ദോഹ: ഖത്തറിന്റെ സമഗ്ര ആരോഗ്യ സംവിധാനത്തിന്റെ പ്രകടനം വിലയിരുത്തുന്നതിന് (എച്ച്.എസ്.പി.എ) പരിശീലന ശിൽപശാല സംഘടിപ്പിച്ച് പൊതുജനാരോഗ്യ മന്ത്രാലയം. ഇത്ഖാൻ സിമുലേഷൻ ആൻഡ് ട്രെയിനിങ് സെന്ററിൽ നടന്ന ശിൽപശാലയിൽ ആശുപത്രി മേധാവികൾ, ക്ലിനിക്കൽ മാനേജർമാർ, ക്വാളിറ്റി മാനേജർമാർ, പെർഫോമൻസ് ഇംപ്രൂവ്മെന്റ് കോഡിനേറ്റർമാർ, ബയോസ്റ്റാറ്റിസ്റ്റിഷ്യന്മാർ, എപ്പിഡെമിയോളജിസ്റ്റുകൾ എന്നിവരുൾപ്പെടെ രാജ്യത്തെ സർക്കാർ, സ്വകാര്യ ആശുപത്രികൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, ഡയഗ്നോസ്റ്റിക്-ട്രീറ്റ്മെന്റ് സെന്ററുകൾ, പോളി ക്ലിനിക്കുകൾ തുടങ്ങി 200ലധികം വരുന്ന സ്ഥാപനങ്ങളിൽ നിന്നുള്ള 600ഓളം പേർ പങ്കെടുത്തു.എച്ച്.എസ്.പി.എ-2ന്റെ ഔദ്യോഗിക ലോഞ്ചിങ്ങിന്റെ മുന്നോടിയായാണ് ശിൽപശാല സംഘടിപ്പിച്ചതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഖത്തറിലെ ആരോഗ്യ സംവിധാനത്തിന്റെ പ്രകടനം ഫലപ്രദമായി വിലയിരുത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി പങ്കെടുത്തവർക്ക് ആവശ്യമായ വൈദഗ്ധ്യവും അറിവും നൽകുകയെന്നതായിരുന്നു ശിൽപശലായുടെ ലക്ഷ്യമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ആരോഗ്യ സംവിധാനത്തിന്റെ ഫലപ്രാപ്തി, കാര്യക്ഷമത, സുരക്ഷ, സംയോജിത പരിചരണത്തിന്റെ നിലവാരം തുടങ്ങിയവ വിലയിരുത്താൻ പങ്കെടുത്തവരെ പ്രാപ്തരാക്കുന്നതായിരുന്നു ശിൽപശാല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.