ദോഹ: എസ്.എം.എ രോഗം ബാധിച്ച്, മരുന്നിനായി കരുണവറ്റാത്ത മനുഷ്യരുടെ സഹായത്തിനായി കാത്തിരിക്കുന്ന മൽഖ റൂഹിക്ക് സഹായം നൽകിയും ലോകത്തോട് സഹായത്തിനായി അഭ്യർഥിച്ചും മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി. വെള്ളിയാഴ്ച വൈകീട്ട് അബുസിദ്ര ലുലു മാളിൽ നടന്ന ‘ടർബോ’ സിനിമയുടെ പ്രമോഷനെത്തിയപ്പോഴാണ് മൽഖ ചികിത്സയിലേക്ക് 25,000 റിയാലിന്റെ ചെക്ക് കൈമാറി പൊതുജനങ്ങളോടും ഖത്തർ ചാരിറ്റിയുടെ സഹായ പദ്ധതിയിൽ പങ്കുചേരാൻ വിശ്വനടൻ ആഹ്വാനം ചെയ്തത്. ഖത്തർ ചാരിറ്റി പ്രതിനിധി ഫൈസൽ റാഷിദ് അൽ ഫെഹൈദ മമ്മൂട്ടിയിൽ നിന്നും തുക ഏറ്റുവാങ്ങി. അഞ്ചു മാസം മാത്രം പ്രായമുള്ള മല്‍ഖ റൂഹിയുടെ ചികിത്സക്കായി എല്ലാവരും സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പാലക്കാട് മേപ്പറമ്പ് സ്വദേശികളായ രിസാലിന്റെയും നിഹാലയുടെയും മകളായ മല്‍ഖയുടെ ചികിത്സക്ക് 26 കോടിയോളം രൂപയാണ് വേണ്ടത്. ഖത്തര്‍ ചാരിറ്റിയുടെ നേതൃത്വത്തില്‍ തുക കണ്ടെത്തുന്നതിനുള്ള ഊര്‍ജിതശ്രമത്തിലാണ് ഇന്ത്യന്‍ സമൂഹം. വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ വ്യാപകമായ കാമ്പയിന് തുടരുകയാണ്. ചികിത്സക്കാവശ്യമായ തുകയുടെ 22 ശതമാനം മാത്രമേ ഇതുവരെ സമാഹരിക്കാനായിട്ടുള്ളൂ. അബു സിദ്രമാളിൽ നടന്ന സിനിമ പ്രമോഷൻ പരിപാടിക്ക് സാക്ഷിയായി ആയിരങ്ങളെത്തി. സിനിമ പിന്നണി പ്രവർത്തകർ, ട്രൂത്ത് ഗ്രൂപ് ചെയർമാൻ അബ്ദുൽ സമദ്, ലുലു ഗ്രൂപ് ഡയറക്ടർ മുഹമ്മദ് അൽത്താഫ്, ഖത്തർ റീജനൽ ഡയറക്ടർ ഷൈജൻ ഉൾപ്പെടെ പ്രമുഖർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.