവർത്തനങ്ങളും നടത്തും. 180,000 ചതുരശ്ര മീറ്റർ പച്ചപ്പ് ഒരുക്കും. 19 കിലോമീറ്റർ ഡ്രെയിനേജ് ശൃംഖലയുടെ വികസനം, 14.6 കിലോമീറ്റർ ഭൂഗർഭജല ഡ്രെയിനേജ് ശൃംഖല, 5.9 കിലോമീറ്റർ ഡ്രെയിനേജ് ശൃംഖല, ജലസേചനത്തിന് ഉപയോഗിക്കുന്ന ആറു കിലോമീറ്റർ ടി.എസ്.ഇ നെറ്റ്വർക് എന്നിവയും ഉൾപ്പെടുന്നു. കൂടാതെ 35.6 കി.മീ വൈദ്യുതി ലൈനുകളും നവീകരിക്കും.
പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ ലുസൈൽ സർക്യൂട്ടിന് ചുറ്റുമുള്ള ഇന്റർചേഞ്ചുകളും റോഡുകളും വികസിപ്പിക്കും. 21 കിലോമീറ്റർ നീളത്തിൽ ഇന്റേറൺ റോഡുകൾ വികസിപ്പിക്കുന്നതിനൊപ്പം അവയെ പ്രധാന റോഡ് ശൃംഖലയുമായി ബന്ധിപ്പിക്കുകയും ചെയ്യും.
2021 മാർച്ചിൽ നടന്ന ഖത്തർ ഗ്രാൻഡ് പ്രീയുടെയും അതേ വർഷം ഏപ്രിലിൽ ഖത്തർ ആതിഥ്യം വഹിച്ച മോട്ടോ ജി.പി വേൾഡ് ചാമ്പ്യൻഷിപ്പിന്റെയും വിജയത്തിന് ലുസൈൽ സർക്യൂട്ട് അപ്ഗ്രേഡ് പ്രോജക്ടിന്റെ ആദ്യഘട്ടം ഏറെ സംഭാവന നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.