ദോഹ: അർബുദരോഗത്തോട് പൊരുതുന്ന കുരുന്നുകൾക്ക് സാന്ത്വനവുമായി സൂപ്പർ താരങ്ങളെത്തി. സിദ്ര മെഡിസിന്‍റെ കുട്ടികളുടെ ക്യാൻസർ സെന്‍ററിലായിരുന്നു ലയണൽ മെസ്സിയും, സെർജിയോ റാമോസും, പ്രസ്നൽ കിംപെംബെയും, ഡാനിലോ പെരേരയും, ഇദ്രിസ ഗ്വയേയും ഉൾപ്പെടെയുള്ള പി.എസ്.ജിയുടെ സൂപ്പർതാരങ്ങളെത്തിയത്.
ടെലിവിഷൻ സ്ക്രീനിൽ മിന്നിത്തിളങ്ങുന്ന ഇഷ്ടതാരങ്ങൾ അരികിലെത്തിയപ്പോൾ കുട്ടികൾക്കും സന്തോഷമായി. അവർക്കൊപ്പം ചിത്രമെടുത്തും താരങ്ങൾ ഒപ്പിട്ട ജഴ്സി സമ്മാനിച്ചുമെല്ലാം ഏതാനും സമയം കൂടികാഴ്ച ആവേശഭരിതമായി. കിഡ്സ് കാൻസർ സെന്‍ററിൽ ചികിത്സയിൽ കഴിയുന്ന 20ഓളം കുട്ടികളുമായാണ് താരങ്ങൾ കൂടികാഴ്ച നടത്തിയത്.
പി.എസ്.ജിയുടെ സ്പോൺസർമാരിൽ ഒരാളായ ഖത്തർ നാഷണൽ ബാങ്കിന്‍റെ നേതൃത്വത്തിലായിരുന്നു ടീം അംഗങ്ങളുടെ ആശുപത്രി സന്ദറശനം.
രോഗാവസ്ഥയിലുള്ള കുരുന്നുകൾക്ക് അവർ ഏറെ ഇഷ്ടപ്പെടുന്ന താരങ്ങളുമായി കൂടികാഴ്ചക്ക് അവസരം ഒരുക്കാൻ കഴിഞ്ഞതിൽ ക്യൂ.എൻ.ബി ഗ്രൂപ്പ് കമ്യൂണിക്കേഷൻസ് ജനറൽ മാനേജർ ഹിബ അൽ തമിമി പറഞ്ഞു. അവർ ഏറെ കരുതലും ശ്രദ്ധയും അർഹിക്കുന്നവരാണ്. -അവർ പറഞ്ഞു. പി.എസ്.ജിയുടെ പ്രീമിയം പാട്ണർമാർ കൂടിയാണ് ക്യൂ.എൻ.ബി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.