ദോഹ: പഴങ്ങളും പച്ചക്കറികളും പൂച്ചെടികളുമായി ഖത്തറിന്റെ കാർഷികോത്സവമായി മാറിയ ആറാമത് മഹാസീൽ ഫെസ്റ്റിന് ശനിയാഴ്ച കതാറ കൾചറൽ വില്ലേജിൽ സമാപനമാവും. രാജ്യത്തെ പ്രമുഖ ഫാമുകളിൽ നിന്നുള്ള പച്ചക്കറികൾ, മാംസം, കോഴി, പാലുൽപന്നങ്ങൾ, തേൻ, ഈത്തപ്പഴം തുടങ്ങി വൈവിധ്യമാർന്ന പ്രാദേശിക ഉൽപന്നങ്ങളാണ് ഉപഭോക്താക്കൾക്കായി മഹാസീലിൽ പ്രദർശനത്തിനും വിൽപനക്കുമായി വെച്ചത്. ശനിയാഴ്ച ഫെസ്റ്റിവൽ അവസാനിച്ചാലും മേയ് 15 വരെ എല്ലാ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായി ഉപഭോക്താക്കൾക്കായി പ്രവർത്തിക്കും. പ്രാദേശികമായി ഉൽപാദിപ്പിച്ച ഫ്രഷ് ഉൽപന്നങ്ങൾ ന്യായമായ വിലയിൽ നൽകുന്നതിനുവേണ്ടിയാണ് മേളയൊരുക്കിയത്. ഖത്തരി കാർഷിക, ഭക്ഷ്യ ഉൽപന്നങ്ങളെ പിന്തുണക്കുന്നതിന്റെ ഭാഗമായാണ് മഹാസീൽ ഫെസ്റ്റിവലെന്ന് ഫാം ഉടമകൾ പറയുന്നു. മേള ആരംഭിച്ചതിനു ശേഷം ഖത്തറിലെ വിവിധ രാജ്യങ്ങളുടെ അംബാസഡർമാരും നയതന്ത്ര പ്രതിനിധികളുമടക്കം നിരവധി ഉന്നത വ്യക്തികൾ ഇവിടം സന്ദർശിക്കുകയും ഖത്തരി കാർഷിക മേഖലയെ കുറിച്ച് അറിയാൻ ശ്രമിക്കുകയും ചെയ്തു. ദേശീയ ഉൽപന്നങ്ങളുടെ ഗുണമേന്മയെയും വൈവിധ്യത്തെയും പ്രശംസിച്ചു. പൂർണമായും പ്രകൃതിദത്ത വളങ്ങൾ ഉപയോഗിച്ച് നിർമിച്ച ഉൽപന്നങ്ങളാണെന്ന് കർഷകർ പറഞ്ഞു. ഭക്ഷ്യ ഉൽപാദന മേഖലയിലെ ദേശീയ കമ്പനികൾ, ഖത്തരി ഫാമുകൾ, നഴ്സറികൾ തുടങ്ങിയവയാണ് മേളയിൽ പങ്കെടുത്തത്. 25 പ്രദേശിക ഫാമുകളുൾപ്പെടെ 38 കമ്പനികളാണ് മേളയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.