ദോഹ: കോവിഡിന്റെ മൂഡോഫ് മാറ്റി, സജീവമാവുന്ന ഖത്തറിലെ മലയാളികൾക്ക് ആവേശമായി സൂപ്പർ സ്റ്റാർ മമ്മൂക്കയെത്തി. നീണ്ട കാലത്തെ ഇടവേളക്കു ശേഷം ഖത്തറിന്റെ മണ്ണിലിറങ്ങിയ താരം, സിനിമ വിശേഷങ്ങളും തമാശകളും പങ്കുവെച്ച് ആരാധകർക്കിടയിൽ ഏതാനും മണിക്കൂർ അവരിൽ ഒരാളായി. അമൽ നീരദ് സംവിധാനം ചെയ്ത തന്റെ പുതിയ ചിത്രമായ 'ഭീഷ്മ പർവ്വം'സിനിമയുടെ പ്രചാരണങ്ങളുടെ ഭാഗമായാണ് മമ്മൂട്ടി ദോഹയിലെത്തിയത്. സിനിമ പ്രേമികളിൽനിന്നും മികച്ച അഭിപ്രായം നേടി മുന്നേറുന്ന ചിത്രത്തിന്റെ അണിയറ വിശേഷങ്ങളും, നടനെന്ന നിലയിലെ അനുഭവങ്ങളും, സിനിമയിലെ പുതുസംഭവങ്ങളും ഖത്തറിന്റെ ഫുട്ബാൾ വിശേഷങ്ങളുമെല്ലാം പങ്കുവെച്ചായിരുന്നു സൂപ്പർ താരം ഒരു ദിവസത്തെ സന്ദർശനം പൂർത്തിയാക്കി മടങ്ങിയത്.
ചടങ്ങിൽ ഓവർസീസ് ഡിസ്ട്രിബ്യൂട്ടർ ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ചെയർമാൻ അബ്ദുൽ സമദ്, റേഡിയോ മലയാളം സി.ഇ.ഒ അൻവർ ഹുസൈൻ, മാർക്കറ്റിങ് ഹെഡ് നൗഫൽ അബ്ദുൽറഹ്മാൻ, ട്രൂത്ത് ഗ്ലോബൽ റീജനൽ മാനേജർ ആർ.ജെ. സൂരജ് എന്നിവർ പങ്കെടുത്തു.
ആരാധകരുടെ സ്നേഹമാണ് സമ്പാദ്യം
സിനിമ കാണുകയും ആർത്തലക്കുകയും പിന്തുണക്കുകയും ചെയ്യുന്ന വലിയൊരു വിഭാഗത്തെ ആരാധകർ ഒരു സത്യമാണ്. അവരെ കാണാനോ, അവർക്കെന്തെങ്കിലും ചെയ്യാനോ എനിക്ക് കഴിഞ്ഞിട്ടില്ല. സിനിമയിൽ അഭിനയിക്കുന്നതല്ലാതെ അവർക്കായൊന്നും ഞാൻ ചെയ്യുന്നില്ല. എന്നിട്ടും അവർ നൽകുന്ന സ്നേഹം മഹാഭാഗ്യമാണ്. ആ സ്നേഹമാണ് ഏറ്റവും വലിയ സ്വത്തും ധനവും സമ്പാദ്യവുമെല്ലാം.
ആസൂത്രിതമായ ഡീഗ്രേഡിങ് ഇല്ല
മാധ്യമങ്ങൾ എല്ലാകാലത്തുമുണ്ട്. ആദ്യകാലങ്ങളിൽ പത്രങ്ങളും പിന്നെ ടി.വികളുമായി. ഇപ്പോൾ സമൂഹ മാധ്യമങ്ങളും സജീവമാണ്. കാണുന്ന സിനിമയെ കുറിച്ച് അഭിപ്രായം പറയാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ, ദുഷ്ചിന്തകളോടെയാവരുത് വിമർശനം. അനാവശ്യമായ വിമർശനം, ഉന്നയിക്കുന്നവർ തന്നെ തിരിച്ചറിഞ്ഞ് അവസാനിപ്പിക്കുന്നതാണ് നല്ലത്. അതേസമയം, ആസൂത്രിതമായി ഏതെങ്കിലും സിനിമകളെ മോശമായി ചിത്രീകരിക്കുന്നതായി തോന്നുന്നില്ല.
ലോകകപ്പിന് ഞാനും വരും
ഞാനൊരു ഫുട്ബാൾ പ്രേമിയാണ്. കളി കാണാനും ആസ്വദിക്കാനും ഇഷ്ടപ്പെടുന്നു. ഞാൻ ഫുട്ബാൾ തട്ടിയിട്ട് പോലുമില്ല. പക്ഷേ, കളി എനിക്കിഷ്ടമാണ്. qനവംബറിൽ ആരംഭിക്കുന്ന ലോകകപ്പിന്റെ 28 ദിവസം ആഘോഷമായിരിക്കും. റഷ്യയിലും ലാറ്റിനമേരിക്കയിലുമെല്ലാം പോയി ലോകകപ്പ് കാണുന്ന മലയാളികൾക്ക് ഏറ്റവും അരികിലായി കളികാണാനുള്ള അവസരമാണിത്. ഒരു പാട് മലയാളികൾ വരും, ചിലപ്പോൾ ഞാനും ലോകകപ്പ് കാണാനെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.