ദോഹ: ഈദ് അവധിയുടെ നാല് ദിവസങ്ങളിൽ ദോഹ മെട്രോയും ലുസൈൽ ട്രാമും വഴി സഞ്ചരിച്ചത് റെക്കോഡ് യാത്രക്കാർ. ജൂൺ 28 മുതൽ ജൂലൈ ഒന്നുവരെ പെരുന്നാളവധിയും ആഘോഷങ്ങളും നടന്ന ദിനങ്ങളിൽ 6.33 ലക്ഷം പേരാണ് സഞ്ചരിച്ചതെന്ന് ഖത്തർ റെയിൽ ട്വിറ്ററിൽ പങ്കുവെച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 633,375 പേർ നാലു ദിവസം കൊണ്ട് ദോഹ മെട്രോ, ലുസൈൽ ട്രാം സർവിസ് വിനിയോഗിച്ചതായി അധികൃതർ അറിയിച്ചു.
ഏറ്റവും സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാ മാർഗമായി തിരക്കുള്ള ദിവസങ്ങളിൽ ദോഹ മെട്രോയെ തിരഞ്ഞെടുത്ത യാത്രക്കാർക്ക് അധികൃതർ നന്ദിയും അറിയിച്ചു. ദോഹ മെട്രോയില്‍ മാത്രം 6,13,120 പേരും ലുസൈൽ ട്രാമില്‍ 20,255 പേരുമാണ് യാത്ര ചെയ്തത്. ഷോപ്പിങ് മാളുകള്‍, പാര്‍ക്കുകള്‍, മറ്റ് വിനോദ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ ഈദ് ആഘോഷത്തില്‍ പങ്കെടുക്കാന്‍ യാത്ര ചെയ്തവരുടെ കണക്കാണിത്.
അവധിദിനങ്ങളില്‍ പ്രധാന വിനോദ, സാംസ്കാരിക കേന്ദ്രങ്ങളിലേക്ക് യാത്രചെയ്യാന്‍ ജനങ്ങളില്‍ ഭൂരിഭാഗം പേരും തിരഞ്ഞെടുക്കുന്ന പ്രധാന യാത്രാമാര്‍ഗമായി ദോഹ മെട്രോയും ലുസൈൽ ട്രാമും മാറിക്കഴിഞ്ഞു. ബുധനാഴ്ച പെരുന്നാൾ ദിനത്തിൽ വിശ്വാസികൾക്ക് നമസ്കാരത്തിനായി ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചേരുന്നതിന് ദോഹ മെട്രോ സർവിസ് പുലർച്ച 4.30 മുതൽ ആരംഭിച്ചിരുന്നു.
അഞ്ചു മണിക്കായിരുന്നു ഖത്തറിൽ എല്ലായിടത്തും നമസ്കാരം നടന്നത്. എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിലേക്കും ഏറെ പേരും ആശ്രയിച്ചത് മെട്രോ സർവിസായിരുന്നു. ഏപ്രിലിലെ ചെറിയ പെരുന്നാൾ അവധിദിനങ്ങളില്‍ 17,28,394 പേരായിരുന്നു മെട്രോയിലും ട്രാമിലുമായി യാത്രചെയ്തത്.
സ്കൂള്‍ മധ്യവേനല്‍ അവധിയെ തുടര്‍ന്ന് ഭൂരിഭാഗം പ്രവാസികുടുംബങ്ങളും അവധിയാഘോഷത്തിന് രാജ്യത്തിന് പുറത്തുപോയതിനെ തുടര്‍ന്നാണ് ഇത്തവണ യാത്രക്കാരുടെ എണ്ണംകുറഞ്ഞത്. എങ്കിലും പെരുന്നാളിനുപിന്നാലെ, ലുസൈൽ, കതാറ, കോർണിഷ്, മിഷൈരിബ് തുടങ്ങിയ പ്രധാന ആഘോഷവേദികളിലേക്കും വിനോദ കേന്ദ്രങ്ങളിലേക്കുമുള്ള യാത്രക്ക് മെട്രോ ആശ്വാസമായി.
തലസ്ഥാന നഗരമായ ദോഹക്കുള്ളിലെ പ്രധാന കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ചാണ് ദോഹ മെട്രോയുടെ സർവിസ്. ലുസൈൽ സിറ്റിക്കുള്ളിലെ കാഴ്ചകള്‍ കാണാൻ ലുസൈൽ ട്രാമിന്റെ സേവനവുമുണ്ട്. മെട്രോ യാത്രക്കാര്‍ക്കായി മെട്രോ സ്റ്റേഷനുകളുടെ നാല് കിലോമീറ്റര്‍ പരിധിക്കുള്ളില്‍ സൗജന്യ മെട്രോ ലിങ്ക് ബസുകളും സർവിസ് നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.