ദോഹ: റമദാൻ മാസത്തിൽ ഭക്ഷ്യ ഉൽപന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പരിശോധനാ നടപടികൾ ശക്തമാക്കി പൊതുജനാരോഗ്യ മന്ത്രാലയം.
വ്യോമ, സമുദ്ര, കര മാർഗങ്ങളിലൂടെ വിദേശ നാടുകളിൽനിന്ന് ഖത്തറിലേക്ക് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ മേൽ നിയന്ത്രണം കർശനമാക്കിയതിന് പുറമെ പ്രാദേശിക ഭക്ഷണങ്ങൾ വിതരണം ചെയ്യുന്ന ഔട്ട്ലറ്റുകളിലും മന്ത്രാലയം പരിശോധന നടപടികൾ ഊർജിതമാക്കി.
ഉപഭോക്താക്കൾ ഏറ്റവും കൂടുതൽ എത്തുന്ന ഇടങ്ങളിലും ഹൈപ്പർ മാർക്കറ്റുകളിലും ജനപ്രിയ കിച്ചനുകളിലും കൂടാതെ അറവുശാലകളിലും ആരോഗ്യ മന്ത്രാലയത്തിന്റെ നിരീക്ഷണം ശക്തമാക്കി.
വിശുദ്ധ മാസത്തിൽ സാധ്യമായ ഏറ്റവും ഉയർന്ന ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് ജനസാന്ദ്രത കൂടിയ പ്രദേശങ്ങൾ പരിശോധന കാമ്പയിനുകളിൽ ഉൾപ്പെടുത്താനും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. അതേസമയം, രാജ്യത്തെത്തുന്ന ഭക്ഷ്യ ഉൽപന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഈ വർഷം ആദ്യപാദത്തിൽ 53,45,43,971 കിലോഗ്രാം ഉൽപന്നങ്ങൾ പരിശോധനക്ക് വിധേയമാക്കിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
സാങ്കേതിക ചട്ടങ്ങളും മാനദണ്ഡങ്ങളും ലംഘിച്ചതിനെ തുടർന്ന് 10311 കിലോഗ്രാം വസ്തുക്കൾ തിരിച്ചയച്ചു.
ഇക്കാലയളവിൽ ഖത്തറിലേക്കുള്ള ഭക്ഷ്യ ഉൽപന്നങ്ങളുടെ ഇറക്കുമതി വർധിച്ചതിനാൽ, പരിശോധന ശക്തമാക്കുന്നതിനും കൃത്യസമയത്തിനുള്ളിൽ പൂർത്തിയാക്കുന്നതിനുമായി തുറമുഖങ്ങളിൽ പരിശോധന ശക്തമാക്കി.
എല്ലാ തുറമുഖങ്ങളിലും ആരോഗ്യ മന്ത്രാലയത്തിന്റെ പ്രത്യേക സംഘം ഷിഫ്റ്റ് സംവിധാനത്തിലൂടെ 24 മണിക്കൂറും പ്രവർത്തിക്കുന്നു.
ഇതുവഴി വേഗത്തിലും സുഗമമായും പരിശോധനയും ചരക്ക് നീക്കവും ഉറപ്പാക്കുകയും ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.