ദോഹ: സൈബർ ലോകത്തെ തട്ടിപ്പിനെതിരെ ജാഗ്രത നിർദേശവുമായി ആഭ്യന്തര മന്ത്രാലയം. വ്യാജ സന്ദേശങ്ങളും ഫോൺവിളികളുമായി നടത്തുന്ന തട്ടിപ്പിൽ വീഴരുതെന്നും ഇത്തരം ശ്രമങ്ങളിൽനിന്ന് സുരക്ഷിതരായിരിക്കാൻ ജാഗ്രത പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ഓർമപ്പെടുത്തി. സൈബർ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനുള്ള നിർദേശങ്ങളും ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു.
വ്യക്തിയുടെ ഉപകരണം സൈബർ ഭീഷണിയിലാണെന്ന് അറിയിക്കുന്ന നിരവധി സൂചനകൾ ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു. ഇന്റർനെറ്റ് ഉപയോഗവും വിവിധ ആപ്ലിക്കേഷനുകളുടെ കൈകാര്യവും സജീവമാകുമ്പോൾ അറിയാതെ തട്ടിപ്പിനിരയാവാനുള്ള സാഹചര്യം മനസ്സിലാക്കണമെന്ന് മുന്നറിയിപ്പ് നൽകുന്നു.
മൊബൈൽ ഫോണും കമ്പ്യൂട്ടറും ഉൾപ്പെടെ ഉപകരണങ്ങൾ ഹാക്ക് ചെയ്യപ്പെടാനുള്ള സാഹചര്യങ്ങൾ സൂക്ഷിക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു. അനധികൃത ലോഗിനുകൾ പോലുള്ള തട്ടിപ്പുകൾ മൊബൈൽ ആപ്ലിക്കേഷനുകൾ വഴി നടക്കാനിടയുണ്ട്. പതിവിലും വേഗത്തിൽ ബാറ്ററി തീർന്നുപോകുന്നത് സൈബർ ഹാക്ക് പ്രവർത്തനങ്ങളുടെ സൂചനയാണ്. ഉപയോഗത്തിലിരിക്കുന്ന സമയം ഉപകരണത്തിന്റെ കാര്യക്ഷമത പെട്ടെന്ന് കുറയുന്നതും അപകടത്തിലാണെന്ന സൂചനയാണ് നൽകുന്നത്.
അധികം ഉപയോഗിക്കാതെയും ഒരു കാരണമില്ലാതെയും സ്മാർട്ട് ഫോൺ അമിതമായി ചൂടാകുമ്പോൾ ഉണ്ടായേക്കാവുന്ന സൈബർ ആക്രമണങ്ങളെക്കുറിച്ച് വ്യക്തികൾ അറിഞ്ഞിരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. പൗരന്മാരും താമസക്കാരും ഇത്തരം അനുഭവങ്ങളിൽ കരുതിയിരിക്കണമെന്നും ഉപയോക്താവിന്റെ അനുമതിയില്ലാതെ ഉപകരണത്തിന്റെ ക്രമീകരണങ്ങളിൽ മാറ്റങ്ങൾ വരുത്തുമ്പോഴും സൈബർ ഹാക്കുകൾ സംഭവിക്കുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. സൈബർ സുരക്ഷയിലെ ആഗോള ഭീമനായ ട്രെൻഡ് മൈക്രോയുടെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഒരു വർഷത്തിനിടെ 23 ദശലക്ഷം സൈബർ സുരക്ഷ ഭീഷണികളാണ് ഖത്തർ തടഞ്ഞത്.
41 ലക്ഷത്തിലധികം അപകടകരമായ ഇ-മെയിലുകളും എട്ടു ദശലക്ഷത്തോളം മാൽവെയർ ആക്രമണങ്ങളും ഇക്കാലയളവിൽ കണ്ടെത്തിയതായും രാജ്യത്ത് 51 ദശലക്ഷം ആഭ്യന്തരവും വൈദേശികവുമായ സൈബർ ആക്രമണങ്ങളെ ട്രെൻഡ് മൈക്രോ തടഞ്ഞതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
2023ന്റെ ആദ്യ പാദത്തിൽ സൈബർ ആക്രമണങ്ങളെക്കുറിച്ചും അതിന്റെ അപകട സാധ്യതകളുമായി ബന്ധപ്പെട്ടും ആഭ്യന്തര മന്ത്രാലയം പ്രത്യേക പരിപാടി സംഘടിപ്പിച്ചിരുന്നു. സൈബർ കുറ്റകൃത്യങ്ങളുടെ അനന്തരഫലങ്ങളും നിയമനടപടികൾ സംബന്ധിച്ചും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കുറ്റകൃത്യങ്ങളുടെ സ്വഭാവമനുസരിച്ച് 2014ലെ 14ാം നമ്പർ നിയമപ്രകാരം തടവും പിഴയുമടക്കമുള്ള ശിക്ഷകളാണ് സൈബർ കുറ്റവാളികൾക്ക് ലഭിക്കുക.
മൊബൈൽ ഫോൺ വഴി ഇംഗ്ലീഷിലും ഹിന്ദിയിലും അറബിയിലുമായി എത്തുന്ന സന്ദേശങ്ങളോട് പ്രതികരിക്കുംമുമ്പ് രണ്ടു തവണ ആലോചിക്കുക. ഒരു കാരണവശാലും ഒ.ടി.പി നമ്പറുകൾ ആരുമായും പങ്കുവെക്കരുത്. ഒ.ടി.പി, എ.ടി.എം വിശദാംശങ്ങൾ, പിൻ നമ്പർ എന്നിവ ആവശ്യപ്പെട്ട് ബാങ്കിൽ നിന്നെന്ന് പറഞ്ഞുള്ള ഫോൺ സന്ദേശത്തിനും മറുപടി നൽകരുത്. ലാഭം നൽകാം, മികച്ച സമ്മാനങ്ങൾ കാത്തിരിക്കുന്നു തുടങ്ങിയ തെറ്റായ വാഗ്ദാനങ്ങൾ നൽകി ലഭിക്കുന്ന സന്ദേശങ്ങളിലെ ലിങ്കുകൾ തുറക്കരുതെന്ന് വിവിധ ബാങ്കുകൾ തന്നെ ഉപഭോക്താക്കളെ എസ്.എം.എസ് സന്ദേശങ്ങളിലൂടെ ആവർത്തിച്ച് ഓർമപ്പെടുത്തുന്നുണ്ട്. ഇത്തരം തട്ടിപ്പുകൾക്ക് ഇരയായുള്ള നഷ്ടത്തിന് മറ്റാരും ഉത്തരവാദികളായിരിക്കില്ലെന്നും ബാങ്കുകൾ ഉപഭോക്താക്കളെ ബോധ്യപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.