ദോഹ: തൊഴിലാളികൾക്ക് മിനിമം വേതനം ഉറപ്പാക്കിക്കൊണ്ട് ഇറക്കിയ പുതിയ തൊഴിൽ നിയമം ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് വലിയ ശിക്ഷ. നിയമലംഘകർക്ക് 10,000 റിയാൽ പിഴയും ഒരു വർഷം വരെ തടവും ലഭിക്കും. ഭരണനിർവഹണ വികസന തൊഴിൽ സാമൂഹിക മന്ത്രാലയത്തിലെ തൊഴിൽ പരിശോധന വിഭാഗം മേധാവി ഫഹദ് അൽ ദോസരിയാണ് ഇക്കാര്യം പുറത്തുവിട്ടത്. നേരത്തേ നിയമലംഘകർക്ക് 6000 റിയാൽ പിഴയും ഒരു മാസം വരെ തടവുമായിരുന്നു ശിക്ഷ.
പ്രത്യേകം നിയോഗിക്കപ്പെട്ട സമിതിയും ഗവേഷണ കേന്ദ്രങ്ങളും ചേർന്ന് നടത്തിയ പഠനങ്ങൾക്കൊടുവിലാണ് രാജ്യത്തെ വിദേശ തൊഴിലാളികൾക്ക് മിനിമം വേതനം ഉറപ്പാക്കുന്ന നിയമം തയാറാക്കിയതെന്നും അൽദോസരി വ്യക്തമാക്കി.നിയമപ്രകാരം അടിസ്ഥാന വേതനം 1000 റിയാലാണ്. ന്യായമായ താമസ സൗകര്യവും ഭക്ഷണവും നൽകുന്നില്ലെങ്കിൽ ഹൗസിങ് അലവൻസ് ഇനത്തിൽ 500 റിയാലും ഭക്ഷണ അലവൻസായി 300 റിയാലും നൽകണം.വിദഗ്ധ തൊഴിലാളികളെ രാജ്യത്തേക്കാകർഷിക്കുകയും സാമ്പത്തികനില ഉയർത്തുകയും സ്ഥാപനങ്ങളുടെ ഉൽപാദനക്ഷമത ഉയർത്തുകയുമാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആറുമാസം പിന്നിടുന്നതോടെ നിയമം പ്രാബല്യത്തിൽ വരും. നിലവിൽ മിനിമം വേതനത്തിൽ കൂടുതൽ ലഭിക്കുന്നവരെ പ്രസ്തുത നിയമം ബാധിക്കുകയില്ല. നിയമം പ്രാബല്യത്തിലാകുന്നതിനു മുമ്പ് തൊഴിലാളികൾക്ക് മിനിമം വേതനം നൽകുന്നുണ്ടെങ്കിൽ തൊഴിലുടമകൾ അതിൽ മാറ്റം വരുത്തണമെന്ന് നിയമം അനുശാസിക്കുന്നു. മിനിമം വേതനം കാലാനുസൃതമായി പുതുക്കുന്നതിനും അവലോകനം ചെയ്യുന്നതിനുമായി മിനിമം വേജ് കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്യും. മിഡിലീസ്റ്റിൽ ഇത്തരം നിയമം നടപ്പാക്കുന്ന ആദ്യരാജ്യമാണ് ഖത്തർ.ഖത്തർ നടപ്പാക്കിയ പുതിയ തൊഴിൽ നിയമപരിഷ്കരണം അന്താരാഷ്ട്ര തലത്തിൽതന്നെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
കഴിഞ്ഞ ദിവസം അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയാണ് പുതിയ തൊഴിൽ നിയമം അംഗീകരിച്ച് ഉത്തരവിറക്കിയത്. നിയമപ്രകാരം എൻ.ഒ.സി ഇല്ലാതെതന്നെ തൊഴിലാളിക്ക് തൊഴിൽമാറാൻ കഴിയും. ഇതു തൊഴിലാളിക്കും തൊഴിലുടമക്കും ഏറെ നല്ലതാണെന്ന് വിലയിരുത്തപ്പെടുന്നു. നിലവിലുള്ള തൊഴിൽ കരാർ കഴിയുന്നതിനു മുമ്പുതന്നെ തൊഴിൽ ഉടമയുടെ എൻ.ഒ.സി ഇല്ലാതെതന്നെ ജോലി മാറാൻ കഴിയും. എന്നാൽ, ഇത് നിബന്ധനകൾക്ക് വിധേയമാണ്. നിയമം നടപ്പിലാകുന്നതോടെ എൻ.ഒ.സി സമ്പ്രദായം പൂർണമായും എടുത്തുകളയും. എന്നാൽ, വിവിധ ജോലികളുടെ സ്വഭാവമനുസരിച്ചാണ് എൻ.ഒ.സി എടുത്തുകളയുന്ന പ്രക്രിയ നടപ്പാക്കുന്നത്. തൊഴിൽ വിപണിയിൽ പുതിയ ഉണർവ് വരുത്താൻ തൊഴിൽ പരിഷ്കരണത്തിന് സാധിക്കും. തൊഴിലാളിക്ക് മികച്ച തൊഴിൽ കണ്ടെത്തുന്നതിനും തൊഴിലുടമകൾക്ക് കഴിയും. കഴിവും പ്രാപ്തിയുമുള്ള ഉദ്യോഗാർഥികളെ തേടുന്നതിനും ഇതു സഹായകമാകും. എൻ.ഒ.സിയുമായി ബന്ധപ്പെട്ട് തൊഴിൽമന്ത്രാലയം വിശദാംശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.