ദോഹ: ഖത്തറിലെ പ്രവാസി മലയാളികളുടെ നോവായി മാറിയ പിഞ്ചോമന മൽഖ റൂഹിയുടെ മരുന്നിനുള്ള 1.16 കോടി റിയാൽ സമാഹരിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് ഖത്തർ കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി സലിം നാലകത്തിനെ തേടി ആ ഫോൺ വിളിയെത്തുന്നത്. ഊരും പേരുമൊന്നും വെളിപ്പെടുത്തരുത് എന്ന ഉപാധിയോടെ ഫോണിന്റെ മറുതലക്കൽ ആ മനുഷ്യസ്നേഹി പറഞ്ഞുതുടങ്ങി. മലപ്പുറം ജില്ലക്കാരനാണ് അദ്ദേഹം. മൂന്ന് പതിറ്റാണ്ട് തികയാൻ ഒരുങ്ങുകയാണ് പ്രവാസം. ദോഹയിലെ അറബ് വീട്ടിൽ ഡ്രൈവർ ജോലിയും, അതിരാവിലെ പത്രവിതരണവുമായി തീരാത്ത പ്രാരാബ്ദങ്ങൾക്കിടെ ജീവിതം രണ്ടറ്റം മുട്ടിക്കാൻ പാടുപെടുന്ന ഒരു സാധാരണ പ്രവാസി.
ഒരുകാര്യം മാത്രമായിരുന്നു ആ മനുഷ്യസ്നേഹിക്ക് ചോദിച്ചറിയാനുണ്ടായിരുന്നത്. കുടുംബ ഉത്തരവാദിത്തങ്ങളും ബാധ്യതകളും രോഗങ്ങളുമായി നീളുന്ന പ്രവാസത്തിനിടയിൽ വലിയൊരു മോഹമായ ഹജ്ജ് തീർഥാടനത്തിനായി സ്വരുക്കൂട്ടിയ തന്റെ സമ്പാദ്യം മൽഖയുടെ ചികിത്സാ ഫണ്ടിലേക്ക് നൽകാൻ ആഗ്രഹിക്കുന്നു. കെ.എം.സി.സിയുടെ ഫണ്ട് ശേഖരണത്തിൽ ഒരു വിഹിതമായി അത് സ്വീകരിക്കണം. ജീവിതത്തിൽ ഒരിക്കലെങ്കിലും ഹജ്ജ് നിർവഹിക്കണമെന്ന സ്വപ്നവുമായി കഴിഞ്ഞ മൂന്നു വർഷങ്ങളായി റിയാലുകളായി സമ്പാദിച്ച ‘പണക്കുടുക്ക’ സലിം നാലകത്തിനെ ഏൽപിച്ച്, തന്റെ പേരും നാടുമൊന്നും വെളിപ്പെടുത്തരുതെന്ന് ഒരിക്കൽകൂടി ഉറപ്പാക്കി അയാൾ ധിറുതിയിൽ മടങ്ങി.
‘ആരോഗ്യവും ആയുസ്സുമുണ്ടെങ്കിൽ എനിക്ക് ഹജ്ജ് വരും വർഷങ്ങളിൽ ചെയ്യാം. ഇപ്പോൾ ആ കുഞ്ഞു ജീവൻ രക്ഷിക്കുകയാണ് പ്രധാനമെന്ന് തോന്നുന്നു. അതിനാലാണ് പണക്കുടുക്കയിലെ സമ്പാദ്യം എത്രയുണ്ടെന്ന് പോലും നോക്കാതെ ഞാൻ കൈമാറിയത്’ -തന്റെ തീരുമാനത്തെ ആ മനുഷ്യസ്നേഹി പറഞ്ഞവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്. ‘1996ൽ ഖത്തറിൽ പ്രവാസിയായി എത്തിയതുതന്നെ അറബി വീട്ടിലെ ഡ്രൈവർ ജോലിയിലേക്കായിരുന്നു. ചെറിയ ശമ്പളത്തിൽ കുടുംബത്തിലെ എല്ലാ കാര്യങ്ങളും നിർവഹിക്കുന്നതിനിടെയാണ് 2021ലാണ് ഹജ്ജ് എന്ന സ്വപ്നത്തിലേക്ക് പണം മാറ്റിവെച്ചു തുടങ്ങുന്നത്. നിത്യ ചെലവുകളും മറ്റും കഴിഞ്ഞു വരുന്ന ഏതാനും റിയാലുകൾ ഓരോ മാസവും പണക്കുടുക്കയിൽ നിക്ഷേപിച്ച് സൂക്ഷിക്കും. ഇതിനിടെ രണ്ടുവർഷം മുമ്പ് ഒരു മുഴയുടെ രൂപത്തിലെത്തിയ അസുഖം വെല്ലുവിളിയായി.
ശസ്ത്രക്രിയയും ആശുപത്രി വാസവുമായി നീണ്ട മാസങ്ങൾക്കുശേഷം ഖത്തറിൽ തിരിച്ചെത്തിയപ്പോൾ അധിക വരുമാനമായി ലഭിച്ച പത്രവിതരണം നിർത്തേണ്ടി വന്നു. എങ്കിലും ഹജ്ജിനുള്ള പണക്കുടുക്കയിലേക്ക് ഓരോ മാസവും ചില്ലറതുകകൾ നിക്ഷേപിച്ചുകൊണ്ടിരുന്നു. 2026ഓടെ ഹജ്ജിന് പോകണമെന്നായിരുന്നു സ്വപ്നം. ഇതിനിടയിലാണ് മൽഖ റൂഹിയെന്ന പിഞ്ചോമനയുടെ അസുഖ വാർത്തയറിയുന്നത്. ആ കുഞ്ഞു മുഖത്ത് ഒരുപാട് കുഞ്ഞുങ്ങളെ കണ്ടു. അവളുടെ ചികിത്സ എത്രയും വേഗം പൂർത്തിയാകണമെന്നാണ് എന്റെ ആഗ്രഹം. ഹജ്ജിന് പോകാനുള്ള കാശ് ആയിട്ടില്ലെങ്കിലും, ആ പണക്കുടക്കയിലെ തുക അവളുടെ മരുന്നെത്തിക്കാനുള്ള വിഹിതങ്ങളിൽ ഒന്നാവട്ടേ... അതുകൊണ്ടാണ് എത്രയെന്ന് പോലും നോക്കാതെ ഞാൻ കെ.എം.സി.സിക്ക് കൈമാറിയത്’ -വലതുകൈകൊണ്ട് നൽകുന്നത് ഇടതുകൈ അറിയരുതെന്ന വചനം പോലെ തന്റെ കർമത്തെയും ഒളിപ്പിച്ചുവെക്കുകയാണ് ആ മനുഷ്യസ്നേഹി.
വർഷങ്ങളായുള്ള തന്റെ സാമൂഹിക പ്രവർത്തന ജീവിതത്തിനിടെ കണ്ണുനനയിച്ച ഈ അനുഭവം പേരും ഊരും വെളിപ്പെടുത്താതെ സലീം നാലകത്ത് കഴിഞ്ഞ ദിവസം നടന്ന കൺവെൻഷനിൽ കെ.എം.സി.സി പ്രവർത്തകരോട് പങ്കുവെക്കുകയും ചെയ്തിരുന്നു. രാവിലും പകലിലും പണിയെടുത്തായിരുന്നു ആ മനുഷ്യൻ ഓരോ ചില്ലറത്തുട്ടും സമ്പാദിച്ചത്. പകലിലെ ജോലിയുടെ ക്ഷീണം മാറും മുമ്പേ അർധരാത്രിയുടെ പകുതിയിൽ പത്രവിതരണത്തിനായി പോകും. സൈക്കിൾ നീട്ടി ചവിട്ടി, ഫ്ലാറ്റുകളുടെ ഓരോ നിലകളും കയറിയിറങ്ങി മണിക്കൂറുകൾക്കകം പത്രവിതരണം പൂർത്തിയാക്കി വീട്ടിലെ ജോലിയിലേക്ക് തിരികെയെത്തും. ആഘോഷങ്ങളും ആർഭാഡങ്ങളുമെല്ലാം മാറ്റിവെച്ച്, ഹജ്ജ് എന്ന സ്വപ്നത്തിലേക്കുള്ള വഴിച്ചെലവിനായി പണമൊരുക്കുകയായിരുന്നു അയാൾ. ഇതിനിടെ, തനിക്കരികിൽ ഒരു കുഞ്ഞ്, ജീവനായി കേഴുമ്പോൾ നാടൊന്നിക്കുന്ന മഹാപ്രവാഹത്തിൽ ഹജ്ജിനെയും മാറ്റിവെച്ച് കണ്ണിചേരുന്നു ആ മനുഷ്യസ്നേഹി. ഹജ്ജിനോളം വലിയൊരു നന്മ ചെയ്യുകയാണ് ഇപ്പോൾ അയാൾ.
ടൈപ് വൺ എസ്.എം.എ ബാധിതയായ അഞ്ചു മാസക്കാരി മൽഖ റൂഹിയുടെ ചികിത്സക്കാവശ്യമായ മരുന്നിന് 1.16 കോടി റിയാൽ (26 കോടി രൂപ) ആണ് ആവശ്യം. ഖത്തർ ചാരിറ്റി നേതൃത്വത്തിൽ ഒരു മാസക്കാലമായി തുടരുന്ന ഫണ്ട് സമഹാഹരണത്തിനായി ഖത്തറിലെ മലയാളികൾ ഉൾപ്പെടെ പ്രവാസികൾ സജീവമായി ഇറങ്ങിയെങ്കിലും ലക്ഷ്യത്തിലേക്ക് ഇനിയും ദൂരമുണ്ട്. നിലവിൽ 16 ലക്ഷം റിയാൽ മാത്രമാണ് സമാഹരിക്കാനായത്. 99 ലക്ഷത്തിലേറെ തുക ഇനിയും ആവശ്യമാണ്. ഖത്തർ ചാരിറ്റി ഓൺലൈൻ ലിങ്ക് വഴി ഫണ്ട് സമാഹരണത്തിൽ പങ്കുചേരാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.