ദോഹ: ഖത്തറിൽ ആരാധനക്കായി പള്ളികളിൽ പോകുമ്പോൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ പുറത്തിറക്കി ഔഖാഫ് മന്ത്രാലയം. ഒമ്പത് നിർദേശങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ മന്ത്രാലയം പങ്കുവെച്ചത്. പ്രാർഥനക്കായി പള്ളികളിലേക്ക് വരുന്നവർ ഉചിതമായ വസ്ത്രം ധരിക്കണം. വൃത്തിയില്ലാത്തതോ അലസമായ രീതിയിലോ വസ്ത്രങ്ങൾ ധരിക്കരുത്. വ്യക്തി ശുചിത്വം പാലിക്കണം. പ്രായമേറിയവർക്ക് പള്ളിയിലേക്ക് പ്രവേശിക്കുന്നതിന് തടസ്സമാകാതിരിക്കാൻ ചെരുപ്പുകൾ അനുവദിച്ച സ്ഥലത്ത് തന്നെ വെക്കണം. അംഗശുദ്ധി വരുത്തുമ്പോൾ വെള്ളം പാഴാക്കാതെ മിതമായി ഉപയോഗിക്കണം. പള്ളിക്കകത്തുള്ള ഉപകരണങ്ങൾ നശിപ്പിക്കരുത്. ഭിന്നശേഷിക്കാർക്കുള്ള സൗകര്യങ്ങളും പാർക്കിങ്ങും മറ്റുള്ളവർ ഉപയോഗിക്കരുത്. പ്രാർഥന സമയങ്ങളിൽ മാത്രം പള്ളിയോട് ചേർന്നുള്ള വാഹന പാർക്കിങ് ഏരിയ ഉപയോഗിക്കുക. മറ്റ് സമയങ്ങളിൽ പാർക്കിങ് ഏരിയ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഉപയോഗിച്ച ടിഷ്യൂകളും മാലിന്യങ്ങളും നിർദേശിച്ച സ്ഥാനത്ത് മാത്രം നിക്ഷേപിക്കുക. പള്ളികളുടെ സമീപം സ്ഥിതി ചെയ്യുന്ന വീടുകളുടെ മുന്നിൽ നിൽക്കുന്നത് ഒഴിവാക്കുക തുടങ്ങിയവയാണ് ഔഖാഫ് മന്ത്രാലയം സമൂഹമാധ്യമത്തിലൂടെ നൽകിയ നിർദേശങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.