ദോഹ: കഴിഞ്ഞ നാലുവർഷത്തിനുള്ളിൽ ഖത്തറും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ വലിയ വികാസമാണുണ്ടായിരിക്കുന്നതെന്നും ഖത്തർ-അമേരിക്ക ബന്ധത്തെ പ്രശംസിക്കുന്നതായും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ. കഴിഞ്ഞദിവസം ഔദ്യോഗിക സന്ദർശനത്തോടനുബന്ധിച്ച് ഖത്തറിലെത്തിയ അദ്ദേഹം 'അൽ റായ്'ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു. അഫ്ഗാനിസ്ഥാനിൽ സമാധാനം സ്ഥാപിക്കുന്നതിൽ ഖത്തറിെൻറ പങ്ക് നിർണായകമാണ്. അഫ്ഗാൻ വിഷയത്തിൽ ഖത്തറിെൻറ നിലപാടുകളെ അഭിനന്ദിക്കുകയാണെന്നും മൈക് പോംപിയോ പറഞ്ഞു.ഖത്തറും അമേരിക്കയും തമ്മിലുള്ള ഊഷ്മളമായ നയതന്ത്ര സൗഹൃദ ബന്ധം ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്ക് ഒരുപോലെ ഉപകാരപ്രദമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗൾഫ് പ്രതിസന്ധിക്ക് പരിഹാരം കാണുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. മേഖലയിൽ കൂടുതൽ സമാധാനവും സ്ഥിരതയും കൈവരിക്കുന്നതിന് എല്ലാ കക്ഷികളുമായും ചർച്ച നടത്തുകയും കഠിനമായി പരിശ്രമിക്കുകയും ചെയ്യുന്നുണ്ടെന്നും പോംപിയോ വ്യക്തമാക്കി. ഖത്തറിനും ഉപരോധ രാജ്യങ്ങൾക്കുമിടയിലുള്ള വ്യോമപാത തുറക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ അതത് രാജ്യങ്ങൾക്ക് വിടുകയാണ്. എല്ലാ കക്ഷികളും പൊതു നിലപാടിലെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ അമേരിക്കയും ഖത്തറും തമ്മിലുള്ള പങ്കാളിത്തം ചൂണ്ടിക്കാട്ടിയ പോംപിയോ, ഇക്കാര്യത്തിൽ എല്ലാ രാജ്യങ്ങളുടെയും സഹകരണം അമേരിക്ക ആവശ്യപ്പെടുന്നുണ്ടെന്നും വ്യക്തമാക്കി.അഫ്ഗാൻ സമാധാന ചർച്ചകൾക്ക് വേദിയൊരുക്കുക മാത്രമല്ല, വളരെ ക്രിയാത്മകമായ രീതികളിലൂടെ സമാധാന ചർച്ചകളെ സമീപിക്കാനും ഖത്തറിനായെന്നും വിജയകരമായ പര്യവസാനത്തിന് ഇത് തുണയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദോഹയുടെ മധ്യസ്ഥതയിൽ ഇതിനോടകം നിരവധി ചർച്ചകളാണ് അഫ്ഗാനിൽ സമാധാനം പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്നത്. താലിബാൻ, അഫ്ഗാൻ സർക്കാർ, അമേരിക്ക കക്ഷികളുമായാണ് വിവിധ ഘട്ടങ്ങളിലായുള്ള ചർച്ചകൾ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.