ഭക്ഷണം പാഴാക്കാതിരിക്കാം

ദോഹ: ഭക്ഷണം പാഴാക്കുന്നത് തടയാനുള്ള ശ്രമങ്ങൾ ഊർജിതമാക്കുന്നതിന്‍റെ ഭാഗമായി ദേശീയ ഭക്ഷ്യ മാലിന്യ ബേസ്ലൈൻ വികസിപ്പിക്കാനൊരുങ്ങി മുനിസിപ്പാലിറ്റി മന്ത്രാലയം. ഭക്ഷണം പാഴാക്കുന്നത് സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ ബോധവത്കരണം ശക്തമാക്കുകയും കൃത്യമായ നയം രൂപവത്കരിക്കുകയുമെന്ന ലക്ഷ്യംവെച്ച് ഐക്യരാഷ്ട്രസഭ പരിസ്ഥിതി പ്രോഗ്രാമു(യു.എൻ.ഇ.പി)മായി സഹകരിച്ച് ദേശീയ ഭക്ഷ്യ മാലിന്യ ബേസ്ലൈൻ രൂപപ്പെടുത്തുന്നതിന്‍റെ മുന്നോടിയായുള്ള പ്രാഥമിക ഘട്ട സർവേ പൂർത്തിയായതായി മന്ത്രാലയം അറിയിച്ചു.

ഭക്ഷ്യമാലിന്യം ഇല്ലാതാക്കാനും ഭക്ഷണം പാഴാക്കാതെ തിരിച്ചെടുക്കാനുമായുള്ള പ്രവർത്തനങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച കൃത്യമായ വിവരങ്ങൾ അറിയാൻ ദേശീയ ഭക്ഷ്യ മാലിന്യ ബേസ്ലൈൻ സഹായിക്കും. ഫെബ്രുവരി 28 മുതൽ മാർച്ച് 31 വരെ നടത്തിയ ആദ്യഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി പൊതു ശുചിത്വ വകുപ്പിന്‍റെയും മാലിന്യ പുനഃചംക്രമണ, സംസ്കരണ വകുപ്പിന്‍റെയും സഹകരണത്തോടെ ഭക്ഷ്യാവശിഷ്ടങ്ങൾ വീടകങ്ങളിൽ തന്നെ തരംതിരിച്ച് ശേഖരിച്ചതായി മുനിസിപ്പാലിറ്റി മന്ത്രാലയം ട്വീറ്റ് ചെയ്തു. ഇതിന്‍റെ രണ്ടാംഘട്ടം റമദാനിന്‍റെ തുടക്കത്തിൽ ആരംഭിച്ചിട്ടുണ്ട്. രാജ്യത്ത് ഭക്ഷ്യാവശിഷ്ടങ്ങൾ കുറക്കാനും പാഴാക്കിക്കളയുന്നതിനെതിരായ ബോധവത്കരണം നടത്താനുമായി ബന്ധപ്പെട്ട അതോറിറ്റികളുമായും സ്വകാര്യ മേഖലയിൽനിന്നുള്ള പങ്കാളികളുമായും സഹകരിച്ച് മുനിസിപ്പാലിറ്റി വൈവിധ്യമാർന്ന പദ്ധതി പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നത്.

വാണിജ്യ വ്യവസായ മന്ത്രാലയവുമായി സഹകരിച്ച് ഭക്ഷ്യ ഉൽപന്നങ്ങൾ സംസ്കരിക്കുന്നതിന് ഫാക്ടറികൾ സ്ഥാപിക്കാനുള്ള അനുമതിയും മന്ത്രാലയം നൽകിയിട്ടുണ്ട്. ഉപയോഗിക്കുന്നതിന് ആരോഗ്യ പ്രശ്നങ്ങളില്ലാത്ത നിലവാരം കുറഞ്ഞ തക്കാളികൾ ഉപേക്ഷിക്കുന്നതിന് പകരം അവ സോസ് പോലെയുള്ളവ ഉൽപാദിപ്പിക്കാനുള്ള അനുമതി നൽകിയത് ഇതിന് ഉദാഹരണമാണ്. ഭക്ഷ്യമാലിന്യം കുറക്കുന്നതിൽ പ്രാദേശിക വിപണിയിലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ശേഖരണ, സംഭരണ സംവിധാനങ്ങൾ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് വിതരണക്കാരുമായി മന്ത്രാലയം ധാരണയാകുകയും ചെയ്തു.

Tags:    
News Summary - Ministry of Municipality to develop National Food Waste Baseline

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.