ദോഹ: ഇസ്രായേൽ ആക്രമണങ്ങളിൽ ഉറ്റവരെ നഷ്ടമായവർക്കും പരിക്കേറ്റവർക്കും സാന്ത്വനം പകർന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതിറിന്റെ സന്ദർശനം. ശനിയാഴ്ച തെക്കൻ ഗസ്സയിലെ മാനുഷിക സഹായ പ്രവർത്തനങ്ങൾക്ക് ഏകോപനം നടത്താനായെത്തിയ മന്ത്രി, തിങ്കളാഴ്ച ഈജിപ്തിലെ അൽ അരിഷ് ജനറൽ ആശുപത്രിയിലുമെത്തി. ഈജിപ്ഷ്യൻ ആരോഗ്യ മന്ത്രി ഖാലിദ് അബ്ദുൽ ഗഫാർ, ഫലസ്തീൻ ആരോഗ്യമന്ത്രി ഡോ. മായ് അൽ ഖൈല എന്നിവർക്കൊപ്പമായിരുന്നു റഫ അതിർത്തിയോട് ചേർന്നുള്ള അൽ അരിഷിലെ ആശുപത്രിയിലെത്തിയത്. പരിക്കേറ്റവരെ സന്ദർശിച്ച് ആരോഗ്യ വിവരങ്ങൾ ചോദിച്ചറിഞ്ഞ മന്ത്രി, ചികിത്സാ സൗകര്യങ്ങളും വിലയിരുത്തി. ഖത്തറിന്റെ ഐക്യദാർഢ്യവും പിന്തുണയും വാഗ്ദാനം ചെയ്ത മന്ത്രി, ചികിത്സക്ക് ആവശ്യമായ മരുന്നുകളും ഉപകരണങ്ങളും ഉൾപ്പെടെ എല്ലാവിധ സഹായങ്ങളും ഫലസ്തീൻ ജനതക്ക് ഉറപ്പുനൽകി. ഗസ്സയിലെയും പുറത്തെയും ജനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുമെന്നും പറഞ്ഞു.
27 വിമാനങ്ങൾ; 910 ടൺ ദുരിതാശ്വാസ വസ്തുക്കൾ
ദോഹ: ഒക്ടോബർ ഏഴുമുതൽ ഇതുവരെയായി ഖത്തർ ഗസ്സയിലെത്തിച്ചത് 27 വിമാനങ്ങളിലായി 910 ടൺ ദുരിതാശ്വാസ വസ്തുക്കൾ. ഞായർ, തിങ്കൾ ദിവസങ്ങളിലായി പത്തു വിമാനങ്ങളിൽ ദുരിതാശ്വാസ വസ്തുക്കൾ എത്തിച്ചതിനു പിന്നാലെ, ചൊവ്വാഴ്ചയും ദോഹയിൽനിന്നും ഈജിപ്തിലെ അൽ അരിഷിലേക്ക് മാനുഷിക സഹായവുമായി വിമാനമെത്തി. മരുന്നും ആശുപത്രി ഉപകരണങ്ങളും വഹിച്ചുള്ള സായുധ സേനയുടെ ഒരു വിമാനമാണ് അവസാനമായി പറന്നത്. 31 ടൺ ദുരിതാശ്വാസ വസ്തുക്കളാണ് എത്തിച്ചത്. ഇതോടെ ഖത്തറിൽ നിന്നും 27 വിമാനങ്ങളിലായി 910 ടൺ വിഭവങ്ങൾ ഗസ്സയിലെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.