ദോഹ: ഖത്തറിലെ ഭരണനിർവഹണ വികസന തൊഴിൽ സാമൂഹിക മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന കവാദിർ പ്ലാറ്റ്ഫോം വഴി ഇതുവരെ 1400 പേർക്ക് തൊഴിൽ ലഭിച്ചു. സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യം മുൻനിർത്തി 2020ലാണ് തൊഴിൽ മന്ത്രാലയം നാഷനൽ എംപ്ലോയ്മെൻറ് പ്ലാറ്റ്ഫോമായ കവാദിർ ഒാൺലൈൻ പോർട്ടൽ ആരംഭിച്ചത്.
പൊതു, സ്വകാര്യ മേഖലകളിലായി സ്വദേശികൾക്കായി 4800 തൊഴിലവസരങ്ങൾ കവാദിർ വെബ്പോർട്ടലിലൂടെ പരസ്യപ്പെടുത്തിയിരുന്നു. സ്വകാര്യ മേഖലയിലെ കമ്പനികളിൽ 60 ശതമാനം തൊഴിലുകളും സ്വദേശികൾക്ക് സംവരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടും മാനവശേഷി വികസന വകുപ്പുകളിൽ 80 ശതമാനം തൊഴിലുകളും സ്വദേശികൾക്ക് നൽകാനും നിർദേശിക്കുന്ന കരട് നിയമത്തിന് നേരത്തെ അംഗീകാരം നൽകുകയും ചെയ്തിരുന്നു.
രാജ്യത്തെ തൊഴിൽ വിപണിയിൽ സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റ് യോഗ്യതയുള്ളവർക്കുള്ള ടെക്നിക്കൽ തൊഴിലുകൾ മന്ത്രാലയം അടുത്തുതന്നെ പ്രഖ്യാപിക്കുമെന്ന് മന്ത്രാലയത്തിലെ ദേശീയ മാനവശേഷി വികസന വിഭാഗം മേധാവി അബ്ദുൽ അസീസ് ഹസൻ ഇബ്റാഹിം പറഞ്ഞു.
പൊതു, സ്വകാര്യ മേഖലകളിൽ തൊഴിൽ നേടുന്നതിന് സ്പെഷ്യലൈസേഷൻ ആവശ്യമുണ്ട്. ഇത് സംബന്ധിച്ച് കൂടുതൽ വിശദീകരണം ഉടൻതന്നെ മന്ത്രാലയം പുറത്തുവിടുമെന്നും അബ്ദുൽ അസീസ് ഇബ്റാഹിം കൂട്ടിച്ചേർത്തു. ഖത്തർ ടി.വിയിൽ ഗബ്ഖ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്യോഗാർഥികൾക്ക് തങ്ങളുടെ യോഗ്യതക്കനുസരിച്ച് തൊഴിൽ കണ്ടെത്തുന്നതിനുള്ള എല്ലാ സൗകര്യവും കവാദിർ ഒാൺലൈൻ പോർട്ടലിലുണ്ട്.
തൊഴിൽ തേടുന്ന സ്വദേശികൾക്ക് തങ്ങളുടെ യോഗ്യതകൾക്കും പരിചയത്തിനുമനുസരിച്ചുള്ള തൊഴിൽ തെരഞ്ഞെടുക്കാനുള്ള അവസരമാണ് കവാദിർ. നിലവിൽ സർക്കാർ, സ്വകാര്യ മേഖലകളിലായി 4800 ജോലികളാണ് സ്വദേശികളെ കാത്തിരിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്. സ്വകാര്യ മേഖലയിലെ കമ്പനികളിൽ 60 ശതമാനം തൊഴിലുകളും ഖത്തരികൾക്ക് സംവരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടും മാനവശേഷിവികസന വകുപ്പുകളിൽ 80 ശതമാനം ജോലികളും സ്വദേശികൾക്ക് നൽകാനും നിർദേശിക്കുന്ന കരട് നിയമത്തിന് മന്ത്രിസഭ ഈയടുത്ത് അംഗീകാരം നൽകിയിരുന്നു.
രാജ്യത്തെ വിവിധ സെക്ടറുകളിലും പുതിയ മേഖലകളിലും കൂടുതൽ ഖത്തരികളെ നിയമിക്കാനുള്ള നടപടികൾ ഊർജിതമാണ്. സ്വകാര്യ മേഖലയിലേക്കും സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതിയിലാണ് തൊഴിൽ മന്ത്രാലയം. നിലവിൽ സ്വകാര്യമേഖലയിൽ 60 ശതമാനത്തോളമാണ് ഖത്തരി നിരക്ക്. സ്വകാര്യ മേഖലയിൽ കൂടുതൽ ഖത്തരികളെ ആകർഷിക്കുന്നതിനായി മിനിമം വേതനം സംവിധാനവും രൂപവത്കരിക്കാനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.
സർക്കാർ ഒഴിവുകൾ ഖത്തരികൾക്ക് മാത്രമാക്കുന്നതിനായുള്ള നടപടികൾ നേരത്തേതന്നെ ഉൗർജിതമാണ്. സർക്കാർ ഒഴിവുകളിൽ ജോലി കാത്തിരിക്കുന്ന ഖത്തരികൾതന്നെ നിയമിക്കപ്പെടുന്നു എന്ന് ഉറപ്പാക്കുകയാണ് ചെയ്യുന്നത്.
സ്വദേശിവത്കരണത്തിെൻറ ഭാഗമായി 2018ൽ വിവിധ മേഖലകളിൽ നിയമിച്ചത് 3,777 ഖത്തരികളെയാണ്. 3,255 ഖത്തരികൾക്ക് സർക്കാർ മേഖലയിലും 522 പേർക്ക് സർക്കാർ-സ്വകാര്യ സംയുക്ത മേഖലയിലുമാണ് ജോലി ലഭിച്ചത്.
ഇതിൽ 1209 പേർ പുരുഷൻമാരും 2568 പേർ വനിതകളുമാണ്. സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് ഭരണവികസന തൊഴിൽ സാമൂഹിക മന്ത്രാലയം ഈയടുത്ത് നാഷനൽ എംപ്ലോയ്മെൻറ് പ്ലാറ്റ്ഫോമായ 'കവാദിർ' ഒാൺലൈൻ പോർട്ടൽ തുറന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.